ധരംശാല: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പൊരുതി കീഴടക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അവസാന പന്തുവരെ നീണ്ട ആവേശത്തിനൊടുവില്‍ അഞ്ച് റണ്‍സിനാണ് ഓസീസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഓസീസ് 388 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് 9 വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സാണ് നേടാനായത്. തകര്‍പ്പന്‍ ജയത്തോടെ സെമി സാധ്യത സജീവമാക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്.
മത്സരത്തിലൂടെ കൗതുകരമായൊരു റെക്കോഡും ഓസീസ് നേടിയെടുത്തിരിക്കുകയാണ്. വെറും 2 പന്തില്‍ നിന്ന് 21 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. ഓസീസ് ബാറ്റിങ്ങിന്റെ മൂന്നാം ഓവറിലാണ് കൗതുകരമായ സംഭവം ഉണ്ടാവുന്നത്. മാറ്റ് ഹെന്റിയുടെ വലിയ പിഴവിലാണ് കൗതുക നേട്ടം ഓസീസ് സ്വന്തമാക്കിയത്.
ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണര്‍ ഹെന്റിയെ സിക്‌സര്‍ പറത്തി. രണ്ടാം പന്ത് നോബോളായപ്പോള്‍ വാര്‍ണര്‍ ഒരു റണ്‍സ് ഓടിയെടുത്തു. ഇതോടെ 1 പന്തില്‍ 8 റണ്‍സ് ഓസീസ് അക്കൗണ്ടില്‍ ചേര്‍ത്തു.
ഫ്രീഹിറ്റ് പന്തില്‍ ഡ്രവിസ് ഹെഡ് സിക്‌സര്‍ നേടിയപ്പോള്‍ ഈ പന്തും നോബോളായി. ഇതോടെ 1 പന്തില്‍ 15 റണ്‍സാണ് ഓസീസ് നേടിയത്. ഫ്രീ ഹിറ്റിനെ ഹെഡ് വീണ്ടും സിക്‌സര്‍ പറത്തിയപ്പോള്‍ നിയമപരമായ 2 പന്തില്‍ നിന്ന് ഓസീസ് നേടിയത് 21 റണ്‍സാണ്. എന്നാല്‍ പിന്നീടുള്ള പന്തുകള്‍ ഹെന്റി മികവ് കാട്ടിയതോടെ ഈ ഓവര്‍ 22 റണ്‍സിലൊതുങ്ങി. അല്ലായിരുന്നെങ്കില്‍ വലിയ നാണക്കേടിലേക്ക് ഹെന്റിക്ക് പേരുചേര്‍ക്കേണ്ടി വരുമായിരുന്നു.
പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഹെഡ് സെഞ്ച്വറിയോടെയാണ് കളം നിറഞ്ഞത്. ഓപ്പണറായി ഇറങ്ങിയ താരം 67 പന്തില്‍ 109 റണ്‍സ് നേടിയാണ് പുറത്തായത്. 10 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ഹെഡ് കസറിയത്. 162.68 സ്‌ട്രൈക്ക് റേറ്റിലാണ് ഹെഡ് തിളങ്ങിയത്.
ഡേവിഡ് വാര്‍ണറും മിന്നിച്ചു. ഫോം തുടര്‍ന്ന വാര്‍ണര്‍ 65 പന്തില്‍ 81 റണ്‍സാണ് നേടിയത്. ഇതില്‍ 5 ഫോറും 6 സിക്‌സും ഉള്‍പ്പെടും. മൂന്നാം നമ്പറിലിറങ്ങിയ മിച്ചല്‍ മാര്‍ഷിന് പ്രതീക്ഷിച്ച വെടിക്കെട്ട് കാഴ്ചവെക്കാനായില്ല.

51 പന്ത് നേരിട്ട് 36 റണ്‍സാണ് മാര്‍ഷ് നേടിയത്. സ്റ്റീവ് സ്മിത്ത് 17 പന്തില്‍ 18 റണ്‍സ് നേടിയപ്പോള്‍ മാര്‍നസ് ലബ്യുഷെയ്ന്‍ 26 പന്തില്‍ 18 റണ്‍സും അടിച്ചെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ഓസീസിന് കരുത്തായി. 24 പന്തില്‍ 41 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. 5 ഫോറും 2 സിക്‌സും താരം പറത്തി.
ജോഷ് ഇന്‍ഗ്ലിസ് 28 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് നേടിയത്. നായകന്‍ പാറ്റ് കമ്മിന്‍സ് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
14 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് കമ്മിന്‍സ് നേടിയത്. ഈ റണ്‍സ് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. മാറ്റ് ഹെന്റി 6.2 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് നേടിയത്.
മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് കരുത്തായത് രചിന്‍ രവീന്ദ്രയുടെ ബാറ്റിങ്ങാണ്. 89 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഡാരില്‍ മിച്ചല്‍ 51 പന്തില്‍ 54 റണ്‍സും അടിച്ചെടുത്തു.
മധ്യനിരയില്‍ ജെയിംസ് നിഷാം നടത്തിയ പോരാട്ടമാണ് അവസാന ഓവര്‍ വരെ മത്സരമെത്തിച്ചത്. 39 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 58 റണ്‍സാണ് താരം നേടിയത്. അവസാന ഓവറില്‍ നിഷാം റണ്ണൗട്ടായതാണ് കിവീസിന് ജയം നിഷേധിച്ചത്. ഭാഗ്യം ന്യൂസീലന്‍ഡിനെ കൈവിട്ടതാണ് തിരിച്ചടിയായത്. അല്ലായിരുന്നെങ്കില്‍ ചരിത്ര ജയത്തിലേക്ക് കിവീസ് എത്തുമായിരുന്നു.