ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിന് മുമ്പുള്ള ഇന്ത്യയുടെ അവസാന മത്സരം നാളെ നെതര്‍ലന്‍ഡ്‌സിനെതിരേ നടക്കാന്‍ പോവുകയാണ്. ബംഗളൂരുവിലാണ് മത്സരം. ആദ്യത്തെ എട്ട് മത്സരത്തിലും തോല്‍ക്കാത്ത ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച് തോല്‍വി അറിയാതെ സെമിയിലെത്താമെന്ന പ്രതീക്ഷയിലാണ്. സെമിയില്‍ ന്യൂസീലന്‍ഡ് ഇന്ത്യയുടെ എതിരാളികളായി എത്താനാണ് സാധ്യത. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കും.
സെമിക്ക് മുമ്പ് കിവീസിന് മുന്നറിയിപ്പ് നല്‍കാവുന്ന തരത്തിലുള്ള ജയമാവും ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേ ആഗ്രഹിക്കുക. എന്നാല്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേ പ്ലേയിങ് 11 മാറ്റം വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രോഹിത് ശര്‍മക്ക് വിശ്രമം നല്‍കി കെ എല്‍ രാഹുല്‍ നയിച്ചേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇന്ത്യ അവസാന മത്സരത്തില്‍ പ്ലേയിങ് 11 മാറ്റം വരുത്തരുത്. മാറ്റം വരുത്തിയാല്‍ അത് തിരിച്ചടിയായി മാറാനാണ് സാധ്യത. ഇത് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാരണം ഇന്ത്യയുടെ കൂട്ടുകെട്ടുകള്‍ പൊളിക്കുമെന്നതാണ്. ഇപ്പോള്‍ തുടര്‍ ജയങ്ങള്‍ നേടുന്ന മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇതില്‍ മാറ്റം വരുത്തുമ്പോള്‍ ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കുകയും കൂട്ടുകെട്ടുകള്‍ പൊളിയാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യും. ഇന്ത്യ രോഹിത്തിനെ പുറത്തിരുത്തി രാഹുലിന് ക്യാപ്റ്റന്‍സി നല്‍കുമ്പോള്‍ രോഹിത്തിന്റെ താളം നഷ്ടമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം കളിക്കാതെ വന്നാല്‍ സെമിയിലേക്ക് വീണ്ടും ഇടവേള വരും. അതുകൊണ്ടുതന്നെ പ്രധാന താരങ്ങള്‍ നെതര്‍ലന്‍ഡ്‌സിനെതിരേ കളിക്കാതിരുന്നാല്‍ അവരുടെ ഫോമിനെയത് പ്രതികൂലമായി ബാധിച്ചേക്കാം. രോഹിതും വിരാട് കോലിയുമെല്ലാം വിശ്രമമെടുത്താലും തൊട്ടടുത്ത ഇന്നിങ്‌സില്‍ ഫോമിലേക്കെത്താന്‍ കഴിവുള്ളവരാണെന്നാണ് പൊതുവേ പറയാറ്. എന്നാല്‍ ഇത്തരമൊരു സാഹസത്തിന് മുതിരാന്‍ ഇപ്പോള്‍ ഇന്ത്യക്ക് സമയമില്ല.

കാരണം ന്യൂസീലന്‍ഡാണ് സെമിയില്‍ കാത്തിരിക്കുന്നത്. 2019ല്‍ ഇന്ത്യയെ സെമിയില്‍ തകര്‍ത്തവരാണ് ന്യൂസീലന്‍ഡ്. അതുകൊണ്ടുതന്നെ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുകയും അവര്‍ക്ക് ഫോം നഷ്ടമാവുകയും ചെയ്താല്‍ ന്യൂസീലന്‍ഡിനെതിരേ അത് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്. രണ്ടാമത്തെ കാരണം ആവശ്യത്തിന് വിശ്രമം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചാം തീയ്യതിയായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം.
അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒരാഴ്ചയോളം വിശ്രമം ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍തന്നെ നെതര്‍ലന്‍ഡ്‌സിനെതിരേ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. ഇന്ത്യ സെമി കളിക്കാന്‍ പോകുന്ന അതേ പ്ലേയിങ് 11 നിലനിര്‍ത്തി കളിക്കാനിറങ്ങുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. കൂടാതെ ബംഗളൂരുവിലാണ് മത്സരം. ചെറിയ മൈതാനമായതിനാല്‍ ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കും. വിരാട് കോലിയുടെ തട്ടകമാണ്. മികച്ച റെക്കോഡുകള്‍ ഈ മൈതാനത്ത് അദ്ദേഹത്തിനുണ്ട്.
ബംഗളൂരുവില്‍ വലിയൊരു സ്‌കോര്‍ അടിച്ചെടുത്ത് ജയിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇത് സെമിയില്‍ ഗുണം ചെയ്യും. വിശ്രമമെടുത്താല്‍ സെമിയില്‍ ഇടവേളയുടെ ആലസ്യം താരങ്ങളെ ബാധിച്ചേക്കും. ശക്തമായ പ്ലേയിങ് 11നെത്തന്നെ ഇറക്കി വലിയ ജയം നേടി ന്യൂസീലന്‍ഡിന് മുന്നറിയിപ്പ് നല്‍കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം സെമിയിലാണ് ഇന്ത്യക്ക് കാലിടറിയത്.
അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ കരുതിത്തന്നെ വേണം ഇറങ്ങാന്‍. ഇതുവരെയുള്ള ജയങ്ങളോ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായതോ ഒന്നുമല്ല കാര്യം. ഇന്ത്യ കപ്പടിക്കുമോയെന്നതാണ് പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തവണ കിവീസിനെതിരേ വ്യക്തമായ മുന്നൊരുക്കം ആവശ്യമാണ്. പ്ലേയിങ് 11നെ നിലനിര്‍ത്തി ടീമിനുള്ളില്‍ ചാമ്പ്യന്മാരെന്ന ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേ പ്ലേയിങ് 11 നിലനിര്‍ത്തി കളിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.