മുംബൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. സന്നാഹ മത്സരങ്ങളും കടന്ന് തീപാറും പോരാട്ടങ്ങളിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അഞ്ചാം തീയ്യതി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ലോകകപ്പ് എന്ന നിലയില്‍ ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ്.
ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളും താരങ്ങളുടെ ഫോമും ആതിഥേയരെന്ന മുന്‍തൂക്കവും വിലയിരുത്തുമ്പോള്‍ ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ നിന്ന് പരിക്കേറ്റ അക്ഷര്‍ പട്ടേല്‍ പുറത്തായപ്പോള്‍ പകരം ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു. എന്നാല്‍ ഇന്ത്യ 15 അംഗ ടീമിനെ പ്രഖ്യാപിച്ചെങ്കിലും റിസര്‍വ് താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
എല്ലാ സന്ദര്‍ശക ടീമുകളും രണ്ടോ മൂന്നോ റിസര്‍വ് താരങ്ങളെ ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ റിസര്‍വ് താരങ്ങളായി ആരെയും പരിഗണിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ഇന്ത്യ റിസര്‍വ് താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്?. അതിനൊരു കാരണമുണ്ട്. ഇന്ത്യ ആതിഥേയരായതിനാല്‍ത്തന്നെ ആവശ്യം ഉള്ളപ്പോള്‍ റിസര്‍വ് താരങ്ങളെ എളുപ്പത്തില്‍ ടീമിലേക്കെത്തിക്കാനാവും. നിലവിലെ താരങ്ങളെല്ലാം ഫിറ്റാണെങ്കില്‍ റിസര്‍വ് താരങ്ങളെ ഒപ്പം കൂട്ടേണ്ട ആവശ്യമില്ല.
ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും റിസര്‍വ് താരങ്ങളായി പരിഗണിക്കപ്പെടുന്നവരോട് ഏത് സമയത്തും ടീമിനൊപ്പം ചേരാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ ടീമിന് പുറത്തുനിന്ന ശേഷമാണ് തിരിച്ചെത്തിയത്. അതുകൊണ്ടുതന്നെ ഇവരുടെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു.

ലോകകപ്പിന് മുമ്പായി ഏഷ്യാ കപ്പും ഓസീസ് പരമ്പരയും ഇന്ത്യ കളിച്ചെങ്കിലും താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടുണ്ട്. എങ്കിലും മുന്‍കരുതലെന്നോണം ചില താരങ്ങളെയെങ്കിലും റിസര്‍വ് താരമായി ഇന്ത്യ പരിഗണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ആവശ്യമെങ്കില്‍ മാത്രം അവരെ ഒപ്പം കൂട്ടിയാല്‍ മതിയെന്നതിനാലാണ് ഇപ്പോള്‍ ഔദ്യോഗികമായി റിസര്‍വ് താരങ്ങളെ പ്രഖ്യാപിക്കാത്തതെന്നാണ് വിവരം. റിസര്‍വ് താരങ്ങളിലൊരാളായി പേസര്‍ പ്രസിദ്ധ് കൃഷ്ണയുണ്ടാവും.
പേസ് നിരയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുക പ്രസിദ്ധ് കൃഷ്ണയെയാവും. ഓസീസ് പരമ്പരയില്‍ ഇന്ത്യ പ്രസിദ്ധിനെ കളിപ്പിച്ചിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരിലാര്‍ക്കെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നമുണ്ടായാല്‍ സുന്ദറിന് വിളിയെത്തിയേക്കും. സുന്ദറും ഓസീസ് പരമ്പരയില്‍ ഇന്ത്യക്കായി കളിച്ചിരുന്നു.
അതേ സമയം സഞ്ജു സാംസണിന് റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടമില്ലെന്നാണ് വിവരം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലും പകരക്കാരനാവാന്‍ 15 അംഗ ടീമില്‍ തന്നെ താരമുണ്ട്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ രണ്ട് പേര്‍ മാത്രമാവും പ്ലേയിങ് 11ല്‍ ഇടം നേടുക.
അതുകൊണ്ടുതന്നെ ഏതെങ്കിലും ബാറ്റ്‌സ്മാന് പരിക്കേറ്റാല്‍ രണ്ട് താരങ്ങള്‍ പകരക്കാരനാവാനുണ്ട്. ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിന് റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലും ഇടമില്ല.
ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ഹാര്‍ദിക് പാണ്ഡ്യ (vc), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.