ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ക്വിന്റന്‍ ഡീകോക്കും (100) റാസി വാന്‍ ഡെര്‍ ഡ്യൂസനും (108) എയ്ഡന്‍ മാര്‍ക്രവും (106) ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ച്വറി നേടി. ഇതില്‍ മാര്‍ക്രമിന്റെ വെടിക്കെട്ടാണ് എടുത്തു പറയേണ്ടത്. നാലാമനായി ക്രീസിലെത്തിയ ശേഷം തല്ലിത്തകര്‍ത്ത മാര്‍ക്രം 49 പന്തില്‍ സെഞ്ച്വറി നേടി ചരിത്ര റെക്കോഡിലേക്കെത്തിയിരിക്കുകയാണ്.
ഏകദിന ലോകകപ്പിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ് മാര്‍ക്രം. 50 പന്തില്‍ സെഞ്ച്വറി നേടിയ കെവിന്‍ ഒബ്രൈന്റെ റെക്കോഡാണ് മാര്‍ക്രം പഴങ്കഥയാക്കിയത്. 2011ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ഒബ്രൈന്‍ ഈ നേട്ടത്തിലെത്തിയത്.
ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ 51 പന്തിലും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് 52 പന്തിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ റെക്കോഡുകളെല്ലാം മാര്‍ക്രത്തിന്റെ 49 പന്ത് സെഞ്ച്വറിക്ക് മുന്നില്‍ തകര്‍ന്നിരിക്കുകയാണ്. 54 പന്ത് നേരിട്ട് 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് മാര്‍ക്രം നേടിയത്.
ദില്‍ഷന്‍ മധുശന്‍കയാണ് മാര്‍ക്രത്തെ പുറത്താക്കിയത്. 196.29 സ്‌ട്രൈക്ക് റേറ്റിലായിരുന്നു മാര്‍ക്രത്തിന്റെ പ്രകടനം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ മാര്‍ക്രം നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവസാന സീസണില്‍ കാഴ്ചവെച്ചതെങ്കിലും ഈ അനുഭവസമ്പത്ത് മുതലാക്കി ലോകകപ്പില്‍ കസറാന്‍ മാര്‍ക്രത്തിന് സാധിച്ചിരിക്കുകയാണ്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡും ദക്ഷിണാഫ്രിക്ക സ്വന്തം പേരിലാക്കി. 5 വിക്കറ്റിന് 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

2015ല്‍ അഫ്ഗാനിസ്ഥാനെതിരേ ഓസ്‌ട്രേലിയ 6 വിക്കറ്റിന് 417 റണ്‍സ് അടിച്ചെടുത്ത റെക്കോഡാണ് ദക്ഷിണാഫ്രിക്ക തിരുത്തിയത്. 2007ല്‍ ഇന്ത്യ ബര്‍മൂഡയ്‌ക്കെതിരേ 5 വിക്കറ്റിന് 413 റണ്‍സും അടിച്ചെടുത്തിരുന്നു. ഏകദിന ലോകകപ്പില്‍ 400 ലധികം ടീം ടോട്ടല്‍ ദക്ഷിണാഫ്രിക്ക നേടുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഒരു ഏകദിന മത്സരത്തില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി നേടുന്നത് ചരിത്രത്തില്‍ ഇത് നാലാം തവണയാണ്. ഇതില്‍ മൂന്ന് തവണയും ഈ നേട്ടത്തിലേക്കെത്തിയത് ദക്ഷിണാഫ്രിക്കയാണ്. വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. ഒരു തവണ ഇംഗ്ലണ്ടും ഈ നേട്ടം സ്വന്തമാക്കി. എന്നാല്‍ ലോകകപ്പില്‍ ഒരു ടീമിന്റെ മൂന്ന് പേരും സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്.

അവസാന 10 ഓവറില്‍ 137 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഡീകോക്കും റാസിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. റാസി 110 പന്തില്‍ 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് 108 റണ്‍സ് നേടിയത്. ഡീകോക്ക് 84 പന്തില്‍ 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് 100 റണ്‍സടിച്ചത്. ഡല്‍ഹി പിച്ചിലെ ഉയര്‍ന്ന ടോട്ടലെന്ന റെക്കോഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
പ്ലേയിങ് 11: ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ (c), റാസി വാന്‍ ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയ്‌സി, കേശവ് മഹാരാജ്, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), ദുനിത് വെല്ലാലാഗെ, ദില്‍ഷന്‍ മധുശന്‍ക, മതീഷ പതിരണ