അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. 33 റണ്‍സിനാണ് ഓസീസ് വിജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 286 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 48.1 ഓവറില്‍ 253 റണ്‍സില്‍ അവസാനിച്ചു. ആറാം തോല്‍വിയോടെ ഇംഗ്ലണ്ട് ഔദ്യോഗികമായി പുറത്തായി. അഞ്ചാം ജയത്തോടെ ഓസീസ് മൂന്നാം സ്ഥാനത്തുണ്ട്. 10 പോയിന്റുള്ള ഓസ്‌ട്രേലിയ ഏറെക്കുറെ സെമി ഉറപ്പിച്ചെന്ന് പറയാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ട്രവിസ് ഹെഡിനെ ഓസീസിന് നഷ്ടമായി. 10 പന്തില്‍ 11 റണ്‍സെടുത്ത ഹെഡിനെ ക്രിസ് വോക്‌സ് ജോ റൂട്ടിന്റെ കൈയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ ഡേവിഡ് വാര്‍ണറും (15) പുറത്തായി. 16 പന്ത് നേരിട്ട് ഓരോ സിക്‌സും ഫോറും പറത്തിയ വാര്‍ണറെയും വോക്‌സാണ് മടക്കിയത്.
വലിയ തകര്‍ച്ച ഓസീസ് മുന്നില്‍ക്കണ്ടെങ്കിലും മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും (44) മാര്‍നസ് ലബ്യുഷെയ്‌നും (71) ചേര്‍ന്ന് ഓസീസിന് അടിത്തറ പാകി. 52 പന്ത് നേരിട്ട് 3 ബൗണ്ടറിയടക്കം നേടിയ സ്മിത്തിനെ ആദില്‍ റഷീദ് പുറത്താക്കുമ്പോള്‍ 75 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസ് (3) നിരാശപ്പെടുത്തി മടങ്ങി. ആദില്‍ റഷീദിനെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരം മോയിന്‍ അലിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.
ഒരുവശത്ത് മികച്ച ഷോട്ടുകളോടെ മുന്നേറിയ ലബ്യുഷെയ്‌ന്റെ പോരാട്ടം മാര്‍ക്ക് വുഡ് അവസാനിപ്പിച്ചു. 7 ബൗണ്ടറി നേടിയ താരത്തെ വുഡ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. കാമറൂണ്‍ ഗ്രീന്‍ മധ്യനിരയില്‍ മികച്ച പ്രകടനം നടത്തി. 52 പന്ത് നേരിട്ട താരം 5 ബൗണ്ടറി ഉള്‍പ്പെടെ 47 റണ്‍സാണ് നേടിയത്.
ഡേവിഡ് വില്ലിക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് ഗ്രീനിന്റെ മടക്കം. മാര്‍ക്കസ് സ്റ്റോയിണിസ് 32 പന്തില്‍ 35 റണ്‍സുമായി പുറത്തായി. 3 ഫോറും 2 സിക്‌സുമാണ് സ്‌റ്റോയിണിസ് നേടിയത്. നായകന്‍ പാറ്റ് കമ്മിന്‍സ് (10) കാര്യമായൊന്നും ചെയ്യാതെ പുറത്തായി.

മിച്ചല്‍ സ്റ്റാര്‍ക്ക് 10 റണ്‍സെടുത്ത് മടങ്ങി. ആദം സാംബ 19 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ നിര്‍ണ്ണായകമായ 29 റണ്‍സ് നേടി. ജോഷ് ഹെയ്‌സല്‍വുഡ് (1*) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും മാര്‍ക്ക് വുഡ് രണ്ടും ഡേവിഡ് വില്ലി, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ പന്തില്‍ത്തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കി. അധികം വൈകാതെ ജോ റൂട്ടിനെയും (13) സ്റ്റാര്‍ക്ക് മടക്കി അയച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡേവിഡ് മലാനും (50) ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് പൊരുതി. 64 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ മലാനെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്.
നായകന്‍ ജോസ് ബട്‌ലര്‍ (1) മോശം ഫോമില്‍ തുടരുകയാണ്. ആദം സാംബയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച ബട്‌ലര്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 90 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയ സ്റ്റോക്‌സിനെ ആദം സാംബ പുറത്താക്കിയത് വഴിത്തിരിവായി. ലിയാം ലിവിങ്സ്റ്റണ്‍ (2) പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി.
മോയിന്‍ അലിയെ (42) ആദം സാംബ പുറത്താക്കിയപ്പോള്‍ ഡേവിഡ് വില്ലിയെ (15) ജോഷ് ഹെയ്‌സല്‍വുഡും മടക്കി.ക്രിസ് വോക്‌സ് (32) പൊരുതി നോക്കിയെങ്കിലും സ്‌റ്റോയിണിസിന് മുന്നില്‍ വീണു. ആദില്‍ റഷീദിനെ (20) പുറത്താക്കി ഹെയ്‌സല്‍വുഡാണ് ഇംഗ്ലണ്ട് പോരാട്ടം അവസാനിപ്പിച്ചത്.
ഇതോടെ 48.1 ഓവറില്‍ 253 റണ്‍സില്‍ ഇംഗ്ലണ്ട് ഒതുങ്ങി. ആദം സാംബ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിണിസ് ഒരു വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11: ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രെവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്
ഇംഗ്ലണ്ട്- ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (c), മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്