ഗുവാഹത്തി: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ഗംഭീര വിജയവുമായി തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഗുവാഹത്തിയിലെ ബരാസ്പര സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിനു തകര്‍ത്തുവിട്ടിരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട. ബാറ്റിങിലും ബൗളങിലും ഒരുപോലെ മിന്നിച്ച ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ വിജയശില്‍പ്പി.
മഴയെ തുടര്‍ന്നു 47 ഓവറായി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ ലക്ഷ്യം 271 റണ്‍സായി പുനര്‍ നിശ്ചയിച്ചു. പക്ഷെ ലങ്കയ്ക്കു 45.4 ഓവറില്‍ 211 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ക്യാപ്റ്റനും ഓപ്പണറുമായ ചമാരി അത്തപ്പത്തു (43), നിലാക്ഷി ഡിസില്‍വ (35) എന്നിവരൊഴികെ മറ്റാരും ബാറ്റിങില്‍ കാര്യമായി പൊരുതിനോക്കിയില്ല. ബാറ്റിങില്‍ ഫിഫ്റ്റിയോടെ മിന്നിച്ച ദീപ്തി മൂന്നു വിക്കറ്റുകളുമായി ബൗളിങിലും മാജിക്കല്‍ പ്രകടനം കാഴ്ചവച്ചു. സ്‌നേഹ റാണയും ശ്രീ ചരണിയും രണ്ടു വിക്കറ്റുകള്‍ വീതും വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ 47 ഓവറില്‍ 8ന് 269. ശ്രീലങ്ക 45.4 ഓവറില്‍ 211ന് പുറത്ത്.
നേരത്തേ ദീപ്തി ശര്‍മയുടെയും (53) വാലറ്റത്ത് അമന്‍ജ്യോത് കൗറിന്റെയും (57) ഫിഫ്റ്റികളുടെ മികവിലാണ് ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിനു 269ലെത്തിയത്. 56 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് കൗറിന്റെ ഇന്നിങ്‌സ്. ദീപ്തി 53 ബോളില്‍ മൂന്നു ഫോറുകളടിച്ചു.
ഹര്‍ലീന്‍ ഡിയോള്‍ (48), പ്രാതിക റാവല്‍ (37) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. പക്ഷെ സൂപ്പര്‍ താരം സ്മൃതി മന്ദനയ്ക്കും (8) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനും (21) കാര്യമായി തിളങ്ങാനായില്ല. ജെമീമ റോഡ്രിഗസ് ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. 26ാം ഓവറില്‍ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇതോടെ ഇന്ത്യ 2ന് 120ല്‍ നിന്നും 5ന് 121ലേക്കു വീണിരുന്നു.

അതേസമയം, കന്നി ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ വനിതാ ടീം. 2005ലും 17ലും ഫൈനലിലെത്താന്‍ കഴിഞ്ഞെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു.
ഏഴു തവണ ലോക കിരീടമുയര്‍ത്തിയ ഓസ്‌ട്രേലിയയുടെ സമഗ്രാധിപത്യം തന്നെയാണ് വനിതാ ക്രിക്കറ്റില്‍ കാണാന്‍ സാധിക്കുക. ഇംഗ്ലണ്ട് നാലു തവണയും ചാംപ്യന്‍മാരായിട്ടുണ്ട്. മറ്റൊരു ടീമിനും ഇതുവരെ ലോകകപ്പുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഇത്തവണത്തെ വനിതാ ലോകകപ്പില്‍ എട്ടു ടീമുകളാണ് അണിനിരക്കുന്നത്. ഫൈനലുള്‍പ്പെടെ 31 മല്‍സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടാവും. നവംബര്‍ രണ്ടിനാണ് കലാശപ്പോരാട്ടം. റൗണ്ട് റോബിന്‍, നോക്കൗട്ട് രീതിയിലാണ് ടൂര്‍ണമെന്റ്.
ഇന്ത്യ, ശ്രീലങ്ക എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവരാണ് മറ്റു ടീമുകള്‍. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റമുട്ടും. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- പ്രതീക റാവല്‍, സ്മൃതി മന്ദന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീചരണി.
ശ്രീലങ്ക- ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹാസിനി പെരേര, ഹര്‍ഷിത സമരവിക്രമ, വിഷ്മി ഗുണരത്‌നെ, കവിഷ ദില്‍ഹരി, നിലാക്ഷി ഡിസില്‍വ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പര്‍), അചിനി കുലസൂര്യ, സുഗന്ധിക കുമാരി, ഉദേശിക പ്രഭോധിനി, ഇനോക റണവീര.