ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ഇന്നു ശ്രീലങ്കയോടു വന്‍ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റിനു മുമ്പ് 10 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ട്രോഫിക്കൊപ്പം ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി പോസ് ചെയ്ത ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഇതിനു രസകരമായ ഒരു കാരണം കൂടിയുണ്ട്.
ഈ ഫോട്ടോയിലെ ചില ക്യാപ്റ്റന്‍മാര്‍ അവര്‍ക്കു തൊട്ടു പിറകില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ നയിച്ച ടീമിനോടു പരാജയപ്പെട്ടതായി കാണാന്‍ സാധിക്കും. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇന്നു നടന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മല്‍സരം. ഫോട്ടോയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കു പിറകിലായി ലങ്കന്‍ നായകന്‍ ദസുന്‍ ഷനക നില്‍ക്കുന്നതായി കാണാം.

ഈ മല്‍സരത്തില്‍ മാത്രമല്ല നേരത്തേ നടന്ന ചില മല്‍സരങ്ങളിലും ഇതു ശരിയായി വന്നിട്ടുണ്ട്. ടൂര്‍ണമെന്റില്‍ നേരത്തേ സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരോടും ഇംഗ്ലണ്ട് പരാജയമേറ്റു വാങ്ങിയിരുന്നു. ഫോട്ടോയില്‍ ബട്‌ലര്‍ക്കു തൊട്ടു പിറകിലുള്ളത് സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയാണ്. കൂടാതെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും ബട്‌ലര്‍ക്കു പിന്നിലായി ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു.
ഇംഗ്ലണ്ടിന്റ കാര്യത്തില്‍ മാത്രമല്ല പാകിസ്താന്‍, സൗത്താഫ്രിക്ക ടീമുകളുടെ കാര്യത്തിലും ഈ ഫോട്ടോ ശരിയായാണെന്നു സാധിക്കും. മിന്നുന്ന ഫോമിലിലുള്ള സൗത്താഫ്രിക്ക ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ഇതാവട്ടെ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനോടായിരുന്നു. ഫോട്ടോയില്‍ ബവുമയ്ക്കു പിറകിലാണ് നെതര്‍ലാന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ നില്‍പ്പ്.
പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെ തൊട്ടു പിറകില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ നായകന്‍ ബാബര്‍ ആസമാണ്. നേരത്തേ നടന്ന കളിയില്‍ പാകിസ്താനെതിരേ ഓസീസ് തകര്‍പ്പന്‍ വിജയവും സ്വന്തമാക്കിയിരുന്നു. ഫോട്ടോയില്‍ ഏറ്റവും മുന്നിലായി ട്രോഫിക്കു തൊട്ടടുത്തുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ തലപ്പത്തുള്ളതും ഇന്ത്യ തന്നെ. ഇനി രോഹിത് കിരീടം കൂടി ഉയര്‍ത്തുമോയെന്നാണ് അറിയാനുള്ളത്.

ഫോട്ടോയില്‍ രോഹിത്തിനു പിറകിലുള്ളത് ബട്‌ലറാണ്. ഞായറാഴ്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് ആറാം റൗണ്ടില്‍ കൊമ്പുകോര്‍ക്കുന്നത്. ഫോട്ടോയില്‍ മുന്നില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍മാര്‍ പിറകിലുള്ളവരോടു തോറ്റതു പോലെ രോഹിത് ഇനി ബട്‌ലറുടെ ഇംഗ്ലണ്ടിനോടു തോല്‍ക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. നിലവിലെ ഫോമില്‍ ഇന്ത്യയെ വീഴ്ത്തുകയെന്നത് ഇംഗ്ലണ്ടിനു കടുപ്പം തന്നെയായിരിക്കും.
എന്നാല്‍ ഈ ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ ഇംഗ്ലണ്ടിനെ വില കുറച്ചുകാണാന്‍ ഇന്ത്യ തയ്യാറാവില്ല. നിരവധി മാച്ച് വിന്നര്‍മാരുള്‍പ്പെട്ട ശക്തമായ ടീമാണ് അവരുടേത്. ഇവരില്‍ പകുതി പേരെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്താനിടയുണ്ട്.
ഞായറാഴ് ഇംഗ്ലണ്ടിനെതിരേ ഒരു കണക്കുകൂടി ഇന്ത്യക്കു തീര്‍ക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ പത്തു വിക്കറ്റിനു നാണം കെട്ടിരുന്നു. അന്നത്തെ തിരിച്ചടിക്കു കണക്കു ചോദിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ 12 പോയിന്റുമായി ഇന്ത്യക്കു സെമി ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം. ഇംഗ്ലണ്ടിന്‍റെ സെമി പ്രതീക്ഷ അസ്തമിക്കുകയും ചെയ്യും.