ലോകകപ്പില്‍ സൗത്താഫ്രിക്കയെയും കെട്ടുകെട്ടിച്ച് ടീം ഇന്ത്യ തുടര്‍ച്ചയായ എട്ടാമത്തെ വിജയവും കൊയ്തിരിക്കുകയാണ്. ഏഴു ജയങ്ങളുമായി അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യക്കു കടിഞ്ഞാണിടാന്‍ ശേഷിയുള്ള ഏക ടീമായി എല്ലാവരും ചൂണ്ടിക്കാണിച്ചത് സൗത്താഫ്രിക്കയെയായിരുന്നു. ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളില്‍ അവര്‍ നേടിയ ആധികാരിക വിജയങ്ങള്‍ തന്നെയായിരുന്നു ഇതിനു കാരണം. പക്ഷെ തങ്ങളോടു മുട്ടാന്‍ സൗത്താഫ്രിക്കയും ആയിട്ടില്ലെന്നു 243 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ തെളിയിച്ചിരിക്കുകയാണ് ഇന്ത്യ.
അതോടൊപ്പം ഒരു വമ്പന്‍ ലോക റെക്കാര്‍ഡിനൊപ്പം ഇന്ത്യ എത്തുകയും ചെയ്തു. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ രണ്ടു തവണ എതിരാളികളെ 100ല്‍ താഴെ റണ്ണില്‍ ഓള്‍ഔട്ടാക്കിയ രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. നേരത്തേ ശ്രീലങ്കയ്ക്കു മാത്രം അവകാശപ്പെട്ട ലോക റെക്കോര്‍ഡായിരുന്നു ഇത്. ഇപ്പോള്‍ ഇന്ത്യയും ഇതില്‍ പങ്കാളികളായിരിക്കുകയാണ്.

2007ലെ ലോകകപ്പിലായിരുന്നു രണ്ടു ടീമുകളെ ലങ്ക 100 പോലും തികയ്ക്കും മുമ്പ് എറിഞ്ഞിട്ടത്. ബെര്‍മുഡയെ 78 റണ്‍സിനും അയര്‍ലാന്‍ഡിനെ 77ഉം റണ്‍സിനു ലങ്ക പുറത്താക്കുകയായിരുന്നു. മുമ്പൊരു ലോകകപ്പിലും ഒരു മല്‍സരത്തില്‍പ്പോലും എതിരാളികളെ 100ല്‍ താഴെ റണ്ണിനു ഇന്ത്യ ഓള്‍ ഔട്ടാക്കിയിട്ടില്ല. പക്ഷെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇതിനകം രണ്ടു തവണ ഇതു സാധിച്ചെടുത്തിരിക്കുകയാണ്.
നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശികളായ ശ്രീലങ്കയെ നാണംകെടുത്തിയാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഒരു എതിരാളിയെ 100ല്‍ താഴെ റണ്ണിനു എറിഞ്ഞിട്ടത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ലങ്കയെ 55 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്.
ഇന്ത്യ നല്‍കിയ 358 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ശ്രീലങ്ക വെറും 19.4 ഓവറില്‍ 55നു കൂടാരം കയറി. ടൂര്‍ണമെന്റില്‍ രണ്ടാമതും ഫൈഫറെടുത്ത മുഹമ്മദ് ഷമിയാണ് ലങ്കയെ തീര്‍ത്തത്. അതിനു പിന്നാലെയാണ് ഇന്നു സൗത്താഫ്രിക്കയയും 100 റണ്‍സ് പോലുമെടുക്കാന്‍ അനുവദിക്കാതെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്.

327 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള അവര്‍ പക്ഷെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 27.1 ഓവറില്‍ 83 റണ്‍സ് മാത്രമെടുത്ത് അവര്‍ മല്‍സരം ഇന്ത്യക്കു മുന്നില്‍ അടിയറ വയ്ക്കുകയായിരുന്നു. അഞ്ചു വിക്കറ്റുകളെുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സൗത്താഫ്രിക്കയെ വാരിക്കളഞ്ഞത്.
ടോസിനു ശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞടുക്കുകയായിരുന്നു. വിരാട് കോലിയുടെ റെക്കോര്‍ഡ് (49ാം ഏകദിന സെഞ്ച്വറി) സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 326 റണ്‍സെന്ന വലിയ സ്‌കോര്‍ നേടി. 121 ബോളില്‍ 10 ഫോറുകളടക്കം പുറത്താവാതെ 101 റണ്‍സാണ് കോലി നേടിയത്. ശ്രേയസ് അയ്യര്‍ 87 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 77 റണ്‍സും നേടി.
മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെയാണ് സൗത്താഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിനു ഓള്‍ഔട്ടായത്. 15 റണ്‍സ് പോലും തികയ്ക്കാന്‍ അവരുടെ ബാറ്റിങ് നിരയില്‍ ആര്‍ക്കുമായില്ല. 14 റണ്ണെടുത്ത മാര്‍ക്കോ യാന്‍സനാണ് ടോപ്‌സ്‌കോറര്‍. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ 13 റണ്‍സും ക്യാപ്റ്റന്‍ ടെംബ ബവുമ 11 റണ്‍സും നേടി.