ഡല്‍ഹി: ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍. 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്. ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന രണ്ടാമത്തെ ജയമാണിത്. ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയാണ് അഫ്ഗാന്‍ ചരിത്ര ജയത്തിലേക്കെത്തിയതെന്നതാണ് എടുത്തു പറയേണ്ടത്.
ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 284 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 40.3 ഓവറില്‍ 215 റണ്‍സില്‍ കൂടാരം കയറ്റുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാനും മുജീബുര്‍ റഹ്‌മാനുമാണ് അഫ്ഗാന് ചരിത്ര ജയം സമ്മാനിച്ചത്. റഹ്‌മാനുല്ല ഗുര്‍ബാസ് (80) ഇക്രം അലിഖില്‍ (58) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും അഫ്ഗാന് കരുത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ ആക്രമണത്തിലൂന്നിയാണ് അഫ്ഗാന്‍ കളിച്ചത്. ഒന്നാം വിക്കറ്റില്‍ റഹ്‌മാനുല്ല ഗുര്‍ബാസും (80) ഇബ്രാഹിം സദ്രാനും ചേര്‍ന്ന് (28) 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 48 പന്തില്‍ 3 ബൗണ്ടറിയടക്കം 28 റണ്‍സ് നേടിയ സദ്രാനെ പുറത്താക്കി ആദില്‍ റഷീദാണ് കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ മികച്ച തുടക്കത്തിന് പിന്നാലെ അഫ്ഗാന് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. റഹ്‌മത് ഷായെ (3) ആദില്‍ റഷീദ് പുറത്താക്കിയപ്പോള്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദിയെ (14) ജോ റൂട്ട് ക്ലീന്‍ബൗള്‍ഡും ചെയ്തു. ഗംഭീരമായി കളിച്ചിരുന്ന റഹ്‌മാനുല്ല ഗുര്‍ബാസ് റണ്ണൗട്ടായത് അഫ്ഗാന് തിരിച്ചടിയായി. 57 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഗുര്‍ബാസ് 80 റണ്‍സ് നേടിയത്. അസ്മത്തുല്ല ഒമര്‍സായിയും നിരാശപ്പെടുത്തി (19).

അഞ്ച് വിക്കറ്റിന് 174 എന്ന നിലയിലേക്ക് അഫ്ഗാന്റെ നില പരുങ്ങലിലായി. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന്റെ (58) അര്‍ധ സെഞ്ച്വറി അഫ്ഗാന് കരുത്തായി. 66 പന്തില്‍ 3 ഫോറും 2 സിക്‌സുമാണ് ഇക്രം നേടിയത്. വാലറ്റത്ത് മുജീബുര്‍ റഹ്‌മാന്‍ (16 പന്തില്‍ 28) റാഷിദ് ഖാന്‍ (22 പന്തില്‍ 23) എന്നിവര്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. നവീന്‍ ഉല്‍ ഹഖും (5) ഫസല്‍ഹഖ് ഫറൂഖിയും (2) പുറത്താവാതെ നിന്നു. ഇതോടെ 49.5 ഓവറില്‍ 284 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും അഫ്ഗാനെത്തി.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും റീസി ടോപ്ലി, ലിയാം ലിവിങ്സ്റ്റണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനം നടത്താന്‍ അഫ്ഗാനായി. ജോണി ബെയര്‍സ്‌റ്റോയെ (2) ഫസല്‍ഹഖ് ഫറൂഖി തുടക്കത്തിലേ എല്‍ബിയില്‍ കുടുക്കി. മിന്നും ഫോമിലായിരുന്ന ജോ റൂട്ടിനെ (11) മുജീബുര്‍ റഹ്‌മാന്‍ ക്ലീന്‍ബൗള്‍ഡാക്കി. തകര്‍പ്പന്‍ ഫോമിലായിരുന്ന ഡേവിഡ് മലാനെ (32) മുഹമ്മദ് നബി ഇബ്രാഹിം സദ്രാന്റെ കൈയിലെത്തിച്ചു.
ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറെ (9) നവീന്‍ ഉള്‍ ഹഖ് ക്ലീന്‍ബൗള്‍ഡാക്കി ഞെട്ടിച്ചു. ഇതോടെ 4 വിക്കറ്റിന് 91 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ലിയാം ലിവിങ്സ്റ്റണെ (10) റാഷിദ് ഖാന്‍ എല്‍ബിയിലും കുടുക്കി. ഇതോടെ ഇംഗ്ലണ്ട് വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. സാം കറനെ (10) മുഹമ്മദ് നബി സ്ലിപ്പില്‍ റഹ്‌മത്ത് ഷായുടെ കൈയിലുമെത്തിച്ചു. ക്രിസ് വോക്‌സിനെ (9) മുജീബുര്‍ റഹ്‌മാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.
ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി ഒരുവശത്ത് ഹാരി ബ്രൂക്ക് പൊരുതി. 61 പന്ത് നേരിട്ട് 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സ് നേടിയ ബ്രൂക്കിനെ മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ആദില്‍ റഷീദിനെ (20) റാഷിദ് ഖാനും മടക്കി. മാര്‍ക്ക് വുഡിനെ (18) ക്ലീന്‍ബൗള്‍ഡ് ചെയ്ത റാഷിദ് ഖാന്‍ അഫ്ഗാന് ചരിത്ര ജയം സമ്മാനിക്കുകയായിരുന്നു.
പ്ലെയിങ് 11-ഇംഗ്ലണ്ട്- ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോസ് ബട്‌ലര്‍ (c), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, ക്രിസ് വോക്‌സ്, സാം കറെന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസെ ടോപ്ലി
അഫ്ഗാനിസ്ഥാന്‍-റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷാഹിദി (c), മുഹമ്മദ് നബി, ഇക്രാം അലിഖില്‍, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ഹഖ്, ഫസല്‍ഹഖ് ഫറൂഖി