നവി മുംബൈ: രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയും സൗത്താഫ്രിക്കയെ കകരയിച്ച് വീണ്ടുമൊരു ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം കരീബിയന്‍ മണ്ണില്‍ വച്ച് രോഹിത് ശര്‍മയ്ക്കു കീഴിലാണ് ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായത്. ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ അവര്‍ കൊമ്പുകുത്തിക്കുകയായിരുന്നു.
ഇപ്പോഴിതാ ഐസിസിയുടെ വനിതാ ലോകകപ്പിലും സൗത്താഫ്രിക്കയെ തുരത്തി വീണ്ടുമൊരു ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമാണ് വനിത ക്രിക്കറ്റില്‍ ഇന്ത്യ വിശ്വ വിജയികളായിരിക്കുന്നത്. സൗത്താഫ്രിക്കയെ കലാശപ്പോരില്‍ 52 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.
ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഒരു നിര്‍ണായക ക്യാച്ചെടുത്തതോടെ അമന്‍ജ്യോക് കൗറിനെ സൂര്യകുമര്‍ യാദവിനോടാണ് പലരും വിശേഷിപ്പിക്കുന്നത്. അമന്‍ജ്യോതിന്റെ ക്യാച്ചിനെ അവര്‍ വാഴ്ത്തുകയുമാണ്. എന്താണ് ഇതിനു കാരണമെന്നു നോക്കാം.

Photocredit/X
സൂര്യയും അമന്‍ജ്യോതും തമ്മിലുള്ള സാമ്യമെന്ത്?
സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയമുറപ്പിച്ച സൂര്യകുമാര്‍ യദവിന്റെ വണ്ടര്‍ ക്യാച്ച് ആരും മറന്നു കാണില്ല. സിക്‌സറെന്നുറപ്പിച്ച ഡേവിഡ് മില്ലറുടെ ഷോട്ട് ബൗണ്ടറി ലൈനനിനു തൊട്ടരികില്‍ വച്ചാണ് കണ്ണഞ്ചിക്കുന്ന ഒരു റണ്ണിങ് ക്യാച്ചിലൂടെ സൂര്യ കൈയ്ക്കുള്ളിലാക്കിയത്.
ഇന്ത്യ കളി ജയിച്ചതും ആ ക്യാച്ചോടെയാണ്. അന്നു ആ ബോള്‍ എങ്ങനെ പിടിക്കാനായെന്നു തനിക്കു ഇപ്പോഴുമറിയില്ലയെന്നും പിന്നീട് സൂര്യ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ഇത്തവണ വനിതാ ലോകകപ്പിലും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ വിജയുറപ്പിച്ചതും അമന്‍ജ്യോത് കൗറെടുത്ത മറ്റൊരു വണ്ടര്‍ ക്യാച്ചാണ്.
299 റണ്‍സ് ചയ്യെവെ സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ 42ാം ഓവറിലായിരുന്നു സംഭവം. സെഞ്ച്വറിയുമായി ടീമിനെ തനിച്ചു വിജയത്തിലേക്കു നയിച്ചു കൊണ്ടിരുന്ന ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെ 42ാം ഓവറിലെ ആദ്യ ബോളില്‍ ഇന്ത്യ മടക്കുകയായിരുന്നു.
ആറു വിക്കറ്റിനു 220 റണ്‍സെന്ന നിലയിലാാണ് സൗത്താഫിക്ക ഓവര്‍ തുടങ്ങിയത്. 101 റണ്‍സോടെ വോള്‍വാര്‍ഡും ഒമ്പതു റണ്‍സ് നേടിയ കോള് ട്രയോണുമായിരുന്നു ക്രീസില്‍. ദീപ്തി ശര്‍മയാണ് 42ാം ഓവര്‍ എറിയാനെത്തിയത്.
ആദ്യ ബോളില്‍ ഒരു സ്ലോഗ് സ്ലീപ്പ് കളിക്കാനായിരുന്നു വോള്‍വാര്‍ഡിന്റെ ശ്രമം. പക്ഷെ അതു പ്രതീക്ഷിച്ച ദൂരം താണ്ടിയില്ല. ഡീപ്പ് മിഡ് വിക്കറ്റിലില്‍ അമന്‍ജ്യോത് റണ്ണിങ് ക്യാച്ചിലൂടെയാണ് അതു വരുതിയിലാക്കിയത്.

പക്ഷെ ആദ്യ ശ്രമത്തില്‍ ബോള്‍ അമന്‍ജ്യോതിന്റെ കൈകളിലൊതുങ്ങിയില്ല. കൈയില്‍ നിന്നും തെറിച്ചുപോയ ബോള്‍ രണ്ടം ശ്രമത്തില്‍ പിടിക്കാന്‍ താരം ശ്രമിച്ചെങ്കിലും വീണ്ടും വഴുതിപ്പോയി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ബോളിനെ സുരക്ഷിതമായി കൈയ്്ക്കുള്ളിലാക്കി അമന്‍ജ്യോത് താഴേക്കു സ്ലൈഡ് ചെയ്യുകയായിരുന്നു.
സൗത്താഫ്രിക്കന്‍ നായകന്റെ ഈ പുറത്താവലോടെയാണ് ഇന്ത്യന്‍ ജയവും കിരീടനേട്ടവും ഉറപ്പായത്. അതുകൊണ്ടുതന്നെയാണ് അമന്‍ജ്യോതിന്റെ ഈ വണ്ടര്‍ ക്യാച്ചിനെ കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ സൂര്യയുടെ ക്യാച്ചിനോടും ആരാധകര്‍ ഉപമിക്കുന്നത്.