Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ പാകിസ്താനെ ചതിച്ച് പുറത്താക്കി, ആ സൗകര്യം നല്‍കിയില്ല! ആരോപിച്ച് റസാഖ്

കറാച്ചി: ഏകദിന ലോകകപ്പിലെ പാകിസ്താന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പാകിസ്താന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2.3 ഓവറില്‍ മറികടന്ന് ജയിച്ചാലോ 275 റണ്‍സിന് തോല്‍പ്പിച്ചാലോ മാത്രമെ പാകിസ്താന് സെമിയിലെത്താനാവൂ. ഇത് ഏറെക്കുറെ അസാധ്യമായതിനാല്‍ പാകിസ്താന്‍ സെമി കാണില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഇത്തവണ വലിയ തിരിച്ചടികളാണ് പാകിസ്താന് നേരിടേണ്ടി വന്നത്. ഇന്ത്യയോട് നാണംകെട്ടതും അഫ്ഗാനിസ്ഥാനോട് തോറ്റതുമെല്ലാം പാകിസ്താന് വലിയ നാണക്കേടായി. വലിയ പൊട്ടിത്തെറികളാണ് പാക് ടീമില്‍ സംഭവിച്ചിരിക്കുന്നത്. മുഖ്യ സെലക്ടറായ ഇന്‍സമാം ഉല്‍ ഹഖടക്കം പാതിവഴിയില്‍ സ്ഥാനം ഒഴിഞ്ഞു. ലോകകപ്പിന് പിന്നാലെ ബാബര്‍ ആസമിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. ഇപ്പോഴിതാ പാകിസ്താന്‍ സെമി കാണില്ലെന്ന് ഉറപ്പായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം അബ്ദുല്‍ റസാഖ്.

പാകിസ്താന്റെ തകര്‍ച്ചക്ക് കാരണം ഇന്ത്യ സ്വാതന്ത്രം നല്‍കാത്തതാണെന്ന വിചിത്ര ആരോപണമാണ് റസാഖ് ഉന്നയിച്ചിരിക്കുന്നത്. 'ഇന്ത്യയില്‍ പാകിസ്താന്‍ ടീമിന് സ്വാതന്ത്ര്യമില്ല. ഹോട്ടലില്‍ നിന്ന് പുറത്തുപോകാനോ ആസ്വദിക്കാനോ ഉള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ പാക് താരങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടല്‍വിട്ട് പുറത്തുപോകാന്‍ താരങ്ങള്‍ക്കാവുന്നില്ല. താരങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം.

ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കില്‍ താരങ്ങള്‍ക്ക് മികച്ച മാനസിക നില കൈവരിക്കാനോ മികച്ച പ്രകടനം നടത്താനോ സാധിക്കില്ല'-പാക് ചാനലില്‍ സംസാരിക്കവെ റസാഖ് പറഞ്ഞു. എന്നാല്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് റസാഖിനെതിരേ ഉയരുന്നത്. പാകിസ്താന്റെ സെമി പ്രതീക്ഷ അവസാനിച്ചതോടെ നാണക്കേട് മറയ്ക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയില്‍ കളിച്ചിട്ടുള്ള താരമായിട്ടും ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്.

pakistan

പാകിസ്താന്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ടീം തിരഞ്ഞെടുപ്പ് മുതല്‍ പല പ്രശ്‌നങ്ങളും ടീമിന് സംഭവിച്ചിട്ടുണ്ട്. പാകിസ്താന്റെ തോല്‍വിയും മോശം പ്രകടനവും ഉള്‍ക്കൊള്ളാതെ ഇന്ത്യയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ഒരു പാക് താരം ഇന്ത്യ ഡിആര്‍എസില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇന്ത്യക്ക് പ്രത്യേക പന്ത് ലഭിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം നാണംകെടുകയാണ് പാകിസ്താന്‍ ചെയ്യുന്നത്.

ഇന്ത്യയില്‍ മികച്ച അന്തരീക്ഷമാണ് എല്ലാ ടീമുകള്‍ക്കും നല്‍കുന്നത്. ഹൈദരാബാദില്‍ മത്സരം നടന്നപ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ ബിരിയാണി കഴിച്ച് ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കൊല്‍ക്കത്തയില്‍ പാക് നായകന്‍ ബാബര്‍ ആസം ഷോപ്പിങ് നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും റസാഖ് കാണുന്നില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാദങ്ങള്‍ സൃഷ്ടിക്കാതെ പാകിസ്താന് ജയിക്കാനുള്ള വഴി പറഞ്ഞുകൊടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

പാകിസ്താന്റെ പ്രധാന പ്രശ്‌നം ഒത്തിണക്കമില്ലായ്മയാണ്. നായകനായ ബാബര്‍ ആസമിന് ആരും വില നല്‍കുന്നില്ല. ടീമിനുള്ളില്‍ ഐക്യമില്ലെന്നത് ഇത്തവണ ടീം പിന്നോട്ട് പോകാനുള്ള പ്രധാന കാരണമായി മാറി. പാകിസ്താന്റെ അവസാന മത്സരം ഇംഗ്ലണ്ടിനെതിരേയാണ്. ഇതില്‍ ജയിച്ച് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യോഗ്യത നിലനിര്‍ത്താനാണ് പാകിസ്താന്‍ ശ്രമിക്കേണ്ടത്. നേരത്തെ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്കെതിരേ പാകിസ്താന്‍ പരാതി നല്‍കിയിരുന്നു.

ഇത്തവണ ഇന്ത്യയില്‍ ലോകകപ്പ് നേടുമെന്ന് വെല്ലുവിളിച്ചാണ് ബാബര്‍ ആസം എത്തിയത്. എന്നാല്‍ തിരിച്ചുപോകുമ്പോള്‍ നായകസ്ഥാനമടക്കം നഷ്ടമാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. സെമിയില്‍ ഇന്ത്യ-പാക് പോരാട്ടം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിന് ഇനി യാതൊരു സാധ്യതയുമില്ലെന്ന് പറയാം.

Story first published: Friday, November 10, 2023, 8:20 [IST]
Other articles published on Nov 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+