ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ തങ്ങളാണെന്നു തെളിയിച്ചുകൊണ്ട് ടൂര്‍ണമെന്റില്‍ വീണ്ടുമൊരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്താന്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലാമത്തെ വിജയമാണ് അവര്‍ കൈക്കലാക്കിയത്. കഴിഞ്ഞ ദിവസം ലഖ്‌നൗലില്‍ നടന്ന കളിയില്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാന്‍ തകര്‍ത്തുവിട്ടത്. ഇതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കുകയെന്ന സ്വപ്‌നത്തിലേക്കു ഒരു പടി കൂടി അടുത്തിരിക്കുകയാണ് അഫ്ഗാന്‍.
പോയിന്റെ് പട്ടികയിലും വലിയ മുന്നേറ്റം നടത്താന്‍ ഈ വിജയത്തോടെ അഫ്ഗാന് സാധിച്ചിരിക്കുകയാണ്. പാകിസ്താനെ പിന്തള്ളി അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ഏഴു കളിയില്‍ നിന്നും നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റുമായാണ് അഫ്ഗാന്റെ പക്കലുള്ളത്. -0.330 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്.

അഫ്ഗാനിസ്താന്റെ മിന്നുന്ന വിജയം കാരണം പാകിസ്താനുള്‍പ്പെടെയുള്ള ടീമുകള്‍ക്കു പണി കിട്ടിയിരിക്കുകയാണ്. പാകിസ്താന് ഇപ്പോള്‍ ഏഴു കളിയില്‍ നിന്നും മൂന്നു ജയവും നാലു തോല്‍വിയുമടക്കം ആറു പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റ് -0.024 ആണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു പോയിന്റ് വീതം നേടി തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് ടീമുകളും പുറത്താവലിന്റെ വക്കിലാണ്.
അഫ്ഗാനിസ്താന്‍ പോയിന്റ് പട്ടികയല്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യയുമായി സെമി ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. സെമിയില്‍ അഫ്ഗാനിസ്താനെ എതിരാളികളായി ലഭിച്ചാല്‍ ഇന്ത്യക്കു വിജയം കൂടുതല്‍ എളുപ്പമായി മാറുുകയും ചെയ്യും. ന്യൂസിലാന്‍ഡ്, പാകിസ്താന്‍ ടീമുകള്‍ക്കു ഇനിയുള്ള മല്‍സരങ്ങളില്‍ തിരിച്ചടി നേരിട്ടാല്‍ അഫ്ഗാനു സെമി സാധ്യതയുണ്ട്.
പോയിന്റ് പട്ടികയില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ള ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, അഫ്ഗാന്‍ എന്നിവര്‍ക്കെല്ലാം എട്ടു പോയിന്റാണുള്ളത്. ഇവരില്‍ മെച്ചപ്പെട്ട നെറ്റ് റേറ്റുള്ളത് ഒരു മല്‍സരം കുറച്ചു കളിച്ച ഓസ്‌ട്രേലിയക്കാണ് (+0.970). ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് +0.484 ആണ്. ഓസീസ് അടുത്ത മല്‍സരം ജയിച്ചാല്‍ 10 പോയിന്റോടെ അവര്‍ സെമി ഫൈനലിനു ഒരുപടി കൂടി അടുക്കും.

24 മണിക്കൂറിനുള്ളില്‍ ലോകകപ്പില്‍ നടക്കാനിരിക്കുന്നത് രണ്ടു നിര്‍ണായക പോരാട്ടങ്ങളാണ്. പല ടീമുകളുടെയും സെമി ഫൈനല്‍ ഭാവി നിര്‍ണയിക്കുന്ന മല്‍സരങ്ങളാണ് ഇവ. ഇന്നു രാവിലെ (ശനി) നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ് ഏറ്റവും നിര്‍ണായകം. ഈ കളിയില്‍ ആരു ജയിക്കുമെന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഈ മല്‍സരത്തില്‍ പാകിസ്താന്‍ ജയിക്കുന്നതാണ് കൂടുതല്‍ ടീമുകള്‍ക്കും ഗുണം ചെയ്യുക.
കാരണം ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താനായാല്‍ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യത 56 ശതമാനം വരെ വര്‍ധിക്കും. ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, ഇംഗ്ലണ്ട് ടീമുകളുടെ നേരിയ സാധ്യത നിലനില്‍ക്കുകയും ചെയ്യും. ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ ടീമുകള്‍ക്കും ഇതു ഗുണം ചെയ്യും. ന്യൂസിലാന്‍ഡിന്റെ സെമി സാധ്യതയ്ക്കു മാത്രമേ പാക് വിജയം കൊണ്ടു വലിയ തിരിച്ചടി നേരിടുകയുള്ളൂ.
പക്ഷെ പാകിസ്താനെതിരേ ന്യൂസിലാന്‍ഡ് വിജയം കൊയ്താല്‍ പല ടീമുകളുടെയും ചീട്ട് കീറും. കിവികള്‍ ജയിച്ചാല്‍ നാലു ടീമുകളാണ് ഒറ്റയടിക്കു ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുക. പാകിസ്താന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്, നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് എന്നിവരാണ് ന്യൂസിലാന്‍ഡ് ജയിക്കുകയാണെങ്കില്‍ ലോകകപ്പില്‍ നിന്നും പുറത്താവുന്ന ടീമുകള്‍. കൂടാതെ ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്താന്‍ ടീമുകളുടെ സെമി സാധ്യത ഇതു കുറയ്ക്കുകയും ചെയ്യും.