ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടം നാളെ നടക്കാനിരിക്കെ പഴയൊരു പ്രവചനം വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. ലോകകപ്പിന്റെ ഫൈനലിനെക്കുറിച്ച് ഓസീസിന്റെ വമ്പനടിക്കാരനായ ബാറ്ററും ഓൾറൗണ്ടറുമായ മിച്ചെല്‍ മാര്‍ഷ് മുമ്പ് നടത്തിയ പ്രവചനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനോടു ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് പകലും രാത്രിയുമായി ഇന്ത്യ- ഓസ്‌ട്രേലിയ കിരീടപ്പോരാട്ടം നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ അപരാജിതരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. തുടര്‍ച്ചയായി 10 മല്‍സരങ്ങളാണ് രോഹിത് ശര്‍മയും സംഘവും ജയിച്ചത്. മറുഭാഗത്തു ആദ്യത്തെ രണ്ടു കളിയും തോറ്റു കൊണ്ടു തുടങ്ങിയ ഓസീസ് പിന്നീട് തുടരെ എട്ടു മല്‍സരങ്ങളില്‍ ജയിച്ച് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഓപ്പണിങ് ബാറ്റര്‍ കൂടിയായിരുന്നു മാര്‍ഷ്. ഈ ടൂര്‍ണമെന്റിനിടെയായിരുന്നു ലോകകപ്പിന്റെ ഫൈനലിനെക്കുറിച്ച് അദ്ദേഹം രസകരമായ പ്രവചനം നടത്തിയത്. ഫൈനലില്‍ ഇന്ത്യയെ 385 റണ്‍സിനു തകര്‍ത്ത് ഓസ്‌ട്രേലിയ ജേതാക്കളാവുമെന്നായിരുന്നു മാര്‍ഷ് പ്രവചിച്ചത്.
ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 450 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്നും മറുപടിയില്‍ ഇന്ത്യ വെറും 65 റണ്‍സിനു പുറത്താവുമെന്നും മാര്‍ഷ് പ്രവചിക്കുകയായിരുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ ലോകകപ്പിന്റെ ഫൈനലില്‍ മുഖാമുഖം വന്നതോടെയാണ് മാര്‍ഷ് മുമ്പ് നടത്തിയ പ്രവചനം വീണ്ടും ചിലര്‍ കുത്തിപ്പൊക്കിയത്. ഇതു വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു. ഇന്ത്യന്‍ ആരാധകര്‍ രോഷത്തോടെയും പരിഹാസത്തോടെയുമായിരുന്നു ഇതിനോടു പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പലരും മാര്‍ഷിനെ ട്രോളുകയും ചെയ്തിട്ടുണ്ട്.
ചില സമയങ്ങളില്‍ പ്രവചനങ്ങള്‍ നേരെ തിരിച്ചായിരിക്കേും സംഭവിക്കുന്നത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെടുക്കാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത് ഓസ്‌ട്രേലിയയെ 65 റണ്‍സിനു ഓള്‍ഔട്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. മിച്ചെല്‍ മാര്‍ഷിന്റെ പ്രവചനം വെറും പകല്‍ക്കിനാവ് മാത്രമാണെന്നായിരുന്നു ചില ആരാധകരുടെ പ്രതികരണം.

അതേസമയം, ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഒരിക്കല്‍ മാത്രമേ നേരത്തേ മുഖാമുഖം വന്നിട്ടുള്ളൂ. 2003ല്‍ സൗത്താഫ്രിക്ക വേദിയായ ടൂര്‍ണമെന്റിലായിരുന്നു ഇത്. അന്നു ഇന്ത്യയെ നയിച്ചത് മുന്‍ ഇതിഹാസം സൗരവ് ഗാംഗുലിയായിരുന്നെങ്കില്‍ ഓസീസ് ക്യാപ്റ്റന്‍ മറ്റൊരു ഇതിഹാസമായ റിക്കി പോണ്ടിങുമായിരുന്നു. ദാദയെയും സംഘത്തെയും 125 റണ്‍സിനു തകര്‍ത്ത് ഏകപക്ഷീയമായ ജയത്തോടെയാണ് ഓസീസ് ലോകകപ്പുയര്‍ത്തിയത്.
ഫൈനലില്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഗാംഗുലിയുടെ തീരുമാനം വലിയ മണ്ടത്തരമായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ 359 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ മല്‍സരവും കിരീടവും ഇന്ത്യയില്‍ നിന്നു കൈവിട്ടുപോയിരുന്നു.
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച പോണ്ടിങ് 140 റണ്‍സുമായി ഓസീസിന്റെ ഹീറോയായി മാറി. റണ്‍ചേസില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് വെറും 234 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അന്നത്തെ കനത്ത പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്.