ലോകകപ്പില്‍ ഇത്തവണത്തെ ആദ്യ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരിക്കുകയാണ് ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും പാകിസ്താന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസം. അസോസിയേറ്റ് രാജ്യമായ നെതര്‍ലാന്‍ഡ്സിനെതിരേ വലിയൊരു സെഞ്ച്വറിയായിരുന്നു ആരാധകര്‍ ഉറപ്പിച്ചിരുന്നത്. പക്ഷെ രണ്ടക്കം പോലും തികയ്ക്കാനാവാതെ ബാബര്‍ ക്രീസ് വിടുകയായിരുന്നു. 18 ബോളില്‍ ഫോറോ, സിക്‌സറോയില്ലാതെ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
ഇതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ബാബര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹം എങ്ങനെ ഐസിസി ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്ററായി മാറിയെന്നതാണ് ആരാധകരുടെ ചോദ്യം. ഏകദിനത്തിലെ കഴിഞ്ഞ 14 മാസത്തെ കണക്കുകളെടുക്കുകയാണെങ്കില്‍ ബാബറിന്റെ പ്രകടനം ശരാശരിക്കും താഴെയാണെന്നു കാണാന്‍ സാധിക്കും.

14 മാസത്തിനിടെ രാജ്യത്തിനു പുറത്തു ബാബര്‍ കളിച്ചിട്ടുള്ളത് 29 ഇന്നിങ്‌സുകളാണ്. ഇവയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയാവട്ടെ വെറും 21 മാത്രമാണ്. ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും ബാബറിന്റെ സമ്പാദ്യം 630 റണ്‍സാണ്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. നാലു ഫിഫ്റ്റികള്‍ മാത്രമാണ് ഈ കാലയളവില്‍ ബാബര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഈ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഐസിസി റാങ്കിങില്‍ ബാബര്‍ എങ്ങനെ ഒന്നാം നമ്പറിലെത്തി എന്നതിലാണ് ആരാധകര്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
നെതര്‍ലാന്‍ഡ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാകിസ്താന്റെ തുടക്കം പാളിയിരുന്നു. മോശം ഫോമില്‍ തുടരുന്ന ഫഖര്‍ സമാന്‍ ഈ കളിയിലും ഫ്‌ളോപ്പായി. നാലാം ഓവറിലെ നാലാമത്തെ ബോളില്‍ 12 റണ്‍സെടുത്ത അദ്ദേഹം പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് ബാബര്‍ ക്രീസിലെത്തിയത്. തുടക്കം മുതല്‍ റണ്ണെടുക്കാന്‍ അദ്ദേഹം വിഷമിക്കുന്നതാണ് കണ്ടത്.

ഡച്ച് ടീമിന്റെ മികച്ച പേസ്, സ്പിന്‍ ബൗളിങിനു മുന്നില്‍ ബാബര്‍ ശരിക്കും വിയര്‍ത്തു. ഒടുവില്‍ ഒമ്പതാം ഓവറില്‍ അദ്ദേഹം വിക്കറ്റും നഷ്ടപ്പെടുത്തി. ഓഫ് സ്പിന്നറായ കോളിന്‍ ആക്കെര്‍മാനാണ് തന്റെ ആദ്യ ഓവറില്‍ പാക് നായകന്റെ വിലപ്പെട്ട വിക്കറ്റ് പോക്കറ്റിലാക്കിയത്. ഓവറിലെ മൂന്നാമത്തെ ബോളിലാണ് ബാബര്‍ വീണത്.
ലെഗ് സൈഡിലേക്കു ഒരു പുള്‍ ഷോട്ടിനായിരുന്നു അദ്ദേഹം ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാനായില്ല. ദുര്‍ബലായ ഷോട്ട് ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്ത സാക്വിബ് സുല്‍ഫിക്കറിന്റെ കൈകളിലേക്കാണ് വന്നത്. താരം അതു അനായാസം പിടിയിലൊതുക്കുകയും ചെയ്തു. അല്‍പ്പസമയം ഞെട്ടലോടെ നിന്ന ശേഷം ബാബര്‍ നിരാശനായി ഗ്രൗണ്ട് വിടുകയുമായിരുന്നു.
അതേസമയം, തുടക്കം പാളിയ ശേഷം പാകിസ്താന്‍ ഭേദപ്പെട്ട സ്‌കോറിലേക്കു നീങ്ങുകയാണ്. 42 ഓവറുകള്‍ പിന്നിടുമ്പോള്‍ അവര്‍ ആറു വിക്കറ്റിനു 240 റണ്‍സെന്ന നിലയിലാണ്. മുഹമ്മദ് റിസ്വാന്റെയും സൗദ് ഷക്കീലിന്റെയും ഫിഫ്റ്റികളാണ് പാക് ടീമിനെ രക്ഷിച്ചത്. ഇരുവരും 68 റണ്‍സ് വീതം നേടി പുറത്താവുകയായിരുന്നു. സൗദ് 52 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ റിസ്വാന്‍ 75 ബോളില്‍ എട്ടു ഫോറുകളടിച്ചു.
പ്ലെയിങ് ഇലന്‍
പാകിസ്താന്‍- ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്.
നെതര്‍ലാന്‍ഡ്‌സ്- വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, ബാസ് ഡി ലിഡി, തേജ നിദാമനുരു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍), സാഖിബ് സുല്‍ഫിഖര്‍, ലോഗന്‍ വാന്‍ ബീക്ക്, റോയ്‌ലോഫ് വാന്‍ ഡെര്‍ മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീക്കെറന്‍.