For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആരൊക്കെ സെമി കളിക്കും? ഇന്ത്യക്ക് ഫൈനല്‍ സീറ്റുറപ്പ്! ആകാശിന്റെ പ്രവചനം

മുംബൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇത്തവണ ഇന്ത്യയുടെ മണ്ണിലാണ് ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം ഇന്ത്യയെ വിറപ്പിക്കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയൊരു മുന്‍തൂക്കം അവകാശപ്പെടാനാവില്ല.

ഇത്തവണത്തെ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ സജീവമാണ്. ഗ്ലെന്‍ മഗ്രാത്ത് ഉള്‍പ്പെടെ പലരും തങ്ങളുടെ പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളില്ലാത്ത പ്രവചനമാണ് ആകാശ് നടത്തിയിരിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ സെമി കളിക്കുമെന്ന് എല്ലാവരും വിലയിരുത്തുന്നു. ഇതേ അഭിപ്രായമാണ് ആകാശിനുമുള്ളത്.

ഇന്ത്യ സെമി കളിക്കുമെന്ന കാര്യത്തില്‍ അകാശിനും സംശയമില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീം താരസമ്പന്നമാണ്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ ഫിറ്റ്‌നസാണ് പ്രശ്‌നമായുള്ളത്. രണ്ട് പേരും നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തുമെന്നാണ് വിവരം. ഇവര്‍ ഫിറ്റ്‌നസും ഫോമും വീണ്ടെടുത്താല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. അല്ലാത്ത പക്ഷം ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുകയും ചെയ്യും.

ഇന്ത്യയുടെ പേസ് നിരയും സ്പിന്‍ നിരയും ശക്തമാണ്. ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കും ഫോമിലേക്കും ബുംറക്ക് എത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 'ആതിഥേരയാവുന്നതിനാല്‍ത്തന്നെ ഇന്ത്യയാണ് ഫേവറേറ്റുകള്‍. അവസാന മൂന്ന് ലോകകപ്പുകളിലും ആതിഥേയരായ ടീമുകള്‍ കിരീടം നേടുന്നതാണ് കണ്ടത്. ഇന്ത്യയെ കൂടാതെ പാകിസ്താനും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമി കളിക്കും'-ആകാശ് ചോപ്ര പറഞ്ഞു.

india

പാകിസ്താനെ എല്ലാവരും ഭയക്കണം. സംതുലിതമായ ടീമാണ് പാകിസ്താന്‍. ബാറ്റിങ് നിരയില്‍ ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാം കരുത്ത് പകരുമ്പോള്‍ ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ ബൗളിങ്ങുമുണ്ട്. ഇടം കൈയന്‍ പേസര്‍മാര്‍ മിക്ക ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമാണ്. മികച്ച ലൈനും ലെങ്തും സ്വിങ്ങുമുള്ള ഷഹീന്റെ ബൗളിങ് ലോകകപ്പില്‍ പാകിസ്താന് നിര്‍ണ്ണായകമാവും.

ഹാരിസ് റഊഫിന്റെയും നസീം ഷായുടെയും മിന്നല്‍ വേഗതയിലുള്ള പന്തുകള്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത്തവണ ഇന്ത്യയില്‍ പാകിസ്താന്‍ ലോകകപ്പ് നേടിയാലും അത്ഭുതപ്പെടാനാവില്ല. അത്രത്തോളം മികച്ച താരസമ്പത്തുമായാണ് പാകിസ്താന്റെ വരവ്. ഓസ്‌ട്രേലിയ ചാമ്പ്യന്മാരുടെ നിരയാണ്. ഏത് മൈതാനത്തും ഒരുപോലെ മികവ് കാട്ടാന്‍ കംഗാരുക്കള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസീസ്.

ഇതിനോടകം പ്രാഥമിക ടീമിനെയടക്കം പ്രഖ്യാപിച്ച് തങ്ങളുടെ ലോകകപ്പ് മുന്നൊരുക്കം ഓസീസ് വ്യക്തമാക്കിക്കഴിഞ്ഞു. ഒരു കാലത്ത് ഹാട്രിക് ലോകകപ്പുകള്‍ നേടി വിസ്മയിപ്പിച്ച ഓസീസ് ഇന്ത്യയില്‍ വിശ്വകിരീടം നേടുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ആദം സാംബ എന്നിവരെല്ലാം ഓസീസിന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്.

ഇംഗ്ലണ്ട് നിലവിലെ ലോകകപ്പ് ജേതാക്കളാണ്. ഇത്തവണയും കരുത്തരായ താരങ്ങളുടെ കൂട്ടമാണ് ഇംഗ്ലണ്ട്. ഒട്ടുമിക്ക ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്ലില്‍ സജീവമായവരാണ്. അതുകൊണ്ടുതന്നെ വലിയ അനുഭവസമ്പത്തും ഇവര്‍ക്കുണ്ട്. ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയ വമ്പന്മാരെല്ലാം അണിനിരക്കുന്ന ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് നേടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Friday, August 11, 2023, 17:02 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+