നാവി മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ അവസാനത്തെ ലീഗ് മല്‍സരം മഴയെടുത്തു. ബംഗ്ലാദേശുമായുള്ള അപ്രസക്തമായ മല്‍സരമാണ് മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കേണ്ടി വന്നത്. നേരത്തേ തന്നെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിനാല്‍ ഈ ഫലം ഇന്ത്യക്കു തിരിച്ചടിയാവില്ല.
എങ്കിലും സെമിക്കു മുമ്പ് നല്ലൊരു തയ്യാറെടുപ്പിനുള്ള അവസരമാണ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. ഇന്ത്യക്കു അനായാസം ജയിക്കമായിരുന്ന കളി കൂടിയായിരുന്നു ഇത്. ഇതോടെ ടൂര്‍ണമെന്റിന്റ ലീഗ് ഘട്ടവും അവസാനിച്ചിരിക്കുകയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മല്‍സരങ്ങളില്ല.

ബുധനാഴ്ച ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടും സൗത്താഫ്രിക്കയും ഏറ്റുമുട്ടും. വ്യാഴാഴ്ച നാവി മുംബൈ വേദിയാവുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക.
അതേസമയം, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കളിയിലേക്കു വന്നാല്‍ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ 13ാം ഓവറിനിടെ മഴയെത്തിയതോടെ മല്‍സരം 27 ഓവറാക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു.
ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യ എതിരാളികളെ വരിഞ്ഞുകെട്ടുക തന്നെ ചെയ്തു. ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ വെറും 119 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ബംഗ്ലാദേശ് നിരയില്‍ ആരും തന്നെ 40 റണ്‍സ് പോലും തികച്ചില്ല.
36 റണ്‍സെടുത്ത ഷമിന്‍ അക്തറാണ് അവരുടെ ടോപ്‌സ്‌കോറര്‍. ശോഭന മൊസ്താറി 26 റണ്‍സും നേടി. മൂന്നു വിക്കറ്റുകളെടുത്ത രാധാ യാദവും രണ്ടു പേരെ പുറത്താക്കിയ ശ്രീചരണിയും ചേര്‍ന്നാണ് അവരെ എറിഞ്ഞിട്ടത്.

മറുപടിയില്‍ ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യന്‍ ലക്ഷ്യം 27 ഓവറി 126 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. ഈ സ്‌കോറിലേക്കു ഇന്ത്യ അതിവേഗം മുന്നേറവെയാണ് ഒമ്പതാം ഓവറിലെ നാലാമത്തെ ബോളിനു പിന്നാലെ വീണ്ടും മഴയെത്തിയത്. ഈ സമയത്തു ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയിലായിരുന്നു. മഴ കനത്തതോടെ കളി ഉപേക്ഷിക്കാന്‍ അംപയര്‍ തീരുമാനിക്കുകയും ചെയ്തു.
ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ കഴിഞ്ഞ മല്‍സരത്തില്‍ മഴനിയമ പ്രകാരം ന്യൂസിലാന്‍ഡിനെ 53 റണ്‍സിനു തകര്‍ത്തതോടെയാണ് പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ കടന്നത്. ലീഗ് ഘട്ടത്തില്‍ ഇതിനകം ആറു മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ ശേഷിച്ച മൂന്നെണ്ണത്തില്‍ തോല്‍വിയും വഴങ്ങുകയായിരുന്നു.
ആദ്യ കളിയില്‍ ഡിഎല്‍എസ് നിയപ്രകാരം ശ്രീലങ്കയെ 59 റണ്‍സിനു തോല്‍പ്പിച്ച ഇന്ത്യ അടുത്ത മല്‍സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനെ 88 റണ്‍സിനും കെട്ടുകെട്ടിച്ചു. അതിനു ശേഷം തുടര്‍ച്ചയായ മൂന്നു തോല്‍വികളാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. തുടര്‍ന്നാണ് കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യയുടെ സെമി പ്രവേശനം.
പ്ലെയിങ് 11
ഇന്ത്യ- പ്രതീക റാവല്‍, സ്മൃതി മന്ദന, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.
ബംഗ്ലാദേശ്-സുമയ്യ അക്തര്‍, റുബ്യ ഹൈദര്‍ ഝലിക്, ഷര്‍മിന്‍ അക്തര്‍, ശോഭന മോസ്റ്ററി, നിഗര്‍ സുല്‍ത്താന (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷൊര്‍ണ അക്തര്‍, ഋതു മോനി, റബീയ ഖാന്‍, നഹിദ അക്തര്‍, നിഷിത അക്തര്‍ നിഷി, മറുഫ അക്തര്‍.