മുംബൈ: ഏകദിന ലോകകപ്പിലെ പോരാട്ടങ്ങള്‍ കടുക്കുകയാണ്. ലോകകപ്പ് ആവേശം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പല വമ്പന്‍ ജയങ്ങളും അട്ടിമറികളുമെല്ലാം ഇതിനോടകം കണ്ടു. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചപ്പോള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സും ഞെട്ടിച്ചു. ടൂര്‍ണമെന്റ് പുരോഗമിക്കവെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ന്യൂസീലന്‍ഡും ഇന്ത്യയുമാണ് തോല്‍വി അറിയാതെ മുന്നോട്ട് പോകുന്നത്.
ഓസീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമെല്ലാം തോറ്റു. ലോകകപ്പ് ആവേശകരമായ മൂന്നാം വാരത്തിലേക്ക് കടക്കവെ ചില സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും ബെഞ്ചിലാണ്. ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതെ ബെഞ്ചിലിരിക്കുകയാണ് ഇവര്‍. ഇത്തരത്തില്‍ തഴയപ്പെട്ട് നില്‍ക്കുന്ന നാല് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാറിനെ ഇന്ത്യ സഞ്ജു സാംസണെ തഴഞ്ഞാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
അവസാന ഓസീസ് പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച സൂര്യകുമാറിന് ആദ്യത്തെ നാല് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. പ്രധാന എതിരാളികള്‍ക്കെതിരേ സൂര്യകുമാറിന് അവസരം ലഭിക്കാന്‍ സാധ്യതയുമില്ലെന്ന് പറയാം. ഇനി നെതര്‍ലന്‍ഡ്‌സിനെതിരേയാണ് സൂര്യകുമാറിന് അവസരം ലഭിക്കാന്‍ സാധ്യത. അതിലും തഴഞ്ഞാല്‍ ടൂര്‍ണമെന്റിലുടെനീളം താരത്തിന് ബെഞ്ചിലിരിക്കേണ്ടി വരും. അവസാന 10 ഓവറിലേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് സൂര്യകുമാര്‍.
ഡെത്തോവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി മത്സരഫലത്തെ മാറ്റിമറിക്കാന്‍ സൂര്യകുമാറിന് കഴിവുണ്ട്. എന്നാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയില്ലെന്ന് പറയാം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുണ്ടെങ്കിലും സ്ഥിരതയുള്ള താരമല്ലെന്നതാണ് സൂര്യയെ തഴയാനുള്ള കാരണം. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം നിലവില്‍ സൂര്യയെക്കാള്‍ ഒരുപടി മുകളിലാണ്. അതുകൊണ്ടുതന്നെ സൂര്യ ബെഞ്ചില്‍ തുടര്‍ന്നേക്കും.

രണ്ടാമത്തെ താരം ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ്. സീനിയര്‍ പേസറായ ഷമിക്ക് ഇത്തവണ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിട്ടില്ല. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ടീം വിശ്വസിക്കുന്നത്. ഇതോടെ ഷമി ബെഞ്ചിലിരിക്കുന്നു. നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ഷമി അവുഭവസമ്പന്നനായ താരവുമാണ്. എന്നാല്‍ ആദ്യത്തെ നാല് മത്സരത്തിലും ഇന്ത്യ താരത്തെ തഴഞ്ഞിരിക്കുകയാണെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
സിറാജ് പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെക്കുന്നത്. നന്നായി തല്ലുവാങ്ങുന്ന താരത്തിന് പകരം ഷമിയെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ സിറാജിനെ വിശ്വസിക്കുന്നു. പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ പരിഗണിക്കുന്നു. എന്നാല്‍ ടീമില്‍ യാതൊരു ഇംപാക്ടും ശാര്‍ദ്ദുല്‍ സൃഷ്ടിക്കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ശാര്‍ദ്ദുലിനെ പുറത്തിരുത്തി ഷമിയെ കളിപ്പിക്കാനും ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ല.
മൂന്നാമത്തെ താരം ശ്രീലങ്കയുടെ ഓപ്പണറായ ദിമുത് കരുണരത്‌നയാണ്. ഇടം കൈയന്‍ ഓപ്പണറായ താരം ശ്രീലങ്കയുടെ ടെസ്റ്റ് നായകനാണ്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ പ്രതീക്ഷിച്ച മികവ് കാട്ടുന്നില്ല. അവസാനം കളിച്ച ഏഷ്യാ കപ്പില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇതോടെ കരുണരത്‌ന തഴയപ്പെടുകയായിരുന്നു. കുശാല്‍ പെരേര ഭേദപ്പെട്ട പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ കരുണരത്‌ന ബെഞ്ചില്‍ തുടരാനാണ് സാധ്യത കൂടുതല്‍.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് മറ്റൊരു താരം. പരിക്കാണ് സ്റ്റോക്‌സിന് തിരിച്ചടിയായിരിക്കുന്നത്. ഏകദിനത്തില്‍ നിന്ന് വിരമിച്ച സ്റ്റോക്‌സ് ലോകകപ്പ് കളിക്കുന്നതിന് വേണ്ടിയാണ് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിപ്പിച്ചത്. എന്നാല്‍ വില്ലനായി പരിക്ക് എത്തുകയായിരുന്നു. ആദ്യ മത്സരങ്ങളൊന്നും കളിക്കാത്ത സ്റ്റോക്‌സ് എത്രയും വേഗം തിരിച്ചെത്താനാണ് ഇംഗ്ലണ്ട് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. മോശം ഫോമിലുള്ള ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ സ്റ്റോക്‌സ് തിരിച്ചുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം.