നവി മുബൈ: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു ഘട്ടത്തില്‍ പതറിയ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വമ്പന്‍ ചൂതാട്ടം. കളി കാണാനെത്തിയ ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സാക്ഷിയാക്കിയാണ് കിടിലന്‍ ക്യാപ്റ്റന്‍സിയിലൂടെ ഹര്‍മന്‍പ്രീത് ഞെട്ടിച്ചത്.
299 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. ടോസ് നഷ്ടമായിബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 298ലെത്തിയത്.
ഇതിനു ടീമിനെ സഹായിച്ചതാവട്ടെ ഷഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും ഫിഫ്റ്റികളുമാണ്. റണ്‍ചേസില്‍ സൗത്താഫ്രിക്കയെ പൂട്ടിയ ഹര്‍മന്‍പ്രീതിന്റെ മാസ്റ്റര്‍സ്‌ട്രോക്കിനെ കുറിച്ചറിയാം.

വമ്പന്‍ ചൂതാട്ടം
നാവി മുംബൈ സ്റ്റേഡിയത്തില്‍ 299 റണ്‍സ് പിന്തുടര്‍ന്ന സൗത്താഫ്രിക്ക ഓപ്പണിങ് വിക്കറ്റില്‍ 57 ബോൡല്‍ 11 റണ്‍സടിച്ചിരുന്നു. എന്നാല്‍ 15 ബോളിനിടെ രണ്ടു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. ഇതോടെ 51/0ല്‍ നിന്നും അവര്‍ രണ്ടിന് 62ലേക്കു വീണു.
പക്ഷെ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും സ്യൂന്‍ ല്യൂസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ തിരികെ കൊണ്ടു വന്നു. 51 ബോളില്‍ 52 റണ്‍സുമായി ഈ ജോടു കുതിച്ചതോട ഇന്ത്യ ശരിക്കും ബാക്ക്ഫൂട്ടിലായി. കളിയും കിരീടവും കൈവിട്ടു പോയെ എന്നു സംശയിച്ച നിമിഷങ്ങള്‍.
ഇന്ത്യന്‍ ബൗള്‍മാര്‍ക്കൊന്നും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വലിയൊരു ചൂതാട്ടം നടത്തിയത്. ഓപ്പണിങ് ബാറ്ററും ടീമിന്റെ ടോപ്‌സ്‌കോററുമായ ഷഫാലി വര്‍മയെ പാര്‍ട്ട് ടൈം ബൗളറായി ഹര്‍മന്‍പ്രീത് പരീക്ഷിക്കുകയായിരുന്നു.
21ാം ഓവിലായിരുന്നു വലംകൈ ഓഫ് ബ്രേക്ക് ബൗളറായ ഷഫാലിയെ ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചത്. ഫൈനല്‍ പോലെ ഇത്രയും വലിയൊരു മല്‍സരത്തില്‍ ഷഫാലിയെ വച്ച് പരീക്ഷണം നടത്തണമോയെന്നും കമന്ററിക്കിടെ അഭിപ്രായങ്ങളും കേട്ടു. പക്ഷെ രണ്ടാമത്തെ ബോളില്‍ തന്നെ ല്യൂസിനെ മടക്കിയ ഷഫാലി ഇവരുടെ വായടപ്പിച്ചു.
31 ബോളില്‍ നാലു ഫോറടക്കം 25 റണ്‍സുമായി മുന്നേറിയ ല്യൂസിനെ സ്വന്തം ബൗളിങില്‍ ഷഫാലി പിടികൂടിയപ്പോള്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇന്ത്യ കാത്തിരുന്ന ബ്രേക്ക്ത്രൂ കൂടിയായിരുന്നു. ഈ ജോടി അധികനേരം ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ കളി മാറിയേനെ. എന്നാല്‍ ഷഫാലിയിലൂടെ സൗത്താഫ്രിക്കയ്ക്കു ഇന്ത്യ മൂക്കുകയറിടുകയായിരുന്നു.

ഈ വിക്കറ്റിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും ഹര്‍മന്‍പ്രീതിനു അവകാശപ്പെട്ടതാണ്. കാരണം വളരെ അനായാസം സൗത്താഫ്രിക്ക റണ്‍സ് അടിച്ചെടുത്തു മുന്നേറവെ അവര്‍ക്കു മുന്നിലേക്കു ഷഫാലിയെ ഇറക്കിവിടാന്‍ അവര്‍ കാണിച്ച ധൈര്യം അപാരം തന്നെയാണ്.
തന്റെ ആദ്യ ഓവറില്‍ മാത്രമല്ല രണ്ടാമത്തെ ഓവറിലും ഷഫാലി വീണ്ടുമൊരു വിക്കറ്റ് പിഴുത. വെറ്ററന്‍ താരമായ മറിസാന്‍ കാപ്പിനെയാണ് (4) 21കാരിയായ ഇന്ത്യന്‍ താരം പുറത്താക്കിയത്. ഇതോടെ രണ്ടിന് 114ല്‍ നിന്നും സൗത്താഫ്രിക്ക പൊടുന്നനെ നാലിനു 123ലേക്കും തകര്‍ന്നു.
പ്ലെയിങ് 11
ഇന്ത്യ- സ്മൃതി മന്ദന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക താക്കൂര്‍.