ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ സൂപ്പര്‍ താരം ബാബര്‍ ആസമിനു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ പ്രതീക്ഷകളോടെ ലോകകപ്പിനെത്തിയ പാകിസ്താന്‍ ടീം ടൂര്‍ണമെന്റില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. ഒരു സമയത്തു കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയായിരുന്ന പാക് പട ഇപ്പോള്‍ സെമി ഫൈനലില്‍ കടക്കുമോയെന്ന കാര്യം പോലും സംശയത്തിലാണ്.
അഞ്ചു മസരങ്ങളില്‍ രണ്ടു ജയം മാത്രമുള്ള ബാബറും സംഘവും മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. നാലു പോയിന്റ് മാത്രമുള്ള പാകിസ്താന്‍ നിലവില്‍ അഞ്ചാംസ്ഥാനത്താണ്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവരെ ഇനി സെമിയില്‍ കാണാന്‍ സാധിക്കുകയുള്ളൂ. തുടരെ രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് പാക് ടീം ഫ്‌ളോപ്പായിരിക്കുന്നത്. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും അവര്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും പാകിസ്താനെ നയിച്ചുകൊണ്ടിരിക്കുന്നത് ബാബറാണ്. എന്നാല്‍ ലോകകപ്പിനു ശേഷം അദ്ദേഹത്തെ മാറ്റി സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ചാണ് പാകിസ്താന്‍ ആലോചിക്കുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേരാണ് ബാബറിന്റെ പകരക്കാരനായി നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഒരാള്‍ മുന്‍ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദാണ്. മറ്റു രണ്ടു പേര്‍ നിലവില്‍ ടീമിന്റെ വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്വാന്‍, സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി എന്നിവരുമാണ്.
ഏകദിനം, ടെസ്റ്റ് എന്നിവയില്‍ സര്‍ഫറാസ്, റിസ്വാന്‍ എന്നിവരിലൊരാളെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ചാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്. ടി20യില്‍ ഷഹീനെയും നായകസ്ഥാനം ഏല്‍പ്പിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെ നയിക്കുക ഷഹീനായിരിക്കും. നേരത്തേ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കിരീടമുയര്‍ത്തി കഴിവ് തെളിയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
ലോകകപ്പില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അഫ്ഗാനിസ്താനെതിരേ തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ പാക് ടീമിനേറ്റ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കിയത്. പൊരുതാന്‍ പോലുമാവാതെയായിരുന്നു പാകിസ്താന്‍ ഈ മല്‍സരത്തില്‍ വന്‍ പരാജയത്തിലേക്കു വീണത്. ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരേ നേരത്തേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബോക്‌സിനു പുറത്തേക്കു ചിന്തിക്കാത്ത നായകനെന്നായിരുന്നു അദ്ദേഹത്തെ പലരും വിമര്‍ശിച്ചത്.

മോശം ക്യാപ്റ്റന്‍സി മാത്രമല്ല പാക് ടീമില്‍ ഭിന്നിപ്പുണ്ടാക്കാനും ബാബര്‍ കാരണക്കാരനായെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏഷ്യാ കപ്പിനിടെ തന്നെ പാക് ടീമിലെ പടലപ്പിണക്കങ്ങള്‍ പുറത്തുവന്നിരുന്നു. വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാനുള്‍പ്പെടെയുള്ളവര്‍ ബാബറിനെതിരേ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ലോകകപ്പിനു മുമ്പ് പിസിബി ഇടപെട്ട് ഈ ഭിന്നതകള്‍ പരിഹരിച്ച് ടീമിനെ ഇന്ത്യയിലേക്കു അയക്കുകയായിരുന്നു.
പക്ഷെ ലോകകപ്പിലെ വന്‍ വീഴ്ചയോടെ പാക് ടീമിനകത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമായിരിക്കുകയാണെന്നാണ് സൂചനകള്‍. ബാബറിനു പാക് ടീമിനു മേല്‍ നിയന്ത്രണമില്ലെന്നും പല താരങ്ങളുമായും അദ്ദേഹം അത്ര നല്ല രസത്തിലല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പ്രധാന കാരണവും ഇതു തന്നെയാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ബാബറിനെ മാറ്റുകയല്ലാകെ പാകിസ്താന് മുന്നില്‍ മറ്റു ഓപ്ഷനുകളുമില്ല.
എന്നാല്‍ ലോകകപ്പില്‍ പാകിസ്താന്‍ ടീം സെമി ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ബാബറിനെ നായകസ്ഥാനത്തു നിലനിര്‍ത്തിയേക്കുമെന്ന് പിസിബിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷെ പാക് ടീം സെമിയിലെത്തിയാലും അദ്ദേഹത്തിനു ക്യാപ്റ്റന്റെ റോളില്‍ അധികം തുടരാന്‍ സാധിക്കുമെന്നു യാതൊരു ഉറപ്പുമില്ല. പാകിസ്താന്‍ ടീം സെമി ഫൈനലില്‍ കളിച്ചാലും ലോകകപ്പിനു ശേഷം വൈറ്റ് ബോള്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ബാബറിനെ മാറ്റാന്‍ തന്നെയാണ് നീക്കമെന്നാണ് വ്യക്തമാവുന്നത്.