World Cup 2023: 2011ലെ അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു, ഇത്തവണ കപ്പ് ഇന്ത്യക്ക്- സാമ്യത വൈറല്‍
മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യം കളിച്ച നാല് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ ടീമുകളെ ഇന്ത്യ തോല്‍പ്പിച്ച് കഴിഞ്ഞു. ഇനി ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ വലിയ കടമ്പകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഇതുവരെയുള്ള ടീമിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്.
ഇത്തവണ വലിയ കിരീട പ്രതീക്ഷയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എല്ലാ താരങ്ങളും ഫോമിലാണെന്നത് ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് എത്തുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നു. ഇത്തവണ ഇടവേളക്ക് ശേഷം ഇന്ത്യ വീണ്ടും വിശ്വ വിജയികളാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി 2011ലെ ലോകകപ്പും ഇത്തവണത്തെ ലോകകപ്പും തമ്മിലുള്ള സാമ്യതകള്‍ വൈറലാവുകയാണ്.
2011ല്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ സംഭവിച്ച കാര്യങ്ങളും ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ആവര്‍ത്തിക്കപ്പെട്ടതുമായ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 2011ലേതിന് സമാനമായി ഇത്തവണത്തെ ലോകകപ്പിലും ഒരു മത്സരത്തില്‍ ഇന്ത്യയുടെ അഞ്ച് ബൗളര്‍മാര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. 2011ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ അഞ്ച് ബൗളര്‍മാര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.
ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, യുവരാജ് സിങ് എന്നിവരാണ് രണ്ട് വിക്കറ്റ് വീതം നേടിയത്. ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിലും ഇന്ത്യയുടെ അഞ്ച് ബൗളര്‍മാര്‍ രണ്ട് വിക്കറ്റ് വീതം നേടിയെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് രണ്ട് വിക്കറ്റ് വീതം നേടിയത്. ഈ സാമ്യത ഇന്ത്യ ഇത്തവണയും കിരീടം നേടുമെന്ന സൂചനയാണ് നല്‍കുന്നത്.

രണ്ടാമത്തെ കാര്യം റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു എന്നതാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയെ ഇന്ത്യ 260 റണ്‍സില്‍ ഒതുക്കി. പിന്നീട് യുവരാജ് സിങ്ങിന്റെയും ഗൗതം ഗംഭീറിന്റെയും അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയത്. ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരം ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. 199 റണ്‍സിന് ഓള്‍ഔട്ടായ ഓസീസിനെ ഇന്ത്യ 6 വിക്കറ്റിന് തോല്‍പ്പിച്ചു.
കെ എല്‍ രാഹുലിന്റെയും വിരാട് കോലിയുടേയും അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. 2011ലേതിന് സമാനമായി ഇന്ത്യ ഓസീസിനെ പിന്തുടര്‍ന്ന് തോല്‍പ്പിച്ചത് ഇത്തവണയും ഇന്ത്യ കപ്പിലേക്കെത്തുമെന്ന സൂചനയായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു സാമ്യത വിരാട് കോലിയുടെ സെഞ്ച്വറിയാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ കോലി സെഞ്ച്വറി നേടിയിരുന്നു. ഇത്തവണത്തെ ലോകകപ്പിലും ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടാന്‍ കോലിക്കായി. 103 റണ്‍സുമായി കോലി പുറത്താവാതെ നില്‍ക്കുകയായിരുന്നു.
കോലിയുടെ സെഞ്ച്വറിയും ഇന്ത്യയുടെ ഭാഗ്യ സൂചനയായാണ് ആരാധകര്‍ കാണുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഓസീസ്, പാകിസ്താന്‍, എന്നീ രണ്ട് വലിയ കടമ്പ കടന്ന ഇന്ത്യക്ക് മുന്നില്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ കടമ്പകളുണ്ട്. സ്വന്തം തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കാന്‍ ഇന്ത്യക്കാവുന്നു. എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുക്കുന്ന നായകനാവാന്‍ രോഹിത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications