മുംബൈ: ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ഏകദിന ലോകകപ്പ് വരികയാണ്. ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പിന്റെ ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. 2019ലെ ഫൈനലിന്റെ ആവര്‍ത്തനമായി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ഇത്തവണ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 5ന് അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം.
2011ന് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമൊരു ലോകകപ്പ് വിരുന്നെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ആതിഥേയര്‍ പ്രതീക്ഷിക്കുന്നില്ല. ആരാധക ഹൃദയം കീഴടക്കിയ ചില സൂപ്പര്‍ താരങ്ങളുടെ അവസാന ഏകദിന ലോകകപ്പായി ഇത്തവണത്തേത് മാറിയേക്കും. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ബാല്യം ശേഷിക്കാത്തവരായ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. ഓപ്പണിങ്ങിലിറങ്ങി എതിരാളികളുടെ ഉറക്കം കെടുത്ത ഹിറ്റ്മാന്റെ സമീപകാല പ്രകടനങ്ങളൊന്നും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. പ്രായവും ഫിറ്റ്‌നസും രോഹിത്തിനെ തളര്‍ത്തുന്നു. നാലുവര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാന്‍ രോഹിത്തിന് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് രോഹിത്തിന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് പറയാം.
ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മയാവും. ഇന്ത്യയെ കിരീടം ചൂടിച്ച് പടിയിറങ്ങാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും പരിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ രോഹിത്തിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെയും അവസാന ഏകദിന ലോകകപ്പായി ഇത് മാറാന്‍ സാധ്യതയുണ്ട്. നാല് വര്‍ഷം കൂടി കളി തുടരാന്‍ കോലിക്ക് ഫിറ്റ്‌നസുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പഴയ ഫോമില്‍ കളിക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിനാവുന്നില്ല. ഈ സാഹചര്യത്തില്‍ നാല് വര്‍ഷത്തിന് ശേഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് കോലിയെ പരിഗണിക്കപ്പെടുമോയെന്നത് കണ്ടറിയേണ്ടതാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറെ ലോകകപ്പ് കിരീടത്തോടെ സഹതാരങ്ങള്‍ യാത്രയാക്കിയതുപോലെ വിരാട് കോലിക്ക് കിരീടത്തോടെ ഉജ്ജ്വലമായ യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. മൂന്നാമത്തെ താരം ഡേവിഡ് വാര്‍ണറാണ്. ഓസീസിന്റെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളായ വാര്‍ണര്‍ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വാര്‍ണറുടെ സമീപകാല പ്രകടനങ്ങളൊന്നും വലിയ മികവ് അവകാശപ്പെടാവുന്നതല്ല.
യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ ലോകകപ്പിന് പിന്നാലെ വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. വാര്‍ണറുടെ അവസാന ഏകദിന ലോകകപ്പായിരിക്കും ഇന്ത്യയിലേതെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. നാലാമത്തെ താരം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. ഫാബുലസ് ഫോറില്‍ പേരുചേര്‍ക്കപ്പെട്ട സ്മിത്തും ഇനിയൊരു ഏകദിന ലോകകപ്പ് കളിച്ചേക്കില്ല. ടെസ്റ്റിലെ ഇതിഹാസമാണ് സ്മിത്ത്.
എന്നാല്‍ ഏകദിനത്തില്‍ സ്മിത്തിനെ ഓസീസിന്റെ നട്ടെല്ലെന്ന് വിളിക്കാനാവില്ല. ഇത്തവണ ഏകദിന ലോകകപ്പില്‍ സ്മിത്തിന് സീറ്റുറപ്പാണ്. എന്നാല്‍ ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചേക്കില്ല. അഞ്ചാമത്തെ താരം ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ്. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്ന വില്യംസണിന് പഴയ മികവ് പ്രകടനത്തിലും കാട്ടാനാവുന്നില്ല. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് വില്യംസണിന്റെ അവസാന ലോകകപ്പായി മാറാനാണ് സാധ്യത.
2019ലെ ലോകകപ്പില്‍ കിവീസിനെ ഫൈനലിലേക്കെത്തിക്കാന്‍ വില്യംസണിനായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് തോറ്റു. അവസാന ഐപിഎല്ലിനിടെ പരിക്കേറ്റ വില്യംസണ്‍ ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണ്. ലോകകപ്പിന് മുമ്പായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിന് സാധിക്കാതെ പോയാല്‍ ചിലപ്പോള്‍ ഇനിയൊരു ലോകകപ്പ് കളിക്കാനാവാതെ വില്യംസണിന് വിടപറയേണ്ടി വരും. ഇന്ത്യയില്‍ വില്യംസണില്ലാതെ കളിക്കേണ്ടി വന്നാല്‍ ന്യൂസീലന്‍ഡിനത് വലിയ തിരിച്ചടിയാവാനും സാധ്യതയുണ്ട്.