ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്. കംഗാരുപ്പടയ്‌ക്കൊപ്പം മൂന്നു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
1999ലായിരുന്നു ഓസീസ് കുപ്പായത്തില്‍ ഗില്ലി ആദ്യമായി ലോക കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് 2003, 2007 വര്‍ഷങ്ങളിലും ലോകകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിു സാധിക്കുകയും ചെയ്തു. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിലെ 10 വേദികളിലായി നടക്കുന്നത്.

10 ടീമുകള്‍ ലോക കിരീടത്തിനായി പോരടിക്കും. റൗണ്ട് റോബിന്‍ രീതിയിലായിരിക്കും ടൂര്‍ണമെന്റ്. അതുകൊണ്ടു തന്നെ ഓരോ ടീമിനും ഒമ്പതു മല്‍സരങ്ങള്‍ വീതം പ്രാഥമിക റൗണ്ടിലുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.
നാലു ടീമുകളാണ് ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്നാണ് ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം. ഇതില്‍ രണ്ടും ഏഷ്യന്‍ ടീമുകളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ആതിഥേയരായ ഇന്ത്യയെക്കൂടാതെ തന്റെ ടീമായ ഓസ്‌ട്രേലിയ, നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരെയാണ് കിരീട ഫേവറിറ്റായി ഗില്ലി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ 2019ലെ കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡ്, കരുത്തരായ സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരെയെല്ലാം ഗില്‍ക്രിസ്റ്റ് തഴയുകയും ചെയ്തു.
ഇന്ത്യയും പാകിസ്താനും ഇത്തവണ ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരായിരിക്കും സെമിയിലെ മറ്റു രണ്ടു ടീമുകളെന്നും പിടിഐയോടു ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് തനിക്കുള്ളതെന്നും അവര്‍ ഇന്ത്യയില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സൗത്താഫ്രിക്കയുമായി സമാപിച്ച പരമ്പരയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചതിനു ശേഷമായിരിക്കും ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നത്. ഇന്ത്യക്കെതിരായ ലോകകപ്പിലെ ആദ്യ മല്‍സരത്തിനു മുമ്പ് ഇനി മൂന്നു കളികള്‍ ഓസീസ് ടീമിനു മുന്നിലുണ്ട്. ഏറെക്കുറെ ശക്തായ ടീമിനെ തന്നെയാണ് ഈ പരമ്പരയില്‍ ഓസ്‌ട്രേലിയ ഇറക്കുന്നത്.

അതുകൊണ്ടു തന്നെ ടീമെന്ന നിലയില്‍ അവരുടെ സ്ഥാനം എവിടെയാണെന്നു നമുക്കു അറിയാന്‍ സാധിക്കും. ലോകകപ്പില്‍ ഏതു ടീമായിരിക്കും ചാംപ്യന്‍മാരാവുകയെന്നു പറയുക അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും സെമി ഫൈനലിലെത്തുന്നവര്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകളായിരിക്കുമെന്നു താന്‍ കരുതുന്നതായും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.
ലോകകകപ്പിനു മുമ്പ് ഇന്ത്യയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഓസ്‌ട്രേലിയ ഏറ്റുമുട്ടുക. ഈ വെള്ളിയാഴ്ച മൊഹാലിയിലാണ് ആദ്യ ഏകദിനം. സൗത്താഫ്രിക്കയോടു ഏകദിന പരമ്പരയില്‍ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയ ശേഷമാണ് ഓസീസ് ടീം ഇന്ത്യയിലെത്തുന്നത്. ആദ്യ രണ്ടു കളിയിലും ജയിച്ച ശേഷം ശേഷിച്ച മൂന്നു മല്‍സരങ്ങളും തോറ്റ് ഏകദിന പരമ്പര 2-3നു ഓസ്‌ട്രേലിയ കൈവിട്ടിരുന്നു.
ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ്
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ്, സീന്‍ ആബട്ട്, ആഷ്ടണ്‍ ഏഗര്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്.