മുംബൈ: ഏകദിന ലോകകപ്പിലെ സെമി ഫൈനല്‍ ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ എതിരാളികളായി ന്യൂസീലന്‍ഡ് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ന്യൂസീലന്‍ഡ് നാലാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചത്. പാകിസ്താന് സെമിയില്‍ കടക്കാന്‍ ഇംഗ്ലണ്ടിനെ 275 റണ്‍സിന് തോല്‍പ്പിക്കുകയോ 2.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയോ ചെയ്യണം.
ഇത് ഏറെക്കുറെ അസാധ്യമായതിനാല്‍ ന്യൂസീലന്‍ഡ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളാവുമെന്ന് ഉറപ്പിച്ച് പറയാം. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യയെ പുറത്താക്കിയ ടീം ന്യൂസീലന്‍ഡാണ്. അന്നും ഒന്നാം സ്ഥാനക്കാരായി സെമി കളിച്ച ശേഷമാണ് ഇന്ത്യ പുറത്തായത്. ഇത്തവണയും കിവീസ് എതിരാളികളാവുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ഇത്തവണയും ഇന്ത്യ തോല്‍ക്കുമോ? ഇത്തവണ ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ന്യൂസീലന്‍ഡിനെക്കാള്‍ മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ഗ്രൂപ്പുഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ച ഫോമില്‍ പന്തെറിയുന്നവരാണ്. ഷമി കിവീസിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനമടക്കം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ സെമിയിലേക്കെത്തുമ്പോള്‍ മാനസികമായ മുന്‍തൂക്കം ഇന്ത്യക്കുണ്ട്.
ഇന്ത്യയുടെ ഇത്തവണത്തെ ബൗളര്‍മാരുടെ പ്രകടനം മാനസികമായി വലിയ ആത്മവിശ്വാസം ടീമിന് നല്‍കുന്നതാണ്. ന്യൂസീലന്‍ഡിന്റെ ബൗളിങ് നിര വലിയൊരു പ്രകടനം കാഴ്ചവെക്കുന്നില്ല. ട്രന്റ് ബോള്‍ട്ട് മോശം ഫോമിലാണ്. ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസനും പ്രതീക്ഷിക്കൊത്ത മികവ് കാട്ടുന്നില്ല. മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ സ്പിന്നില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് ഇവരെക്കാള്‍ മികവ് കാട്ടുന്നത്.

സ്പിന്‍ നിരയിലും ഇന്ത്യക്ക് ആധിപത്യമുണ്ട്. ബാറ്റിങ് നിരയിലേക്ക് വരുമ്പോഴും ഇന്ത്യയാണ് ഫോമില്‍ മുന്നിട്ട് നില്‍ക്കുന്നത്. കിവീസ് നിരയില്‍ രചിന്‍ രവീന്ദ്ര സ്ഥിരതയോടെ കളിക്കുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള താരമാണ് രചിന്‍. എന്നാല്‍ ടീമിലെ മറ്റുള്ളവരെല്ലാം അത്ര സ്ഥിരതയുള്ളവരല്ല. കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരൊന്നും സ്ഥിരതയോടെ കളിക്കുന്നില്ല.
എന്നാല്‍ ഇന്ത്യന്‍ നിരയില്‍ എല്ലാവരും ഫോമിലാണ്. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തുന്നു. ശുബ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല. രണ്ട് അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ വലിയ സ്ഥിരത കാട്ടാന്‍ ഗില്ലിനായിട്ടില്ല. കെ എല്‍ രാഹുല്‍ അവസാന രണ്ട് മത്സരത്തില്‍ ഫ്‌ളോപ്പായിരുന്നു. എന്നാല്‍ ലോകകപ്പില്‍ മികച്ച പ്രകടനങ്ങളാണ് താരം നടത്തിയിട്ടുള്ളത്.
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം പ്രധാന മത്സരത്തില്‍ ഇന്ത്യക്ക് തലവേദനയാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ഫിനിഷിങ് മികവിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. തട്ടകത്തിന്റെ ആധിപത്യമാണ് ഇന്ത്യയുടെ മറ്റൊരു പ്ലസ് പോയിന്റ്. അവസാന രണ്ട് ഏകദിന ലോകകപ്പിലും സെമിയിലാണ് ഇന്ത്യ പുറത്തായത്. ഇത്തവണ തട്ടകത്തിന്റെ ആധിപത്യമുള്ളത് ഇന്ത്യയെ സെമി കടമ്പ കടക്കാന്‍ സഹായിച്ചേക്കും.
രോഹിത് ശര്‍മയെന്ന നായകന്‍ വളരെ ഭാഗ്യമുള്ളയാളാണ്. അവസാന ലോകകപ്പ് സെമികളില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം നിര്‍ഭാഗ്യമായിരുന്നു. ഇത്തവണ രോഹിത് ശര്‍മയേയും സംഘത്തേയും ഭാഗ്യം തുണക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 2011ന് ശേഷം ഏകദിന ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും മികച്ച സുവര്‍ണ്ണാവസരമാണിത്. അതിനുള്ള ടീം കരുത്ത് ഇത്തവണ ഇന്ത്യക്കുണ്ടെന്ന് നിസംശയം പറയാം.