ലോകകപ്പില്‍ ഇത്തവണ ക്രിക്കറ്റ് ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയായിരിക്കും. കാരണം ഇത്തരമൊരു വന്‍ വീഴ്ച അവര്‍ക്കു ടൂര്‍ണമെന്റില്‍ സംഭവിക്കുമെന്നു ആരും തന്നെ കണക്കുകൂട്ടിയിരുന്നില്ല. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോടു തോറ്റു കൊണ്ട് തുടങ്ങിയ കംഗാരുപ്പട രണ്ടാമങ്കത്തില്‍ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. പോയിന്റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനത്താണ് ഓസീസുള്ളത്.
ലോകകപ്പ് ചരിത്രത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ഓസീസിനു ഇത്തരമൊരു നാണക്കേട് നേരിട്ടത് വലിയ സര്‍പ്രൈസ് തന്നെയാണ്. രണ്ടു പരാജയങ്ങളുടെ പേരില്‍ പലരും ഓസ്‌ട്രേലിയയെ ലോകകപ്പില്‍ നിന്നും എഴുതിത്തള്ളിയിരിക്കുകയാണ്. ഇത്തവണ ഓസീസ് കിരീടം നേടില്ലെന്നും സെമി ഫൈനലില്‍ കളിക്കുന്ന കാര്യം പോലും സംശയമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പക്ഷെ ഓസീസിനെ അത്ര പെട്ടെന്നു എഴുതിത്തളളുന്നത് വലിയ മണ്ടത്തരം തന്നെയാണ്. അവര്‍ക്കു ശക്തമായി തിരിച്ചുവരാനും സെമി ഫൈനലില്‍ കടക്കാനും ഇനിയും സാധിക്കും. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.
വളരെയധികം അനുഭവസമ്പത്തുള്ള ടീമാണ് ഓസ്‌ട്രേലിയ എന്നതാണ് ആദ്യത്തെ കാരണം. 2015ല്‍ അവസാനമായി ലോക ചാംപ്യന്‍മാരായ സംഘത്തിലുണ്ടായിരുന്ന പലരും ഇപ്പോഴും ഓസീസ് ടീമിന്റെ ഭാഗമാണ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്. മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ഏഴു പേരും ലോകകപ്പുയര്‍ത്തിയ സ്‌ക്വാഡിലുണ്ടായിരുന്നു. ഇവര്‍ ഇപ്പോൾ വെറും സ്‌ക്വാഡിലെ അംഗങ്ങള്‍ മാത്രമല്ല ലൈനപ്പിലെ സ്ഥിരം സാന്നിധ്യമായ താരങ്ങള്‍ കൂടിയാണ്.
ഏതു പ്രതിസന്ധി ഘട്ടത്തിലും കളിക്കാനും ടീമിനെ രക്ഷിക്കാനും ശേഷിയുള്ള മാച്ച് വിന്നര്‍മാരാണ് ഈ ഏഴു താരങ്ങള്‍. അതുകൊണ്ടു തന്നെ ഇവര്‍ മനസ്സുവയ്ക്കുകയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ ഓസീസിനു ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവരാന്‍ കഴിയും.
താരതമ്യേന എളുപ്പമുള്ള ചില മല്‍സരങ്ങളാണ് ഓസീസിനു ഇനി വരാനിരിക്കുന്നത് എന്നതാണ് തിരിച്ചുവരവ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന രണ്ടാമത്തെ കാരണം. മൂന്നാം റൗണ്ടില്‍ ശ്രീലങ്കയുമായാണ് ഓസീസ് ഏറ്റമുട്ടുന്നത്. ലങ്ക ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരേ ഓസീസ് വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പാകിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് കംഗാരുപ്പടയുടെ എതിരാളികള്‍.

ഇന്ത്യക്കെതിരായ വന്‍ പരാജയത്തിന്റെ ക്ഷീണത്തിലാണ് പാകിസ്താന്‍ ടീമിന്റെ വരവ്. ഇതു മുതലെടുത്ത് വിജയം കൊയ്യാനായിരിക്കും ഓസീസിന്റെ ശ്രമം. ടൂര്‍ണമെന്റിലെ ഏറ്റവും കടുപ്പമേറിയ ടീമുകളീയ ഇന്ത്യ, സൗത്താഫ്രിക്ക എന്നിവരോടാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ ഓസീസ് കീഴടങ്ങിയത്. അതുകൊണ്ടു ഈ തോല്‍വികളുടെ പേരില്‍ ഓസീസിനെ വിലയിരുത്തുന്നത് മണ്ടത്തരമായിരിക്കും.
ഓസീസ് മാത്രമല്ല നേരത്തേ സെമി ഫൈനലിലെത്തുമെന്നു പ്രവചിക്കപ്പെട്ട മറ്റു ടീമുകള്‍ക്കും മികച്ച തുടക്കമല്ല ടൂര്‍ണമെന്റില്‍ ലഭിച്ചിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെ ഓസീസിന്റെ വീഴ്ചയും കാര്യമാക്കേണ്ടതില്ല എന്നതാണ് മൂന്നാമത്തെ കാരണം. ഇന്ത്യ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക ടീമുകളൊഴികെ മറ്റെല്ലാവരും ടൂര്‍ണമെന്റില്‍ പതറുകയാണ്. തോല്‍വിയറിയാത്തവരും ഇവര്‍ മാത്രമാണ്.
ബാക്കിയുള്ളവരെല്ലാം സ്ഥിരയില്ലാത്ത പ്രകടനമാണ് നടത്തുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. പാകിസ്താനാവട്ടെ ആദ്യ രണ്ടു കളിയും ജയിച്ച ശേഷം ഇന്ത്യക്കെതിരേ തകര്‍ന്നടിഞ്ഞു.
മുന്‍ ചാംപ്യന്‍മാരായ ലങ്ക കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയമേറ്റു വാങ്ങി. ലങ്കയുമായുള്ള മല്‍സരമടക്കം പ്രാഥമിക റൗണ്ടില്‍ ഓസീസിന് ഇനിയും ഏഴു കളികള്‍ ബാക്കിയുണ്ട്. ഈ കാരണത്താല്‍ തന്നെ അവരുടെ ശക്തമായൊരു തിരിച്ചുവരവ് ടൂര്‍ണമെന്റില്‍ കാണാനായേക്കും.