ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതോടെ ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെക്കുറിച്ചും ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഏഷ്യാ കപ്പ് സംഘത്തിലെ ഭൂരിഭാഗം പേരെയും ലോകകപ്പിലും നമുക്കു കാണാന്‍ സാധിക്കും. ചിലര്‍ക്കു മാത്രമേ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ളൂ. ലോകകപ്പിനായി 15 പേരുടെ സ്‌ക്വാഡിനെയാണ് ഒരു ടീമിനു തിരഞ്ഞെടുക്കാന്‍ അനുമതിയുള്ളത്.
അതുകൊണ്ടു തന്നെ ഏഷ്യാ കപ്പ് ടീമിലുള്ള രണ്ടു പേരെ തീര്‍ച്ചയായും ഇന്ത്യക്കു ഒഴിവാക്കേണ്ടതായും വരും. പരിക്കു ഭേദമായി മൂന്നു വമ്പന്‍ താരങ്ങള്‍ തിരിച്ചെത്തിയെന്നതാണ് ഏഷ്യാ കപ്പ് ടീമിലെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റാര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ മടങ്ങിയെത്തിയത്.

രാഹുലിനു ഇപ്പോഴും ചെറിയ പരിക്കുള്ളതിനാല്‍ ബാക്കപ്പായി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും ഇന്ത്യ ഏഷ്യാ കപ്പിനായി ടീമിനൊപ്പം കൂട്ടും. രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയാല്‍ സഞ്ജു പ്രധാന ടീമിന്റെ ഭാഗമായി മാറുകയും ചെയ്യും. ലോകകപ്പില്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ എടുക്കുകയാണെങ്കില്‍ അതില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നു നമുക്കു പരിശോധിക്കാം.
ഫിറ്റ്‌നസ് അനുവദിക്കുകയാണെങ്കില്‍ 11 പേര്‍ക്കു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഓപ്പണര്‍മാരാവുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയായിരിക്കും. നാലും അഞ്ചും സ്ഥാനങ്ങള്‍ ശ്രേയസ് അയ്യര്‍ക്കും കെഎല്‍ രാഹുലിനുമായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും രാഹുലായിരിക്കും.
ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കും ടീമില്‍ സ്ഥാനം ഉറപ്പാണ്. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവായിരിക്കും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. പേസ് ത്രയങ്ങള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുമായിരിക്കും. ഇതാണ് ലോകകപ്പില്‍ ടിക്കറ്റുറപ്പിച്ച 11 താരങ്ങള്‍. ബാക്കിയുള്ള നാലു പേര്‍ ആരൊക്കെയാവുമെന്ന കാര്യത്തിലാണ് സസ്‌പെന്‍സുള്ളത്.
നാലു പേരില്‍ ഒരാളാവാന്‍ പലരും മല്‍സരരംഗത്തുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍തൂക്കമുള്ള ഒരാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. ഹാര്‍ദിക്, ജഡ്ഡു എന്നിവരുടെ ബാക്കപ്പായി അദ്ദേഹം ടീമില്‍ ഉള്‍പ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവാണ് ടീമില്‍ സ്ഥാനം മോഹിക്കുന്ന മറ്റൊരു താരം.
ഏകദിനത്തില്‍ മോശം റെക്കോര്‍ഡാണെങ്കിലും ടീം മാനേജ്‌മെന്റിനു പ്രിയപ്പെട്ടവനാണ് സ്‌കൈ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കൈവിടാന്‍ അവര്‍ക്കു താല്‍പ്പര്യവും കാണില്ല. ഏകദിനത്തില്‍ 26 മല്‍സരങ്ങളില്‍ നിന്നും 24.33 ശരാശരിയില്‍ 511 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം.
ടി20യിലെ കിടിലന്‍ റെക്കോര്‍ഡും മല്‍സരഗതി മാറ്റാനുള്ള മിടുക്കുമാണ് സൂര്യയില്‍ ഇന്ത്യ ഇപ്പോഴും വിശ്വാസമര്‍പ്പിക്കാന്‍ കാരണം. ഏഷ്യാ കപ്പില്‍ ടീമിലുള്ള അദ്ദേഹം ലോകകപ്പിലും സ്ഥാനം നിലനിര്‍ത്തിയാല്‍ അദ്ഭുതപ്പെടാനില്ല. 15 അംഗ സ്‌ക്വാഡിലെ ശേഷിച്ച രണ്ടു സ്ഥാനങ്ങളില്‍ ഒന്ന് വിക്കറ്റ് കീപ്പര്‍ക്കായിരിക്കും. ഇഷാന്‍ കിഷനും സഞ്ജുവുമാണ് ഈ റോളിനായി രംഗത്തുള്ളത്.
ഇവിടെയും ടീം മാനേജ്‌മെന്റിന്റെ ഫേവറിറ്റായ ഇഷാനാണ് മുന്‍തൂക്കം. പക്ഷെ മധ്യനിരയില്‍ ഇഷാനേക്കാള്‍ മികച്ച റെക്കോര്‍ഡുള്ളത് സഞ്ജുവിനാണ്. ഓപ്പണിങില്‍ രോഹിത്തും ഗില്ലുമുള്ളതിനാല്‍ ഇഷാന് അവിടെ സ്ഥാനമില്ല. അതുകൊണ്ടു തന്നെ മധ്യനിരയില്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന സഞ്ജുവാണ് കൂടുതല്‍ നല്ല ഓപ്ഷന്‍. പക്ഷെ ലോകകപ്പ് ടീമില്‍ ആര് ഇടം പിടിക്കുമെന്നു നമുക്കു കാത്തിരുന്നു കാണാം.

ടീമിലെ ശേഷിച്ച ഒരു സ്ഥാനത്തിനായി രംഗത്തുള്ള രണ്ടു പേര്‍ ശര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയുമായിരിക്കും. ബാറ്റിങില്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ സാധിക്കുന്ന ശര്‍ദ്ദുലിനു പ്രഥമ പരിഗണന ലഭിക്കാനാണ് സാധ്യത. മാത്രമല്ല ദൈര്‍ഘ്യമേറിയ പരിക്കിനു ശേഷം തിരിച്ചെത്തിയ പ്രസിദ്ധിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും സംശയമുണ്ട്.
ലോകകപ്പ് ടീമിലെ സര്‍പ്രൈസ് താരമാവാന്‍ സാധ്യതയുള്ളയാള്‍ തിലക് വര്‍മയാണ്. തികച്ചു അപ്രതീക്ഷിതമായി ഏഷ്യാ കപ്പ് സ്‌ക്വാഡിലെത്തിയതോട അദ്ദേഹം ലോകകപ്പ് ടീമിലേക്കും വന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ സൂര്യക്കാവും സ്ഥാനം നഷ്ടമാവുക.
ലോകകപ്പില്‍ ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് / തിലക് വര്‍മ, ഇഷാന്‍ കിഷന്‍ / സഞ്ജു സാംസണ്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍/ പ്രസിദ്ധ് കൃഷ്ണ.