മുംബൈ: ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വീരോചിത ബാറ്റിങ് കരുത്തില്‍ അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റിന് 291 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 19 പന്തും മൂന്ന് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയത്.
91 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ഓസീസിനെ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും (201*) പാറ്റ് കമ്മിന്‍സിന്റെയും (12*) കൂട്ടുകെട്ടാണ് വിജയത്തിലേക്കെത്തിച്ചത്. 128 പന്ത് നേരിട്ട് 21 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് മാക്‌സ് വെല്‍ കസറിയത്. കമ്മിന്‍സ് 8 പന്ത് നേരിട്ട് 12 റണ്‍സ് നേടിയാണ് മാക്‌സ് വെല്ലിന് പിന്തുണ നല്‍കിയത്. മുംബൈയില്‍ ഇത്രയും റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത് ഇതാദ്യമായാണ്.
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദി ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരത്തില്‍ മോശമല്ലാത്ത തുടക്കം അഫ്ഗാന് ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം റഹ്‌മാനുല്ല ഗുര്‍ബാസിനെ അഫ്ഗാന് നഷ്ടമായി. 25 പന്തില്‍ 21 റണ്‍സെടുത്ത ഗുര്‍ബാസിനെ ജോഷ് ഹെയ്‌സല്‍വുഡാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും (129*) റഹ്‌മത്ത് ഷായും (30) ചേര്‍ന്ന് അഫ്ഗാന് അടിത്തറ പാകി.
സ്‌കോര്‍ബോര്‍ഡ് 121ല്‍ നില്‍ക്കവെ റഹ്‌മത്ത് ഷായെ പുറത്താക്കി ഗ്ലെന്‍ മാക്‌സ് വെല്‍ കൂട്ടുകെട്ട് പൊളിച്ചു. സിക്‌സറിന് ശ്രമിച്ച റഹ്‌മത്ത് ഷായെ ജോഷ് ഹെയ്‌സല്‍വുഡ് കൈയിലൊതുക്കുകയായിരുന്നു. നായകന്‍ ഹഷ്മത്തുല്ല ഷാഹിദി (26) നിര്‍ണ്ണായക റണ്‍സ് നേടി. 43 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയടക്കം നേടിയ അഫ്ഗാന്‍ നായകനെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഒരുവശത്ത് ഇബ്രാഹിം സദ്രാന്‍ റണ്‍സുയര്‍ത്തി.
അസ്മത്തുല്ല ഒമര്‍സായി (22) അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആദം സാംബക്ക് വിക്കറ്റ് നല്‍കി മടങ്ങി. 18 പന്തില്‍ 1 ഫോറും 2 സിക്‌സുമാണ് താരം പറത്തിയത്. മുഹമ്മദ് നബി (12) വലിയ അപകടകാരിയായി മാറുന്നതിന് മുമ്പ് ജോഷ് ഹെയ്‌സല്‍വുഡ് സ്റ്റംപ് പറിച്ചു. റാഷിദ് ഖാനെ കൂട്ടുപിടിച്ച് സദ്രാന്‍ സെഞ്ച്വറി നേടി. ഏകദിന ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അഫ്ഗാന്‍ താരമെന്ന നേട്ടത്തിലേക്കാണ് സദ്രാനെത്തിയത്.
റാഷിദ് ഖാന്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തി. 18 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സുമായാണ് റാഷിദ് ഖാന്‍ പുറത്താവാതെ നിന്നത്. സദ്രാന്‍ 143 പന്തുകള്‍ നേരിട്ട് 8 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ക്രീസില്‍ തുടര്‍ന്നത്. ഇതോടെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 291 എന്ന മികച്ച സ്‌കോറിലേക്കെത്താനും അഫ്ഗാനായി. ഓസ്‌ട്രേലിയക്കായി ഹെയ്‌സല്‍വുഡ് രണ്ടും സ്റ്റാര്‍ക്കും മാക്‌സ്‌വെല്ലും സാംബയും ഓരോ വിക്കറ്റ് നേടി.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ ട്രവിസ് ഹെഡിനെ (0) ഓസ്‌ട്രേലിയക്ക് നഷ്ടമായി. നവീന്‍ ഉല്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡിന്റെ മടക്കം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ മിച്ചല്‍ മാര്‍ഷിനെ (24) നവീന്‍ എല്‍ബിയില്‍ കുടുക്കി. 11 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറുമാണ് മാര്‍ഷ് പറത്തിയത്. ഒമ്പതാം ഓവര്‍ എറിയാനെത്തിയ അസ്മത്തുല്ല ഒമര്‍സായ് ഓസീസിന് ഇരട്ട പ്രഹരമാണ് ഏല്‍പ്പിച്ചത്.
ഡേവിഡ് വാര്‍ണറെ (18) ഒമര്‍സായി ക്ലീന്‍ബൗള്‍ഡ് ചെയ്തു. തൊട്ടടുത്ത പന്തില്‍ ജോഷ് ഇന്‍ഗ്ലിസ് ഗോള്‍ഡന്‍ ഡെക്കായി. ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നല്‍കിയ മാര്‍നസ് ലബ്യുഷെയ്‌നെ (14) റഹ്‌മത്ത് ഷാ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി. ലബ്യുഷെയ്ന്‍ മടങ്ങുമ്പോള്‍ 69 റണ്‍സിന് 5 വിക്കറ്റ് എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ഓസീസ്.
മാര്‍ക്കസ് സ്‌റ്റോയിണിസ് (6) നിലയുറപ്പിക്കും മുമ്പ് റാഷിദ് ഖാന് മുന്നില്‍ കീഴടങ്ങി. റിവേഴ്‌സ് സ്വീപിന് ശ്രമിച്ച താരത്തിന് ടൈമിങ് പിഴച്ചപ്പോള്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെ (3) റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. മാക്‌സ് വെല്ലിനെ രണ്ട് തവണ അഫ്ഗാന്‍ കൈവിട്ട് കളഞ്ഞു. ഒരു തവണ നായകന്‍ ഷാഹിദിയും രണ്ടാം തവണ മുജീബുര്‍ റഹ്‌മാനുമാണ് മാക്‌സ്‌വെല്ലിന് ലൈഫ് നല്‍കിയത്.

പിന്നീട് മാക്‌സ് വെല്ലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും റെക്കോഡ് കൂട്ടുകെട്ടിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റിന്റെ അവിശ്വസനീയ ജയം ഓസീസ് നേടിയെടുത്തു. ഇരട്ട സെഞ്ച്വറിയോടെ കളം നിറഞ്ഞ മാക്‌സ് വെല്ലാണ് കളിയിലെ താരം.
പ്ലേയിങ് 11- അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദി (c), റഹ്‌മത്ത് ഷാ, അസ്മത്തുല്ല ഒമര്‍സായി, ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് റഖാന്‍, മുജീബുര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്
ഓസ്‌ട്രേലിയ-ട്രവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്