ടീം ഇന്ത്യ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന്റെ ചൂടില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കടന്നാക്രമിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം രോഹിത് ഏറ്റെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് തുറന്നടിച്ചിരിക്കുന്നത്. രോഹിത്തിനെ മാത്രമല്ല മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ക്യാപ്റ്റന്‍സി അക്തര്‍ വിമര്‍ശിച്ചു.
രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീം നാളെ ആദ്യ മല്‍സരത്തിനു ഇറങ്ങുകയാണ്. അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളുകളികള്‍. റെവ്‌സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയായിരുന്നു രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ അക്തര്‍ കടന്നാക്രമിച്ചത്.

രോഹിത് ശര്‍മ നല്ലൊരു വ്യക്തിയാണ്. എന്നിരുന്നാലും ക്യാപ്റ്റന്‍സിക്കിടെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ അദ്ദേഹം പരിഭ്രാന്തനായി കാണപ്പെടാറുണ്ട്. ഞാന്‍ പറയുന്നത് അല്‍പ്പം കടുപ്പമായി തോന്നാം, പക്ഷെ ഇന്ത്യയുടെ ക്യാപ്റ്റന്‍സി രോഹിത് ഏറ്റെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പ്രതിഭയുടെ കാര്യമെടുത്താല്‍ വിരാട് കോലിയേക്കാള്‍ മുകളിലാണ് രോഹിത്.
ക്ലാസിക്കല്‍ ബാറ്ററെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം. പക്ഷെ ക്യാപ്റ്റന്‍സി അദ്ദേഹത്തെക്കൊണ്ട് കഴിയുമോ? സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ രോഹിത് നന്നായി പ്രതികരിക്കാറുണ്ടോ? ഈ ചോദ്യങ്ങളാണ് തന്റെ മനസ്സിലേക്കു വന്നുകൊണ്ടിരിക്കുന്നതെന്നും അക്തര്‍ വ്യക്തമാക്കി.
നിങ്ങളും ഇക്കാര്യം ചോദ്യം ചെയ്യുന്നുണ്ടായിരിക്കും. പക്ഷെ ലോകകപ്പ് വിജയിക്കാനുള്ള കഴിവ് രോഹിത് ശര്‍മയ്ക്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം അദ്ദേഹത്തിനുണ്ട്, കൂടാതെ വളരെ മികച്ച ടീമും രോഹിത്തിനു ടൂര്‍ണമെന്റില്‍ ലഭിച്ചതായും അക്തര്‍ നിരീക്ഷിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. ഏകദിനത്തില്‍ 34 മല്‍സരങ്ങളിലാണ് ഹിറ്റ്മാന്‍ ടീമിനെ നയിച്ചത്. ഇവയില്‍ 24ലും ടീം ജയിക്കുകയും ചെയ്തു. ടി20യിലാവട്ടെ രോഹിത്തിനു കീഴില്‍ 51 മല്‍സരങ്ങളില്‍ 39 ജയങ്ങളാണ് ഇന്ത്യക്കുള്ളത്. ടെസ്റ്റിലാവട്ടെ ഒമ്പതു മല്‍സരങ്ങളില്‍ അഞ്ചു ജയവും ടീം നേടി.
മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു ശേഷം ഇന്ത്യക്കു ഏറ്റവും അനുയോജ്യനായ ഒരു ക്യാപ്റ്റനെ കണ്ടെത്താനായിട്ടില്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചം അത്ര നല്ല മതിപ്പല്ല അദ്ദേത്തഹത്തിനുള്ളത്. വിരാട് കോലി അമിതമായി അഗ്രസീവായി പെരുമാറുന്ന ക്യാപ്റ്റനാണ്. അതു അത്ര നല്ല കാര്യമായി ഞാന്‍ കാണുന്നില്ല.

രോഹിത് ശര്‍മയാവട്ടെ ഒരുപാട് പരിഭ്രാന്തനായി കാണപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങളെയാണ് ഞാന്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുക. ഇന്ത്യന്‍ ടീം ഒരിക്കലും പരാജയപ്പെടാന്‍ പാടില്ലെന്ന തരത്തിലൊരു സാഹചര്യം എല്ലാവരും ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനു എന്തുകൊണ്ട് തോല്‍ക്കാന്‍ പാടില്ലെന്നും അക്തര്‍ ചോദിക്കുന്നു.
2021ലെ ടി20 ലോകകപ്പിനു ശേഷമായിരുന്നു ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകനായി രോഹിത് ചുമതലയേറ്റത്. തികച്ചും അപ്രതീക്ഷിതമായി കോലി ക്യാപ്റ്റന്‍സിയൊഴിയുകയായിരുന്നു. പിന്നാലെ തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കോലിയെ പുറത്താക്കിയ സെലക്ഷന്‍ കമ്മിറ്റി രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു ശേഷമായിരുന്നു കോലി ടെസ്റ്റ് ടീം നായകസ്ഥാനം രാജിവച്ചത്. തുടര്‍ന്നു മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍സി രോഹിത്തിലേക്കു വരികയും ചെയ്തു.
ഇന്ത്യയുടെ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ ഇഷാന്‍. കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.