മുംബൈ: വിശ്വ കിരീട ജേതാക്കളെ തേടിയുള്ള മറ്റൊരു ലോകകപ്പ് പോരാട്ടം വരികയാണ്. ഇത്തവണ ഇന്ത്യ ആതിഥേയരാവുമ്പോള്‍ ആവേശം വാനോളം. 2011ല്‍ എംഎസ് ധോണിയെന്ന ഇതിഹാസ നായകന്റെ കൈപിടിച്ച് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടിരുന്നു. 12 വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് ലോകകപ്പെത്തുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമോയെന്നതാണ് അറിയേണ്ടത്. ഇത്തവണ രോഹിത് ശര്‍മയെന്ന മികച്ച നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ഇന്ത്യക്കൊപ്പമുണ്ട്.
ഇവരോടൊപ്പം എന്തിനും പോന്ന മികച്ച താരനിരയും ഇന്ത്യക്ക് അവകാശപ്പെടാനാവും. സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് പറയാമെങ്കിലും പരിക്കിന്റെ വലിയ ആശങ്ക ഇന്ത്യയെ അലട്ടുന്നുണ്ട്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിങ്ങനെ പരിക്കേറ്റ സൂപ്പര്‍ താരങ്ങളുടെ പട്ടിക നീണ്ടുപോകും. ഇതില്‍ കെ എല്‍ രാഹുലും ജസ്പ്രീത് ബുംറയും മടങ്ങിവരാനൊരുങ്ങുകയാണ്. എന്നാല്‍ പരിക്കിന് ശേഷമുള്ള പ്രകടനം കണ്ടറിയണം.

ഇതില്‍ ഇന്ത്യയുടെ പ്രധാന തലവേദന നാലാം നമ്പറിലാണ്. ശ്രേയസ് അയ്യര്‍ക്ക് ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ നാലാം നമ്പറിലെ ബെസ്റ്റ് താരത്തെ ഇന്ത്യ കണ്ടെത്തണം. ഏകദിന ഫോര്‍മാറ്റില്‍ വളരെ നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനാണിത്. ലോകകപ്പിലെ സമ്മര്‍ദ്ദം അതിജീവിച്ച് നാലാം നമ്പറില്‍ കസറാന്‍ ആര്‍ക്ക് സാധിക്കും? ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.
ശ്രേയസ് കളിക്കാതെ വന്നാല്‍ പ്രഥമ പരിഗണന കെ എല്‍ രാഹുലിനാവും. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള താരം ഏഷ്യാ കപ്പിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. നേരത്തെ ഇന്ത്യയുടെ ഓപ്പണറായിരുന്ന രാഹുല്‍ ഇപ്പോള്‍ മധ്യനിരയിലാണ് കളിക്കുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനവും രാഹുല്‍ കാഴ്ചവെച്ചിരുന്നു. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള സീനിയര്‍ താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനാവും പ്രധാന പരിഗണന.
രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതോടൊപ്പം വിക്കറ്റ് കീപ്പറാക്കാനും സാധിക്കും. പരിക്കിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ അടിസ്ഥാനമാക്കിയാണ് റോള്‍ തീരുമാനിക്കപ്പെടുക. പരിഗണിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പക്ഷെ സ്ഥിരതയാണ് പ്രശ്‌നം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്.
ആരെയും ഭയമില്ലാത്ത ബാറ്റ്‌സ്മാനുമാണ്. വിക്കറ്റിന് പിന്നില്‍ രാഹുലിനെക്കാള്‍ മികച്ചവനും സഞ്ജുവാണ്. ഇപ്പോള്‍ ഇന്ത്യ കൂടുതല്‍ അവസരം സഞ്ജുവിന് നല്‍കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഏകദിന, ടി20 ടീമില്‍ സഞ്ജുവുണ്ട്. മികവുകാട്ടാനായാല്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവസരം ലഭിച്ചേക്കും. നാലാം നമ്പറില്‍ സഞ്ജുവിന് സീറ്റ് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സൂര്യകുമാര്‍ യാദവാണ് മറ്റൊരാള്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യ ടി20യിലെ ബാറ്റിങ് വിസ്മയമാണ്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യകുമാര്‍ നാലാം നമ്പര്‍ നോട്ടമിടുന്നുണ്ട്. ഏകദിനത്തില്‍ സൂര്യക്ക് സ്ഥിരത കാട്ടാനാവുന്നില്ല. ഓസീസ് പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കായി താരം നാണംകെട്ടിരുന്നു. എങ്കിലും ഇന്ത്യ സൂര്യയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സൂര്യക്ക് സാധിക്കും.
കുറഞ്ഞ പന്തുകള്‍ കൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കുന്ന ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സൂര്യക്ക് ശേഷിയുണ്ട്. ഏത് സാഹചര്യത്തിലും വെടിക്കെട്ട് പുറത്തെടുക്കാന്‍ കഴിവുള്ള സൂര്യയെ ഇന്ത്യ നാലാം നമ്പറില്‍ പിന്തുണച്ചേക്കും. മറ്റൊരു താരം വിജയ് ശങ്കറാണ്. 2019ലേതുപോലെ 2023ലും അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വിജയ് ശങ്കറിന് സാധിക്കുമോ?. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ വിജയ് ശങ്കറിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യത വളരെ കുറവാണ്.