World Cup 2023: രോഹിത്തിന്റെ വെടിക്കെട്ട്, കൈയടിക്കേണ്ടത് കോലിക്ക്! കാരണം നെഹ്‌റ പറയും
മുംബൈ: ഏകദിന ലോകകപ്പിലെ ജേതാവിനെ നാളെ അറിയാം. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുക. ഇത്തവണ തോല്‍വി അറിയാതെ ഫൈനലിലേക്കെത്തിയ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെങ്കിലും ഓസീസ് നിസാരക്കാരുടെ നിരയല്ല. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസീസ് ഫൈനലില്‍ ആതിഥേയര്‍ക്ക് വലിയ തലവേദനയാവുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണത്തെ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നുണ്ട്.
ഇതില്‍ എടുത്തു പറയേണ്ടത് നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. പവര്‍പ്ലേയില്‍ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ അടിത്തറ. 550 റണ്‍സാണ് രോഹിത് ഇത്തവണ നേടിയത്. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന രോഹിത് പവര്‍പ്ലേയ്ക്കുള്ളില്‍ ഇന്ത്യക്ക് 70ലധികം സ്‌കോര്‍ നല്‍കുന്നു. ഇതാണ് പിന്നാലെ എത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നത്.
ഇപ്പോഴിതാ രോഹിത് ശര്‍മയുടെ ഭയമില്ലാത്ത കടന്നാക്രമണത്തിന് കാരണം വിരാട് കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറും പരിശീലകനുമായ ആശിഷ് നെഹ്‌റ. 'വിരാട് കോലി അവിടെയുള്ളതുകൊണ്ടാണ് രോഹിത് ശര്‍മക്ക് ഇത്തരത്തില്‍ ഭയമില്ലാതെ കടന്നാക്രമിക്കാന്‍ സാധിക്കുന്നത്. വിരാട് കോലി തന്റേതായ സമയമെടുത്ത് കളിക്കുന്ന താരമാണ്. ഒരു നാണയത്തിന്റെ രണ്ട് വശമായാണ് കോലിയേയും രോഹിത്തിനേയും പരിഗണിക്കേണ്ടത്.
ഒരു ടീമിനായാണ് ഇവര്‍ കളിക്കുന്നത്'- ക്രിക് ബസ്സിനോട് സംസാരിക്കവെ നെഹ്‌റ പറഞ്ഞു. രോഹിത്തിന്റേയും കോലിയുടേയും വിക്കറ്റ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. കോലി ടീമിന്റെ രക്ഷകനായി അവിടെ ഉണ്ടാകുമെന്ന വിശ്വാസമാണ് രോഹിത്തിന് തകര്‍ത്തടിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്. കോലിയുടെ അഭാവമുണ്ടെങ്കില്‍ ഇത്തരത്തില്‍ രോഹിത് കടന്നാക്രമിക്കില്ലെന്ന് നിസംശയം പറയാം. രോഹിത് അടിത്തറ പാകുമ്പോള്‍ പിന്നാലെയെത്തുന്ന കോലിക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും.

ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികള്‍ കോലിയെ കേന്ദ്രീകരിച്ചാണ്. കോലി അവസാനം വരെ ബാറ്റുചെയ്യുക എന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. കോലിയെ ക്രീസില്‍ നിര്‍ത്തി മറ്റുള്ളവര്‍ ആക്രമിച്ച് റണ്‍സുയര്‍ത്തുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. സെമിയിലടക്കം പയറ്റിയത് ഈ തന്ത്രമാണ്. ഫൈനലിലും ഇതേ പദ്ധതിയാവും ഇന്ത്യ പിന്തുടരുക. രോഹിത്തിനെ തുടക്കത്തിലേ പുറത്താക്കിയാല്‍ കോലിയും സമ്മര്‍ദ്ദത്തിലാവും.
കോലിയുടെ മികച്ച പ്രകടനത്തിന് രോഹിത് ഒരുക്കി നല്‍കുന്ന അടിത്തറ വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് മധ്യനിരയുടെ പ്രകടനമാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും ഇന്ത്യക്കൊപ്പമുണ്ട്. ശ്രേയസ് ഇത്തവണ 500ലധികം റണ്‍സ് നേടി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഒരു ലോകകപ്പില്‍ 500ലധികം റണ്‍സ് നേടുന്നത്.
കെ എല്‍ രാഹുലും മിന്നല്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഫൈനലിലും മധ്യനിരയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ബൗളിങ് നിരയും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബൗളിങ് നിരക്ക് കരുത്തുപകരുന്നത്. ഇവരെ നന്നായി ഉപയോഗിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നു.
അഹമ്മദാബാദില്‍ റണ്ണൊഴുകുന്ന പിച്ച് പ്രതീക്ഷിക്കേണ്ടെന്ന് ക്യുറേറ്റര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സ്ലോ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവും. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications