വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഒരോവര്‍ ബാക്കി നില്‍ക്കെ മറികടന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയുടെ മിന്നും പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹീലി 107 പന്തില്‍ 21 ഫോറും മൂന്ന് സിക്‌സും അടക്കം 142 റണ്‍സെടുത്തു.
ഫീബെ ലിച്ച്ഫീല്‍ഡ് (40), എലീസ പെറി (47*), അഷ്‌ലെഗ് ഗാര്‍ഡ്‌നര്‍ (46) എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യയ്ക്കായി നല്ലപ്പുറെഡി ചരണി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ്മയും അമന്‍ജോത് കൗറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 330 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

മികച്ച തുടക്കം കിട്ടിയത് മുതലാക്കാനായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇതിലും കൂടുതലാകുമായിരുന്നു. ഒന്നാം വിക്കറ്റില്‍ 155 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. പ്രതിക റവാള്‍ (75), സ്മൃതി മന്ദാന (80) എന്നിവരാണ് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം നല്‍കിയത്.
പിന്നാലെ എത്തിയ ഹര്‍ലിന്‍ ദിയോള്‍ (38), ഹര്‍മന്‍പ്രീത് കൗര്‍ (22), ജെമിയ റോഡിഗ്രസ് (33), റിച്ച ഘോഷ് (32) എന്നിവരും റണ്‍സ് കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായത്. ഇവര്‍ക്ക് ലഭിച്ച മികച്ച തുടക്കം മുതലാക്കാനായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നേനെ. വാലറ്റം കൂട്ടത്തോടെ കൂടാരത്തിലേക്ക് മടങ്ങിയതാണ് ഇന്ത്യന്‍ സ്‌കോര്‍ 330 ല്‍ അവസാനിക്കാന്‍ കാരണമായത്.
ഓസ്‌ട്രേലിയ്ക്ക് വേണ്ടി അന്നബെല്‍ സുതര്‍ലാന്റ് അഞ്ചും സോഫിയെ മോളിനെക്‌സ് മൂന്നും വിക്കറ്റെടുത്തു. ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. മറുഭാഗത്തു ഓസീസ് ഇലവനില്‍ ഒരു മാറ്റവും വരുത്തി.
ആദ്യത്തെ രണ്ടു മല്‍സരങ്ങിലും ജയിച്ചുകൊണ്ടാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ടീം അക്കൗണ്ട് തുറന്നത്. മഴനിയമപ്രകാരം ലങ്കയെ 59 റണ്‍സിനാണ് ഇന്ത്യ തുരത്തിയത്. ബദ്ധവൈരികളായ പാകിസ്താനായിരുന്നു രണ്ടാമത്തെ കളിയിലെ എതിരാളികള്‍. പാകിസ്താനെ 88 റണ്‍സിനു മുക്കിയാണ് ഇന്ത്യ കരുത്തുകാട്ടിയത്.
പക്ഷെ ഹാട്രിക് ജയം ലക്ഷ്യമിട്ട ഇന്ത്യക്കു പിഴച്ചു. മൂന്നം റൗണ്ടില്‍ സൗത്താഫ്രിക്കയോടു മൂന്നു വിക്കറ്റിനു ഇന്ത്യ കീഴടങ്ങുകയായിരുന്നു. ബാറ്റിങ് തകര്‍ച്ച നേരിട്ട ശേഷം റിച്ചാ ഘോഷിന്റെ (94) കിടിലന്‍ ഇന്നിങ്‌സ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നെങ്കിലും വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
പ്ലെയിങ് 11
ഇന്ത്യ- സ്മൃതി മന്ദന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ശ്രീ ചരണി.
ഓസ്‌ട്രേലിയ- അലിസ്സ ഹീലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫോബ് ലിച്ച്ഫീല്‍ഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലി ഗാര്‍ഡ്നര്‍, തഹ്ലിയ മഗ്രാത്ത്, സോഫി മോളിനക്‌സ്, കിം ഗാര്‍ത്ത്, അലാന കിംഗ്, മേഗന്‍ ഷട്ട്.