Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens World Cup 2025: മഴപ്പേടിയില്‍ കലാശപ്പോര്, ഉപേക്ഷിച്ചാല്‍ കിരീടമാര്‍ക്ക്? ഉത്തരം സിംപിള്‍!!

നവി മുംബൈ: വനിതാ ലോക ക്രിക്കറ്റിലെ പുതിയ ചാംപ്യന്മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം ഞായറാഴ്ച വൈകീട്ട് നവി മുംബൈയില്‍ നടക്കാനിരിക്കുകയാണ്. കന്നിക്കിരീടമെന്ന സ്വപ്‌നവുമായി ഇന്ത്യയും സൗത്താഫ്രിക്കയുമാണ് കലാശപ്പോരില്‍ മുഖാമുഖം വരുന്നത്.

ആരു കിരീടമുര്‍ത്തിയാലും വനിതാ ക്രിക്കറ്റില്‍ പുതിയൊരു ചാംപ്യന്‍ ടീമിനെ നമുക്കു കാണാം. കാരണം ഇന്ത്യയെപ്പോലെ തന്നെ സൗത്താഫ്രിക്കയും ഇതുവരെ ലോകകപ്പുയര്‍ത്തിയിട്ടില്ല. അതേസമയം, കലാശപ്പോരിനു മഴ വില്ലനായേക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫൈനല്‍ മഴയെടുക്കുകയാണൈങ്കില്‍ എന്താവും സംഭവിക്കുക? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

IND VA SA FINAL

മഴ മുന്നറിയിപ്പ്

ചുഴലിക്കാറ്റ് മുന്നറിയിപ്പും ന്യൂനമര്‍ദ്ദവും കാരണം മഹാരാഷ്ട്രയിലും മുംബൈയിലുമെല്ലാം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിലും സമീപ പ്രദേങ്ങളിലുമെല്ലം ഇടിവെട്ടോടു കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് ഫൈനലും സംശയത്തിലായിരിക്കുകയാണ്.

ഇന്നു (ശനി) മുംബൈയില്‍ മഴ പെയ്യാനുള്ള സാധ്യത 86 ശതമാനമാണ്. ആകാശം ഭൂരിഭാഗം സമയവും മേഘാവൃതമായിരിക്കും. പക്ഷെ ദിവസം പുരോഗമിവെ കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടേക്കുകയും ചെയ്യും. ഞായറാഴ്ചയും സമാനമായ കാലാവസ്ഥയാവും ഇവിടെയുണ്ടാവുക. 63 ശതമാനമാണ് മഴ സാധ്യതയെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.

വൈകീട്ട് നാലു മുതല്‍ ഏഴു വരെ മഴ പെയ്യാനുള്ള സാധ്യത 50 ശതമാനവുമാണ്. മൂന്നു മണിക്കാണ് കലാശപ്പോരാട്ടം ആരംഭിക്കുന്നത്. ഈ വേദിയില്‍ ഇതിനകം തന്നെ ഇന്ത്യയുടെ ഒരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു.

ബംഗ്ലാദേശുമായുള്ള അപ്രസക്തമായ അവസാനത്തെ ലീഗ് മല്‍സരമാണ് മഴയെടുത്തത്. ഇന്ത്യ നേരത്തേ തന്നെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിനാല്‍ ഈ ഫലം കാര്യമായ തിരിച്ചടി ആയതുമില്ല.

മഴയെടുത്താല്‍ എന്തു സംഭവിക്കും?

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മഴയെടുത്താല്‍ എന്തു സംഭവിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഞായറാഴ്ച മല്‍സരം പൂര്‍ണമായോ, ഭാഗികമായോ തടസ്സപ്പെടുകയാണെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റും. പക്ഷെ അതുകൊണ്ടും ക്രിക്കറ്റ് പ്രേമികള്‍ക്കു സന്തോഷിക്കാന്‍ വകയില്ല.

കാരണം തിങ്കളാഴ്ചയും കാലാവസ്ഥ അത്ര സുഖകരമല്ല. മഴസാധ്യത 50 ശതമാനമാണെന്നാണ് പ്രവചനം. അതുകൊണ്ടു തന്നെ ഫൈനല്‍ നടക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇപ്പോഴില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

RAIN

റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കളി നടന്നില്ലെങ്കില്‍ ഇന്ത്യയെയും സൗത്താഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ഇതു രണ്ടു ടീമുകളെയും സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന റിസല്‍റ്റുമായിരിക്കും.

ഇന്ത്യക്കു ഇതു മൂന്നാമത്തെ ലോകകപ്പ് ഫൈനല്‍ കൂടിയാണ്. നേരത്തേയുള്ള രണ്ടു കലാശക്കളിയിലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നു. 2005ലായിരുന്നു ഇന്ത്യയുടെ കന്നി ഫൈനല്‍ പ്രവേശനം. അന്നു സൗത്താഫ്രിക്കയിലെ സെഞ്ചൂറിയനില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ 98 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു.

അതിനു ശേഷം 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിലും ഫൈനലില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ത്രസിപ്പിക്കുന്ന കിരീടപ്പോരില്‍ ഇംഗ്ലണ്ടിനോടു ഒമ്പതു റണ്‍സിനു ഇന്ത്യ പൊരുതിത്തോല്‍ക്കുകയും ചെയ്തു.

ഇത്തവണ കിരീടഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. അതേസമയം, ഇതാദ്യമായാണ് സൗത്താഫ്രിക്കന്‍ ടീം ലോകകപ്പിന്റെ ഫൈനലില്‍ കളിക്കാനൊരുങ്ങുന്നത്.

Story first published: Saturday, November 1, 2025, 15:57 [IST]
Other articles published on Nov 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+