World Cup 2023: ജഡേജക്ക് പാകിസ്താനോട് പക! അന്ന് തല്ലിക്കരയിച്ചു, 1996ലെ വീഡിയോ വൈറല്‍
ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ ഞെട്ടലിലാണ് പാകിസ്താന്‍. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 282 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം മറികടന്നത്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നാലെ പാകിസ്താനെയും അഫ്ഗാന്‍ വീഴ്ത്തിയതോടെ പ്രമുഖര്‍ക്കെല്ലാം വ്യക്തമായ മുന്നറിയിപ്പും കൂടി നല്‍കാന്‍ ടീമിന് സാധിച്ചിരിക്കുകയാണ്.
സമ്മര്‍ദ്ദങ്ങളെ മറികടന്ന് ഗംഭീര പ്രകടനമാണ് അഫ്ഗാന്‍ ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. അഫ്ഗാന്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്നേറുമ്പോള്‍ ഏറ്റവും കൈയടി നേടുന്ന പേരുകളിലൊന്ന് അജയ് ജഡേജയുടേതാണ്. ഇത്തവണ അഫ്ഗാനിസ്ഥാന്റെ ഉപദേഷ്ടാവായ ജഡേജയുടെ നിര്‍ണ്ണായക ഉപദേശങ്ങളാണ് പാകിസ്താനെതിരേ അഫ്ഗാനെ വിജയത്തിലേക്കെത്തിച്ചതെന്ന് പറയാം. അഫ്ഗാന്‍ വിജയത്തിലേക്കെത്തിയതിന് പിന്നാലെ അജയ് ജഡേജ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോയും വൈറലായിരുന്നു.
എന്നാല്‍ പാകിസ്താനെതിരേ അഫ്ഗാനിസ്ഥാന്റെ വിജയത്തിന് പിന്നാലെ അജയ് ജഡേജയുടെ പഴയ ബാറ്റിങ് വീഡിയോയാണ് വൈറലാവുന്നത്. 1996ലെ വില്‍സ് ലോകകപ്പില്‍ പാകിസ്താനെതിരേ അജയ് ജഡേജ നടത്തിയ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ചര്‍ച്ചയായിരിക്കുന്നത്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയാണ് ആദ്യം ബാറ്റുചെയ്തത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ കീഴിലിറങ്ങിയ ഇന്ത്യ 8 വിക്കറ്റിന് 287 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ ആറാമനായാണ് അജയ് ജഡേജ ക്രീസിലെത്തിയത്.
പിന്നീട് കണ്ടത് പേരുകേട്ട പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ അജയ് ജഡേജ തകര്‍ത്തടിക്കുന്നതാണ്. 25 പന്ത് നേരിട്ട് 45 റണ്‍സാണ് അജയ് ജഡേജ നേടിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 180 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ മാസ്മരിക ബാറ്റിങ്.
ഇന്ത്യയെ മികച്ച ടോട്ടലിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത് അജയ് ജഡേജയുടെ ഈ ബാറ്റിങ്ങാണ്. വഖാര്‍ യൂനിസ്, ആഖ്വിബ് ജാവേദ്, സലീം മാലിക്, അമീര്‍ സൊഹൈല്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട പാക് ബൗളര്‍മാരെ നേരിട്ടാണ് അജയുടെ തകര്‍പ്പന്‍ ബാറ്റിങ്.

നവജോത് സിദ്ദു (93) ടോപ് സ്‌കോററായ മത്സരത്തില്‍ ഇന്ത്യ 39 റണ്‍സിനാണ് ജയിച്ചത്. വെങ്കടേഷ് പ്രസാദും അനില്‍ കുംബ്ലെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മത്സരത്തില്‍ ജവഗല്‍ ശ്രീനാഥ്, വെങ്കടാപതി രാജു എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. അന്ന് അജയ് ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുമ്പോള്‍ ഉപദേശം നല്‍കി അഫ്ഗാനിസ്ഥാനെ വിജയിപ്പിച്ചാണ് ജഡേജ കൈയടി നേടുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കറും അജയ് ജഡേജയുടെ സ്വാധീനമാണ് അഫ്ഗാന്റെ ജയത്തില്‍ ചൂണ്ടിക്കാട്ടിയത്. 'അഫ്ഗാനിസ്ഥാന്റെ പ്രകടനത്തെ അവിസ്മരണീയമെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. ബാറ്റുകൊണ്ട് അവര്‍ അച്ചടക്കം കാട്ടുന്നു. വിക്കറ്റിനിടെയിലെ ആക്രമണോത്സകത അവരുടെ കഠിനാധ്വാനം വ്യക്തമാക്കുന്നു. അജയ് ജഡേജയുടെ സ്വാധീനംകൊണ്ടാണ് ഇത്.
മികച്ച ബൗളിങ് നിരയുമായി ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകള്‍ക്കെതിരേ അഫ്ഗാനിസ്ഥാന്‍ നേടിയ ജയം പുതിയൊരു അഫ്ഗാന്‍ ടീമിന്റെ ഉദയത്തെയാണ് കാട്ടുന്നത്' എന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്. അജയ് ജഡേജയുടെ നിര്‍ണ്ണായക തന്ത്രങ്ങള്‍ അഫ്ഗാനെ സഹായിക്കുന്നുണ്ടെന്നുറപ്പ്. മികച്ച ടീം അന്തരീക്ഷം സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്.
മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നീ മൂന്ന് സ്പിന്നര്‍മാരാണ് അഫ്ഗാന്റെ വജ്രായുധങ്ങള്‍. ഇവരെ നന്നായി ഉപയോഗിച്ച് തന്ത്രമൊരുക്കാന്‍ അജയ് ജഡേജക്ക് സാധിക്കുന്നു. വരുന്ന മത്സരങ്ങളിലും ഇതേ അട്ടിമറി തുടരാന്‍ അഫ്ഗാന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇനിയും പല വമ്പന്മാരുടേയും വഴിമുടക്കാന്‍ അഫ്ഗാന് കരുത്തുണ്ട്. ചരിത്രത്തിലാദ്യമായി അഫ്ഗാന്‍ ലോകകപ്പ് സെമി കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications