അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഒന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടുകെട്ടായപ്പോഴേക്കും ശുബ്മാന്‍ ഗില്‍ (4) പുറത്തായി. പവര്‍പ്ലേയ്ക്ക് മുമ്പ് ഇന്ത്യക്ക് രോഹിത് ശര്‍മയേയും (47) നഷ്ടമായി. മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യരും (4) നിരാശപ്പെടുത്തി. 81 റണ്‍സിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.
ഇപ്പോഴിതാ ഇന്ത്യയുടെ രോഹിത് ശര്‍മയുടേയും ശ്രേയസ് അയ്യരുടേയും വിക്കറ്റുകള്‍ വീഴുന്ന ഓവറുകള്‍ കൃത്യമായി പ്രവചിച്ച ജ്യോതിഷിയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രശസ്ത ജ്യോതിഷി സുമിത് ബജാജാണ് കൃത്യം പ്രവചനം നടത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ നിര്‍ണ്ണായക ഓവറുകളെക്കുറിച്ചാണ് അദ്ദേഹം നേരത്തെ പ്രവചിച്ചത്. 9.4ാം പന്തും 10.2ാം പന്തും ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു.
ഗ്ലെന്‍ മാക്‌സ്‌വെല്ലെറിഞ്ഞ 10ാം ഓവറിന്റെ നാലാം പന്തിലാണ് രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായത്. സിക്‌സറിന് ശ്രമിച്ച രോഹിത്തിന് ടൈമിങ് പിഴച്ചപ്പോള്‍ മികച്ച ക്യാച്ചിലൂടെ ട്രവിസ് ഹെഡ് ഇന്ത്യന്‍ നായകനെ മടക്കി അയച്ചു. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ വിക്കറ്റാണിത്. കൃത്യമായി 9.4ാം ഓവര്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്ന് സുമിത് പ്രവചിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഇതു മാത്രമായിരുന്നു സത്യമായതെങ്കില്‍ ഭാഗ്യത്തിന് പ്രവചനം സത്യമായതാണെന്ന് പറയാമായിരുന്നു.
എന്നാല്‍ ശ്രേയസിന്റെ വിക്കറ്റും അദ്ദേഹം കൃത്യമായി അദ്ദേഹം പ്രവചിച്ചു. 10.2ാം ഓവര്‍ ഇന്ത്യക്ക് പ്രധാനപ്പെട്ടതാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നു. ഇത് സത്യമാവുകയും 10.2ാം ഓവറില്‍ ശ്രേയസ് അയ്യരെ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഹെയ്‌സല്‍വുഡിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്തായത്. നിര്‍ണ്ണായകമാണെന്ന് പറഞ്ഞ കൃത്യം ഓവറുകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി എന്നതാണ് എടുത്തു പറയേണ്ടത്.

അഞ്ചാം ഓവര്‍ ഇന്ത്യക്ക് പ്രധാനപ്പെട്ടതാണെന്നും സുമിത് പ്രവചിച്ചിരുന്നു. ഈ ഓവറിലാണ് ഇന്ത്യക്ക് ശുബ്മാന്‍ ഗില്ലിനെ നഷ്ടമായത്. അഹമ്മദാബാദില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ശുബ്മാന്‍. മൂന്ന് ഫോര്‍മാറ്റിലും ഇവിടെ ശുബ്മാന്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഫൈനലില്‍ നിരാശപ്പെടുത്തി. എന്തായാലും ജ്യോതിഷിയുടെ പ്രവചനം ഇതിനോടകം വൈറലായിട്ടുണ്ട്. പല ആരാധകരും വിചിത്രമെന്നും കൗതുകമെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.
വൈകുന്നേരം മഞ്ഞുവീഴ്ച പ്രതീക്ഷിച്ചാണ് ഓസീസ് നായകന്‍ ആദ്യം ഇന്ത്യയെ ബാറ്റിങ്ങിനയച്ചത്. ഈ തീരുമാനം ശരിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയുടെ ടോപ് ഓഡറിനെ പിടിച്ചുകെട്ടാന്‍ ഓസീസിന് സാധിച്ചിട്ടുണ്ട്. ഇന്ത്യ കിരീടം നേടുമെന്നാണ് നേരത്തെ ജ്യോതിഷി സുമിത് പ്രവചിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഗം പറഞ്ഞ ഓവറുകളുടെ കാര്യങ്ങള്‍ സത്യമായതോടെ ഇന്ത്യ കിരീടം നേടുമെന്ന പ്രവചനം കൂടി സത്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പിച്ച് ക്യൂറേറ്ററുടെ വാക്കുകള്‍ പ്രകാരം 300ന് മുകളിലേക്ക് സ്‌കോര്‍ നേടിയാല്‍ രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് പ്രയാസമാവും. പിച്ച് പതിയെ സ്ലോവാകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇന്ത്യയുടെ ബാറ്റിങ് പുരോഗമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കൃത്യമാണെന്ന് വ്യക്തമാകുന്നു.
ഓസ്‌ട്രേലിയ ചാംപ്യന്‍മാര്‍
ഇന്ത്യയുടെ കിരീടമോഹങ്ങള്‍ ഒരിക്കല്‍ക്കൂടി തകര്‍ത്ത് ഓസ്‌ട്രേലിയ ആറാം ലോകകിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 240 റണ്‍സില്‍ ഓസീസ് എറിഞ്ഞൊതുക്കി. മറുപടിയില്‍ ഓസീസ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു.