ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തെക്കുറിച്ച് നേരത്തേ കൃത്യമായ പ്രവചനം നടത്തി ശ്രദ്ധേയനായ ജ്യോല്‍സ്യനാണ് ഇന്ത്യക്കാരായ ഗ്രീന്‍സ്‌റ്റോണ്‍ ലോബാ. 2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരാവുമെന്നു അന്നു പ്രവചിച്ച അദ്ദേഹം 2015, 19 ലോകകപ്പുകളിലെ വിജയികളെയും കൃത്യമായി പ്രവചിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ചാംപ്യന്‍മാരാവുമെന്നും അദ്ദേഹം പ്രവിച്ചിരുന്നു. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കാവും കിരീടമെന്നു ലോബോ അടുത്തിടെ പ്രവചിച്ചു.
ഇപ്പോഴിതാ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരത്തെക്കുറിച്ച് കൃത്യമായി പ്രവചനം നടത്തി ലോബോ വീണ്ടും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ക്രിക്കറ്റ് നെക്സ്റ്റിന്റെ ഷോയിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ ലോബോ പ്രവചിച്ചത്. ചെന്നൈയിലെ ചെപ്പോക്കില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം കൊയ്തിരുന്നു. ഇതോടെ കളിയെക്കുറിച്ച് നേരത്തേ ജ്യോതിഷി നടത്തിയ പ്രവചനവും വൈറലായിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ ടീം ഇപ്പോള്‍ അത്ര ശക്തരല്ല. ദുര്‍ബലമായ ടീമാണ് നിലവില്‍ ഓസീസിന്റേത്. അവരുടെ കളിക്കാരുടെ കാര്യമെടുത്താല്‍ ഓക്കെയെന്നു മാത്രമേ നമുക്കു പറയാന്‍ കഴിയുകയുളളൂ. ഇതിഹാസ തുല്യരായ താരങ്ങളൊന്നും ഓസീസ് സംഘത്തിലില്ല. നേരത്തേയുള്ള ഓസ്‌ട്രേലിയയുടെ സുവര്‍ണ തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ടീമിനെ അവര്‍ക്കൊപ്പം പരിഗണിക്കാന്‍ കഴിയില്ലെന്നും ലോബോ ചൂണ്ടിക്കാട്ടി.
ലോകകപ്പില്‍ ഓസ്‌ട്രേലിയ നമ്മളെ നേരത്തേ നിരന്തരം തോല്‍പ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഈ ലോകകപ്പില്‍ നമുക്കു വലിയ സന്തോഷം ലഭിക്കും. കാരണം ഓസീസിനെ ഇന്ത്യ പരാജയപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ചെപ്പോക്കില്‍ ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് തന്റെ പ്രവചനമെന്നും അദ്ദേഹം വ്യക്തമാക്കി. വെറുമൊരു വിജയമായിരിക്കല്ല അത്, ആധികാരികമായിട്ടാവും ഇന്ത്യ ഇത്തവണ ജയിക്കുക. ഓസ്‌ട്രേലിയയെ അപേക്ഷിച്ച് വളരെ ശക്തമായ ടീമാണ് നമ്മുടേത്. അപകടകാരികളായ നിരവധി പേര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും ലോബോ പറയുന്നു.
ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരത്തിലെ വിജയികളെക്കുറിച്ചു മാത്രമല്ല ബാറ്റിങിലും ബൗളിങിലും ഇന്ത്യയുടെ ഹീറോയായി മാറാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ചും ജ്യോതിഷി പ്രവചനം നടത്തി. ബൗളിങില്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയുടെ മാച്ച് വിന്നറായി മാറുകയെന്നാണ് എന്റെ കണക്കുകൂട്ടല്‍. ബാറ്റര്‍മാരുടെ കാര്യമെടുത്താല്‍ ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാളായിരിക്കും ടീമിന്റെ ഹീറോയെന്നും ലോബോ പ്രവചിച്ചിരുന്നു.

പക്ഷെ ബൗളിങില്‍ അദ്ദേഹത്തിന്റെ പ്രവചനം കൃത്യമായിരുന്നില്ല. ബുംറ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നെങ്കിലും യഥാര്‍ഥ തുറുപ്പുചീട്ടായി മാറിയത് മൂന്നു വിക്കറ്റുകള്‍ പിഴുത രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ ബാറ്റിങിലെ വിജയശില്‍പ്പിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രവചനം കൃത്യമായി. ഗില്ലിനു അസുഖം കാരണം പിന്‍മാറേണ്ടി വന്ന കളിയില്‍ രാഹുല്‍ അപരാജിത ഫിഫ്റ്റിയോടെ ടീമിന്റെ ഹീറോയായി മാറി. 97 റണ്‍സെടുത്ത രാഹുലായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ചെപ്പോക്കില്‍ നടന്ന പോരാട്ടത്തിലേക്കു വന്നാല്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ 49.3 ഓവറില്‍ 199 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുമാണ് ഓസീസിനെ 150 കടക്കാന്‍ സഹായിച്ചത്.
മറ്റാരും 30 റണ്‍സ് തികച്ചില്ല. റണ്‍ചേസില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു രണ്ടു റണ്‍സിലേക്കു കൂപ്പുകുത്തിയെങ്കിലും രാഹുലും (97*) വിരാട് കോലിയും (85) ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. 41.2 ഓവറിലായിരുന്നു ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്.