മുംബൈ: ഏകദിന ലോകകപ്പില്‍ ആരാധക പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യ സെമിയിലെത്തിയിരിക്കുകയാണ്. കളിച്ച ഏഴ് മത്സരത്തിലും ജയിച്ചാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇനി ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ മത്സരമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതിനിടെ ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കിനെത്തുടര്‍ന്ന് ലോകകപ്പിന് പുറത്തായിരിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പന്ത് കാലുകൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഹാര്‍ദിക്കിന് പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ പകരക്കാരനായി പേസറായ പ്രസിദ്ധിനെ പരിഗണിച്ചത് അല്‍പ്പം കൗതുകമുണ്ടാക്കുന്ന തീരുമാനമാണ്. ഹാര്‍ദിക്കിന് പകരം ഇന്ത്യ പ്രസിദ്ധിനെ പരിഗണിച്ചത് തെറ്റായ തീരുമാനമാണെന്ന് പറയാനുള്ള കാരണങ്ങളിതാ.
ഒന്നാമത്തെ കാര്യം പ്രസിദ്ധ് കൃഷ്ണ വലിയ മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നതാണ്. ഇന്ത്യയുടെ ഏകദിന ടീമിലെ മുന്‍നിര ബൗളറായി പ്രസിദ്ധിനെ കാണാനാവില്ല. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ വിശ്രമമെടുക്കുമ്പോഴാണ് പ്രസിദ്ധിന് അവസരം ലഭിക്കുന്നത്. കൂടാതെ പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന പ്രസിദ്ധ് തിരിച്ചുവന്ന ശേഷം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ പ്രസിദ്ധിന് സാധിച്ചിട്ടില്ല.
വലിയ അനുഭവസമ്പത്തില്ലാത്ത പ്രസിദ്ധ് മികച്ച റെക്കോഡുകളും അവകാശപ്പെടാന്‍ സാധിക്കുന്നവനല്ല. ഇന്ത്യ സ്‌പെഷ്യലിസ്റ്റ് പേസറെയായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കില്‍ തല്‍സ്ഥാനത്തേക്ക് ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനെ കൊണ്ടുവരുന്നതായിരുന്നു ഭേദം. നിലവില്‍ ഇന്ത്യന്‍ നിരയില്‍ ഇടം കൈയന്‍ പേസര്‍മാരില്ല. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ പരിഗണിക്കുന്നതായിരുന്നു കൂടുതല്‍ നന്നാവുക.

രണ്ടാമത്തെ കാര്യം ഇന്ത്യക്ക് നിലവില്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ ഒപ്പമുണ്ട്. പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ഈ ലോകകപ്പില്‍ ഇതിനോടകം മത്സരങ്ങള്‍ കളിച്ചിട്ടുമുണ്ട്. നിലവില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി പേസ് കൂട്ടുകെട്ടാണ് ഇന്ത്യക്കായി കളിക്കുന്നത്. ഇതിനിടെ പ്രസിദ്ധിനെ കൊണ്ടുവന്ന് ബെഞ്ചിലിരുത്താനെ സാധിക്കൂ. നിലവില്‍ ഇന്ത്യക്ക് ആവശ്യം മികച്ചൊരു പേസ് ഓള്‍റൗണ്ടറെയായിരുന്നു. പ്രസിദ്ധിനെ പരിഗണിച്ചത് ടീമിന് ഗുണം ചെയ്യുന്ന കാര്യമാണെന്ന് പറയാനാവില്ല.
ഹാര്‍ദിക്കിന്റെ അഭാവത്തോടെ ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടറില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്. പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ടാക്കൂറുണ്ടെങ്കിലും വിശ്വസ്തനായ താരമെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മികച്ച പേസ് ഓള്‍റൗണ്ടറെയാണ് ഇന്ത്യക്കാവശ്യം. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു ഓള്‍റൗണ്ടര്‍ ഇന്ത്യക്കില്ലെന്നതാണ് വാസ്തവം.
വിജയ് ശങ്കര്‍, ശിവം ദുബെ എന്നിവരാണ് നിലവില്‍ പറയാന്‍ സാധിക്കുന്ന മറ്റ് മീഡിയം പേസ് ഓള്‍റൗണ്ടര്‍മാര്‍. എന്നാല്‍ ഇവര്‍ക്ക് ബൗളിങ്ങില്‍ കാര്യമായി മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതിനാല്‍ ഓള്‍റൗണ്ടര്‍ റോളില്‍ പരിഗണിക്കാന്‍ സാധിക്കില്ല. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യ ഫിനിഷറായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ പ്രധാന മത്സരത്തില്‍ സൂര്യക്ക് തിളങ്ങാന്‍ സാധിക്കുന്നില്ല.
ശ്രീലങ്കയ്‌ക്കെതിരേ സൂര്യ ഫ്‌ളോപ്പായിരുന്നു. സെമിയിലേക്കെത്തുമ്പോള്‍ സൂര്യയുടെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുമെന്നുറപ്പ്. ഹാര്‍ദിക്കിനെപ്പോലെ വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാനല്ല സൂര്യകുമാര്‍. ഫോമിലേക്കെത്തിയാല്‍ തല്ലിത്തകര്‍ക്കുമെങ്കിലും സ്ഥിരത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ സെമിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഹാര്‍ദിക്കിന്റെ അഭാവത്തോടെ ടീമിന്റെ സംതുലിതാവസ്ഥ നഷ്ടമാവും.
ഈ പ്രശ്‌നത്തെ മറികടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. സെമി കടമ്പ ഏറെ നാളുകളായി ഇന്ത്യയുടെ തലവേദനയാണ്. അതുകൊണ്ടുതന്നെ ഇത്തവണയും നിര്‍ഭാഗ്യം വേട്ടയാടുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണെന്ന് നിസംശയം പറയാം.