മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകമെത്താന്‍ ഇനി നാല് മാസം മാത്രമാണ് ബാക്കി. ഇന്ത്യ വേദിയാവുന്ന ലോകകപ്പിനെ ആതിഥേയരെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഏകദിന ലോകകപ്പ് നേട്ടം എളുപ്പമാവില്ല. മികച്ച പദ്ധതികളില്ലാതെ പല പ്രശ്‌നങ്ങളും വലക്കുന്ന ടീമാണ് ഇപ്പോള്‍ ഇന്ത്യ.
നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നിലനില്‍പ്പിന്റെ പ്രശ്‌നമായി ഇത്തവണത്തെ ലോകകപ്പ് മാറും. വരാനിരിക്കുന്ന ഏഷ്യാ കപ്പിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവാത്ത പക്ഷം ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടുക കടുപ്പമാവും. രോഹിത് ശര്‍മ എംഎസ് ധോണിയെ മാതൃകയാക്കണമെന്ന് ഉപദേശിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അതൊട്ടും എളുപ്പമുള്ള കാര്യമല്ല.
ധോണിയെപ്പോലെ വ്യത്യസ്തമായ ശൈലിയില്‍ കളിച്ച നായകനെ പിന്തുടര്‍ന്ന് നേട്ടമുണ്ടാക്കുക വളരെ പ്രയാസമാണ്. രോഹിത് ഐസിസി മത്സരങ്ങളില്‍ മാതൃകയാക്കേണ്ടത് ധോണിയെയല്ല. ഗൗതം ഗംഭീറിനെയാണ് അദ്ദേഹം കണ്ടു പഠിക്കേണ്ടത്. ഗംഭീറില്‍ നിന്ന് രോഹിത് സ്വീകരിക്കേണ്ട മൂന്ന് പാഠങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ശാന്തമായി കളിക്കുകയെന്നതാണ്. ഐസിസി നtuക്കാട്ട് മത്സരങ്ങളിലെ ഏറ്റവും വലിയ വില്ലന്‍ സമ്മര്‍ദ്ദമാണ്. വലിയ സമ്മര്‍ദ്ദം താരങ്ങള്‍ക്കുണ്ടാവും.
ഇതിനെ മറികടക്കാതെ രക്ഷയില്ല. ധോണി സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്തത് അദ്ദേഹത്തിന്റെ സ്വാഭാവികമായ ശൈലികൊണ്ടാണ്. എന്നാല്‍ രോഹിത്തിനെ സംബന്ധിച്ച് അത് ആര്‍ജിച്ച് നേടേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ അദ്ദേഹം മാതൃകയാക്കേണ്ടത് ഗംഭീറിനെയാണ്. വളരെ ശാന്തതയോടെ തന്റെ ജോലി ഭംഗിയായി ചെയ്യുന്ന താരമാണ് ഗംഭീര്‍. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പിലും അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യന്‍ ജയത്തില്‍ ഗംഭീര്‍ നട്ടെല്ലായി.
ശാന്തനായി വന്ന് തന്റെ റോള്‍ കൃത്യമായി ചെയ്യുന്ന ഗംഭീറിന്റെ ശാന്തതയേയും ശ്രദ്ധയേയും എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്. നായകനെന്ന നിലയില്‍ രോഹിത് ഗംഭീറിന്റെ ഈ ബാറ്റിങ് തത്വം പിന്തുടരുന്നത് ഗുണം ചെയ്‌തേക്കും. രണ്ടാമത്തെ കാര്യം ടീമിനുള്ളില്‍ മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ്. ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളിച്ചിരുന്നപ്പോള്‍ ടീമിന്റെ പോരാട്ട വീര്യം ഒന്നുവേറെ തന്നെയായിരുന്നു.

സഹതാരങ്ങളുമായി കേവലം നായകനെന്ന ബന്ധം മാത്രമല്ല ഗംഭീര്‍ സൃഷ്ടിച്ചിരുന്നത്. അവരുടെ ഏത് പ്രശ്‌നത്തിലും ഇടപെടുന്ന മൂത്ത ജേഷ്ടനായിരുന്നു ഗംഭീര്‍. രോഹിത് ശര്‍മക്ക് ഇന്ത്യന്‍ ടീമില്‍ ഈ സ്ഥാനമില്ല. വിരാട് കോലി എല്ലാത്തരത്തിലും സഹതാരങ്ങള്‍ക്ക് മാതൃകയായിരുന്നു. ഈ ബഹുമാനം കോലിക്ക് ഇന്ത്യന്‍ ടീമില്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ബഹുമാനം രോഹിത്തിന് ലഭിക്കുന്നില്ല. രോഹിത്തിന്റെ ഉഴപ്പന്‍ സ്വഭാവത്തോട് പലര്‍ക്കും അതൃപ്തിയുണ്ട്.
മികച്ച ഫിറ്റ്‌നസില്ലാത്ത രോഹിത് യുവതാരങ്ങളെയടക്കം കാര്യമായി പിന്തുണക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തില്‍ രോഹിത് ഗംഭീര്‍ ടീമിനെ കൊണ്ടുപോയ രീതി പിന്തുടരാവുന്നതാണ്. മൂന്നാമത്തെ കാര്യം ഗംഭീറിന്റെ ധൈര്യമാണ്. രോഹിത് ശര്‍മ കളത്തില്‍ ശാന്തനായ താരമാണ്. അധികം ആക്രമണോത്സകത കാട്ടാതെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാനാണ് രോഹിത് ഇഷ്ടപ്പെടുന്നത്. വിദേശ പര്യടനങ്ങളിലെല്ലാം രോഹിത്തിന്റെ ഈ ശൈലി ഇന്ത്യയെ പിന്നോട്ടടിക്കുന്നു.
അതേ സമയം ഗംഭീര്‍ കളത്തില്‍ ശാന്തനാണെങ്കിലും ടീമിന്റെ ആക്രമണോത്സകതയ്ക്ക് കുറവുണ്ടാകില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ മുന്നില്‍ നിന്ന് ഇടപെടുന്നയാളാണ് ഗംഭീര്‍. പക്ഷെ രോഹിത് അത്തരമൊരു സ്വഭാവക്കാരനല്ല. പലപ്പോഴും നോക്കി നില്‍ക്കുന്ന കാഴ്ചക്കാരനായി രോഹിത് മാറുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഹിത് മാതൃകയാക്കേണ്ടത് ഗംഭീറിനെയാണ്. ടീമിന്റെ ആക്രമണോത്സകത ചോരാതെ ടീമിനെ നയിക്കുന്നതിന് ഗംഭീറാണ് മികച്ച മാതൃക.