ചെന്നൈ: ലോകകപ്പില്‍ വീണ്ടുമൊരു വമ്പന്‍ അട്ടിമറിയുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്‍. നേരത്തേ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു അപ്രതീക്ഷിത ഷോക്ക് നല്‍കിയ അഫ്ഗാന്‍ ഇന്നു കരുത്തരായ പാകിസ്താന്റെയും കഥ കഴിച്ചു. പാക് പടയെ നിഷ്പ്രഭരാക്കിയാണ് അഫ്ഗാന്‍ എട്ടു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.
283 റണ്‍സിന്റെ വെല്ലുവിളിയുര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു അഫ്ഗാന് ബാബര്‍ ആസവും സംഘവും നല്‍കിയത്. എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ അഫ്ഗാന്‍ 130 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ മല്‍സരം പാകിസ്താനില്‍ നിന്നും വഴുതിപ്പോയിരുന്നു. ഒടുവില്‍ കാര്യമായി വിയര്‍ക്കാതെ തന്നെ ഒരോവര്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ വീണ്ടുമൊരു അദ്ഭുത വിജയം കുറിക്കുകയും ചെയ്തു.

ഓപ്പണര്‍മാരായ ഇബ്രാഹിം സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബസാസ് (65), റഹ്മാത്ത് ഷാ (77*) എന്നിവരുടെ ഫിഫ്റ്റികള്‍ അഫ്ഗാന്റെ ജയം എളുപ്പമാക്കുകയായിരുന്നു. ഷായും ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും (48*) ചേര്‍ന്നാണ് 49 ഓവറില്‍ അഫ്ഗാന്റെ വിജയം പൂര്‍ത്തിയാക്കിയത്. പാക് ബൗളിങ് ആക്രമണം കളിയുടെ ഒരു ഘട്ടത്തിലും അഫ്ഗാനു വെല്ലുവിളി സൃഷ്ടിച്ചില്ല.
അവരുടെ ന്യൂബോള്‍ ആക്രമണത്തെയും മധ്യഓവറുകളിലെ സ്പിന്‍ ബൗളിങിനെയും അനായാസം നേരിട്ട് അഫ്ഗാന്‍ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് അഫ്ഗാന്‍ ടീം രണ്ടു കളികള്‍ ജയിച്ചുകയറിയത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ ഏഴു വിക്കറ്റിനു 282 റണ്‍സെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ബാബര്‍ ആസമായിരുന്നു പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍. 74 റണ്‍സുമായി അദ്ദേഹം പാക് ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടു. 92 ബോളുകള്‍ നേരിട്ട ബാബറിന്റെ ഇന്നിങ്‌സില്‍ നാലു ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
58 റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുള്ള ഷഫീഖാണ് പാക് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന അദ്ദേഹം 75 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഒരു ഘട്ടത്തില്‍ പാക് ടീം 250 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശമായിരുന്നു. 40 ഓവറുകള്‍ കഴിയുമ്പോള്‍ അവരുടെ സ്‌കോര്‍ ബോര്‍ഡില്‍ നാലു വിക്കറ്റിനു 191 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ അവസാന 10 ഓവറില്‍ 91 റണ്‍സ് വാരിക്കൂട്ടി പാകിസ്താന്‍ 282ലെത്തുകയായിരുന്നു. ഷദാബ് ഖാന്റെയും ഇഫ്തിഖാര്‍ അഹമ്മദിന്റെയും മികച്ച ഫിനിഷിങാണ് പാക് ടീമിനു മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ഇരുവരും 40 റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു. ഇഫ്തിഖാര്‍ 27 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറും പറത്തിയപ്പോള്‍ ഷദാബ് 38 ബോളില്‍ ഓരോ ഫോറും സിസ്‌കറും നേടി.

25 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. അഫ്ഗാനിസ്താനു വേണ്ടി യുവ സ്പിന്നര്‍ നൂര്‍ അഹമ്മദ് മൂന്നു വിക്കറ്റുകളെടുത്തു. നവീനുള്‍ ഹഖിനു രണ്ടു വിക്കറ്റുകളും ലഭിച്ചു. പാകിസ്താനു മികച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ ഷഫീഖും ഇമാമുള്‍ ഹഖും നല്‍തിയത്.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇമാം പുറത്തായ ശേഷം ഷഫീഖ്- ബാബര്‍ ജോടി 54 റണ്‍സുമായി പാക് സ്‌കോര്‍ 100 കടത്തി. 10 റണ്‍സിനിടെ ഷഫീഖും റിസ്വാനും പുറത്തായതോടെ പാകിസ്താന്‍ മൂന്നിനു 120 റണ്‍സെന്ന നിലയിലായി.
നാലാം വിക്കറ്റില്‍ ബാബര്‍- സൗദ് ജോടിയും അഞ്ചാം വിക്കറ്റില്‍ ബാബര്‍- ഷദാബ് ജോടിയും 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാക് ടോട്ടല്‍ 200 കടക്കുകയായിരുന്നു. ടീം സ്‌കോര്‍ 206ല്‍ വച്ച് ബാബര്‍ പുറത്തായ ശേഷമായിരുന്നു ഇഫ്തിഖാര്‍-ഷദാബ് സഖ്യത്തിന്റെ കിടിലന്‍ ഫിനിഷിങ്.
നേരത്തേ ടോസിനു ശേഷം പാക് ക്യാപ്റ്റന്‍ ബാബര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് പാകിസ്താന്‍ ഇറങ്ങിയത്. അസുഖം കാരണം മുഹമ്മദ് നവാസിനു സ്ഥാനം നഷ്ടമായപ്പോള്‍ പകരം ടീമിലേക്കു വന്നത് ഷദാബായിരുന്നു. മറുഭാഗത്ത് അഫ്ഗാന്‍ ടീമില്‍ ഫസല്‍ഹഖ് ഫറൂഖിക്കു പകരം നൂര്‍ അഹമ്മദും കളിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഉസാമ മിര്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, ഇബ്രാഹിം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, നവീനുള്‍ ഹഖ്.