മുംബൈ: നാലുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ഏകദിന ലോകകപ്പ് വരികയാണ്. ഇത്തവണ ഇന്ത്യയാണ് ആതിഥേയരാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയുമുണ്ട്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴിലാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനിറങ്ങുന്നത്. അവസാനമായി 2011ലാണ് ഇന്ത്യ ലോകകപ്പിന് വേദിയായത്. അന്ന് കിരീടം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.
ഇന്ത്യയുടെ പരിശീലകനായി രാഹുല്‍ ദ്രാവിഡാണുള്ളത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസമായ ദ്രാവിഡ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കെത്തിയ ശേഷം പരിശീലകനെന്ന നിലയില്‍ വലിയൊരു മികവ് ദ്രാവിഡിന് അവകാശപ്പെടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരു ഉപദേഷ്ടാവിനെ ഒപ്പം കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.
ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന മെന്റര്‍ യുവരാജ് സിങ്ങാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. ഇന്ത്യ യുവിയെ മെന്ററാക്കണമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഓള്‍റൗണ്ടറെന്ന നിലയിലെ യുവിയുടെ അനുഭവസമ്പത്താണ്. ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ തിളങ്ങാന്‍ യുവിക്ക് സവിശേഷമായ മികവുണ്ടായിരുന്നു. പ്രത്യേകിച്ച് സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങള്‍ ഇന്ത്യക്കായി ഗംഭീര ബാറ്റിങ് പ്രകടനങ്ങള്‍ യുവരാജ് കാഴ്ചവെച്ചിട്ടുണ്ട്.
പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ യുവിക്ക് സാധിച്ചിരുന്നു. ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ മികച്ച പല ഓള്‍റൗണ്ടര്‍മാരുണ്ടെങ്കിലും അവരില്‍ പലര്‍ക്കും മാച്ച് വിന്നറാവാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ യുവരാജിനെ മെന്ററാക്കിയാല്‍ ഓള്‍റൗണ്ടര്‍മാരുടെ മികവ് ഉയര്‍ത്താന്‍ സാധിക്കും. രാഹുല്‍ ദ്രാവിഡ് സാങ്കേതികമായ കാര്യങ്ങളില്‍ കളി പഠിപ്പിക്കുമ്പോള്‍ യുവരാജ് മാനസികമായി താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഇത് ഇന്ത്യക്ക് ഗുണകരമായി മാറാനും സാധ്യതയുണ്ട്. യുവരാജിനെപ്പോലെ ചാമ്പ്യനായ താരം ഒപ്പമുള്ളത് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. യുവരാജ് നല്‍കുന്ന പ്രചോദനം താരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. എല്ലാ താരങ്ങളുമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നവനാണ് യുവരാജ് സിങ്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരോടെല്ലാം നല്ല സൗഹൃദം യുവരാജിനുണ്ട്.
അതുകൊണ്ടുതന്നെ യുവിയുടെ വരവ് ടീമിന്റെ അന്തരീക്ഷത്തെ ആകെ മാറ്റും. നിലവില്‍ 2011ലേതുപോലെ മികച്ചൊരു അന്തരീക്ഷം ഇന്ത്യന്‍ ടീമിലില്ല. എന്നാല്‍ യുവരാജ് എത്തിയാല്‍ താരങ്ങളുടെ മനോഭാവത്തില്‍ അത് വലിയ മാറ്റമുണ്ടാക്കും. ഡ്രസിങ് റൂമില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാവുകയും ടീം പോസിറ്റീവ് ക്രിക്കറ്റ് കളിക്കുകയും ചെയ്താല്‍ ലോകകപ്പ് ഇന്ത്യക്ക് അലമാരയിലെത്തിക്കാനാവും. ഇതിന് സഹായിക്കാന്‍ കെല്‍പ്പുള്ളവനാണ് യുവി.
നാലാം നമ്പറിലെ ഇന്ത്യയുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ യുവരാജിന് സഹായിക്കാനാവും. നാലാം നമ്പറില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് യുവരാജ്. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് നാലാം നമ്പറില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ യുവരാജിന് സാധിച്ചിരുന്നു. ഇപ്പോള്‍ നാലാം നമ്പറിലാരെന്നത് ഇന്ത്യക്ക് മുകളില്‍ വലിയ ചോദ്യമായി ഉയരുകയാണ്. ശ്രേയസ് അയ്യരാണ് നിലവില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്നത്.
ശ്രേയസ് അയ്യര്‍ പരിക്കിന് ശേഷമാണ് മടങ്ങിവരുന്നത്. അതുകൊണ്ടുതന്നെ ശ്രേയസിന്റെ ഫോം ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായിട്ടുണ്ട്. യുവരാജുണ്ടെങ്കില്‍ നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിനെ സഹായിക്കാനാവും. ഏകദിനത്തില്‍ വളരെ പ്രാധാന്യമുള്ള ബാറ്റിങ് റോളാണ് നാലാം നമ്പര്‍. ഏറെ നാളായി ഇന്ത്യക്ക് തലവേദനയായിരിക്കുന്ന നാലാം നമ്പറില്‍ മികച്ച താരത്തെ സൃഷ്ടിക്കാന്‍ യുവിയുടെ സാന്നിധ്യം ടീമിനെ സഹായിക്കും.