For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 1 പന്തില്‍ 14 റണ്‍സ്! അപൂര്‍വ്വ റെക്കോഡിട്ട് വിരാട് കോലി- സംഭവം ഇങ്ങനെ

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനേയും മറികടന്ന് ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ഇന്ത്യ വിജയം നേടുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവരെ തകര്‍ത്ത അതേ ആധിപത്യത്തോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെയും മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 256 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 51 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയലക്ഷ്യം മറികടന്നത്.

വിരാട് കോലിയുടെ (103*) സെഞ്ച്വറിയും ശുബ്മാന്‍ ഗില്ലിന്റെ (53) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. വിരാട് കോലിയുടെ 48ാം ഏകദിന സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയത്തേക്കാളേറെ ആരാധകരെ സന്തോഷിപ്പിച്ചതെന്ന് പറയാം. ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ കോലി 74 റണ്‍സാണ് നേടിയിരുന്നത്. എന്നാല്‍ പിന്നീടുള്ള 26 റണ്‍സ് നേടാന്‍ കെ എല്‍ രാഹുല്‍ സിംഗിളുകള്‍ ഒഴിവാക്കി പിന്തുണ നല്‍കിയപ്പോള്‍ കോലി സെഞ്ച്വറിയിലേക്കെത്തുകയായിരുന്നു.

മത്സരത്തിലൂടെ പല വമ്പന്‍ റെക്കോഡുകളും കോലി സ്വന്തം പേരിലാക്കി. ഇതില്‍ അപൂര്‍വ്വവും കൗതുകകരമായതുമായ ഒരു റെക്കോഡിലും കോലി പേരുചേര്‍ത്തു. അത് എന്താണെന്ന് പരിശോധിക്കാം. 1 പന്തില്‍ 14 റണ്‍സ് നേടിയാണ് കോലി അപൂര്‍വ്വ നേട്ടത്തിലേക്കെത്തിയത്. ബംഗ്ലാദേശ് ബൗളറുടെ പിഴവാണ് കോലിക്ക് കൗതുക റെക്കോഡ് നേടിക്കൊടുത്തതെന്ന് പറയാം. രോഹിത് ശര്‍മ 48 റണ്‍സുമായി പുറത്തായതിന് പിന്നാലെയാണ് കോലി ക്രീസിലേക്കെത്തുന്നത്.

ഹസന്‍ മഹമ്മൂദാണ് കോലി ക്രീസിലെത്തുമ്പോള്‍ പന്തെറിഞ്ഞത്. 13ാം ഓവറിലായിരുന്നു ഇത്. കോലിക്കെതിരേ എറിഞ്ഞ ആദ്യ പന്ത് നോബോളായപ്പോള്‍ രണ്ട് റണ്‍സ് കോലി ഓടിയെടുത്തു. ഇതിനെത്തുടര്‍ന്ന് ലഭിച്ച ഫ്രീഹിറ്റ് പന്ത് കോലി ബൗണ്ടറി പായിച്ചു. എന്നാല്‍ ഈ പന്തും നോബോളായി മാറി. ഇതോടെ തൊട്ടടുത്ത പന്തും ഫ്രീഹിറ്റായി. ഇത് സിക്‌സര്‍ പറത്തിയതോടെയാണ് നിയമ പരമായ ഒരു പന്തില്‍ നിന്ന് 14 റണ്‍സ് പിറന്നത്.

virat kohli

കോലിയെ ഫോമിലേക്കെത്തിക്കാന്‍ ഈ നോബോളുകള്‍ സഹായിച്ചുവെന്ന് നിസംശയം പറയാം. മത്സരശേഷം കോലി തന്നെ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. തുടക്കത്തിലേ ഫ്രീഹിറ്റ് ലഭിക്കുകയും സിക്‌സറും ഫോറും പറത്താന്‍ സാധിക്കുകയും ചെയ്തത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നാണ് കോലി പറഞ്ഞത്. കൂടുതല്‍ നോബോളുകള്‍ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുവെന്നും കോലി മത്സരശേഷം പ്രതികരിച്ചു.

എന്തായാലും ഈ തുടക്കത്തെ മുതലാക്കി സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ വിരാട് കോലിക്കായി. ഇത്തവണത്തെ ലോകകപ്പില്‍ മികച്ച ഫോമിലാണ് കോലിയുള്ളത്. നാല് ഇന്നിങ്‌സില്‍ മൂന്നിലും 50ലധികം റണ്‍സ് നേടാന്‍ കോലിക്കായി. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമായി റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്താണുള്ളത്. രോഹിത് ശര്‍മയാണ് തലപ്പത്ത് നില്‍ക്കുന്നത്.

ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയോടെ ചില വമ്പന്‍ റെക്കോഡുകളും കോലി സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ കോലി നാലാം സ്ഥാനത്തേക്കെത്തി. മഹേല ജയവര്‍ധനയുടെ റെക്കോഡാണ് കോലി തകര്‍ത്തത്. കൂടാതെ വേഗത്തില്‍ 26000 റണ്‍സിലേക്കെത്തുന്ന താരമെന്ന നേട്ടത്തിലേക്കും കോലിയെത്തി. മൂന്നാം നമ്പറിലിറങ്ങി ഐസിസി ടൂര്‍ണമെന്റില്‍ 1000 റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയിലേക്കും കോലിയെത്തി.

റണ്‍സ് പിന്തുടരുമ്പോള്‍ കോലിയുടെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബംഗ്ലാദേശിനെതിരായ പ്രകടനത്തോടെ ഐസിസി ടൂര്‍ണമെന്റില്‍ റണ്‍സ് പിന്തുടരുമ്പോള്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്ക് സാധിച്ചിരിക്കുകയാണ്. ഇതേ ഫോം കോലി തുടര്‍ന്നാല്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കത് വലിയ ഊര്‍ജം നല്‍കും. കോലിയും രോഹിത്തും ഫോമിലാണെന്നതാണ് ഇന്ത്യയുടെ കുതിപ്പിന്റെ അടിത്തറ. ഇരുവര്‍ക്കും ഇതേ മികവ് തുടരാനായാല്‍ ഇടവേളക്ക് ശേഷം ഇന്ത്യ വിശ്വകിരീടം ചൂടുമെന്നുറപ്പ്.

Story first published: Friday, October 20, 2023, 12:11 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+