മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ നിലവില്‍ കിരീട സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യയാണ്. ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. നാല് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് മത്സരങ്ങള്‍ക്കൂടി നേടിയാല്‍ ഇന്ത്യക്ക് സെമിയില്‍ സീറ്റ് നേടാനാവും. 2019ലേതിന് സമാനമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ കുതിക്കുന്നത്. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
എന്നാല്‍ സെമിയോടടുക്കവെ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ്. കാലിന് പരിക്കേറ്റ ഹാര്‍ദിക്കിന് ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമായേക്കുമെന്നാണ് വിവരം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുബ്രമണ്യ ബദരിനാഥ്.
2019ലെ ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ച ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് ബദരിനാഥ് മുന്നോട്ട് വെക്കുന്നത്. 'രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണ്. പദ്ധതികളില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുന്നുണ്ട്. താരങ്ങളെയെല്ലാം പിന്തുണച്ച് മുന്നോട്ട് പോകുന്നു. ശാര്‍ദ്ദുല്‍ ടാക്കൂറില്‍ രോഹിത് വലിയ വിശ്വാസം അര്‍പ്പിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യ അടുത്ത മത്സരങ്ങള്‍ക്ക് ഉണ്ടായേക്കില്ല.
ശാര്‍ദ്ദുല്‍ നന്നായി കളിക്കുന്നുണ്ട്. കുല്‍ദീപ് യാദവ് രോഹിത്തിന് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. താരങ്ങളും നായകനും തമ്മില്‍ മികച്ച ബന്ധമാണ് ഇന്ത്യന്‍ ടീമിലുള്ളത്. രോഹിത് മുന്നില്‍ നിന്ന് നയിക്കുന്നു. തുടക്കം മുതല്‍ പോസിറ്റീവായി കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവം വലിയ നഷ്ടമാണ്. ഇന്ത്യന്‍ ടീമിന് സംതുലിതാവസ്ഥ നല്‍കുന്നത് ഹാര്‍ദിക്കാണ്.

അവന് പകരം ഷമി, അശ്വിന്‍ എന്നിവരില്‍ ആരെ കളിപ്പിച്ചാലും പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല. 10 ഓവര്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളറെയാണ് ആവശ്യം.' സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെ ബദരിനാഥ് പറഞ്ഞു. ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം കഴിഞ്ഞ മത്സരങ്ങളിലെല്ലാം നിര്‍ണ്ണായകമായിരുന്നു. ന്യൂസീലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ മധ്യനിര നിര്‍ണ്ണായകമായത്. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിരയുടെ കരുത്തിനെ അത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 'ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ നന്നായി കളിക്കുമ്പോള്‍ ഇത് വലിയ പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ഇക്കാര്യം വലിയ തലവേദനയായേക്കില്ല. എന്നാല്‍ 2019ലെ അതേ അവസ്ഥ ഇന്ത്യക്ക് സംഭവിക്കുമോയെന്ന ആശങ്കയും എനിക്കുണ്ട്'-ബദരിനാഥ് കൂട്ടിച്ചേര്‍ത്തു.
2019ലെ ലോകകപ്പില്‍ രോഹിത് ശര്‍മയായിരുന്നു റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. ഇത്തവണയും രോഹിത്തിന്റെ കുതിപ്പാണ് കാണുന്നത്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ സെമി കളിക്കാനാണ് സാധ്യത. ഇവരില്‍ ആരെ എതിരാളികളായി ലഭിച്ചാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ന്യൂസീലന്‍ഡിനെയും ഓസീസിനെയും ഇന്ത്യ തോല്‍പ്പിച്ചു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം വരാനിരിക്കുന്നു.
ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ഹാര്‍ദിക് പുറത്തായാല്‍ പകരം ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവെത്തും. ശാര്‍ദ്ദുല്‍ ടാക്കൂറിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ താരത്തെ പുറത്തിരുത്തി ഇന്ത്യ മുഹമ്മദ് ഷമിയെത്തന്നെ കളിപ്പിച്ചേക്കും. ബുംറ, സിറാജ്, ഷമി പേസ് കൂട്ടുകെട്ട് കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. ഇംഗ്ലണ്ടിനെതിരായ മത്സരം ലഖ്‌നൗവിലാണ്. സ്പിന്നിന് മുന്‍തൂക്കമുള്ളത് വിലയിരുത്തി ഇന്ത്യ അശ്വിനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
അവസാന രണ്ട് ലോകകപ്പ് നേടിയതും ആതിഥേയരാണ്. ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പും പ്രതീക്ഷ നല്‍കുന്നതാണ്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.