ദുബായ്: വനിതകളുടെ ഐസിസി ടി20 ലോകകപ്പിലെ കന്നിയങ്കത്തില്‍ വന്‍ പരാജയത്തോടെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മയുടെ പുരുഷ ടീം ഈ വര്‍ഷം ടി20 ലോകകപ്പില്‍ കിരീടമുയര്‍ത്തിയിരുന്നു. ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പടയും ഇതേ പ്രതീക്ഷയോടെയാണ് യുഎഇയിലെത്തിയിരിക്കുന്നത്. പക്ഷെ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ആദ്യ കളിയില്‍ അവര്‍ക്കു ലഭിച്ചിരിക്കുന്നത്.
ന്യൂസിലാന്‍ഡിനോടു 58 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. ഈ കളിയില്‍ പല പിഴവുകളും ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. എന്നാല്‍ അവയേക്കാളേറെ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത് അംപയറുടെ ഒരു തീരുമാനമാണ്. ഇന്ത്യക്കു ഒരു റണ്ണൗട്ട് നിഷേധിക്കപ്പെട്ടതാണ് സംഭവം.
ഇതേ തുടര്‍ന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഓണ്‍ഫീല്‍ഡ് അംപയര്‍മാരുമായി വാദിക്കുകയും തുടര്‍ന്നു കളി തടസ്സപ്പെടുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇന്ത്യന്‍ ആരാധകര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും അംപയറിങിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ അംപയര്‍മാര്‍ ചെയ്തതു തന്നെയാണ് ശരി. ഇതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് അറിയാം.

Screenshot
സംഭവം ഇങ്ങനെ
ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിലെ 14ാമത്തെ ഓവറിലെ അവസാനത്തെ ബോളിനു ശേഷമായിരുന്നു വിവാദ സംഭവം. സ്പിന്നര്‍ ദീപ്തി ശര്‍മയാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്. അമേലിയ കെറും (13) ക്യാപ്റ്റന്‍ സോഫി ഡിവൈനുമായിരുന്നു (18) ക്രീസില്‍. ഓവറിലെ അവസാനത്തെ ബോള്‍ നേരിട്ടത് അമേലിയയാണ്. ലോങ്ഓഫിലേക്കു ഷോട്ട് കളിച്ച് സിംഗിളും നേടി.
എന്നാല്‍ സിംഗിള്‍ പൂര്‍ത്തിയാക്കി അല്‍പ്പസമയം കഴിഞ്ഞാണ് സോഫിയും അമേലിയയും തികച്ചും അപ്രതീക്ഷിതമായി രണ്ടാമത്തെ റണ്ണിനായി ഓടിയത്. ഇതിനിടെ ലോങ്ഓഫില്‍ നിന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ത്രോയും വന്നു. സ്‌ട്രൈക്കറുടെ എന്‍ഡില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് ഇതു സ്വീകരിച്ച ശേഷം ഡൈവ് ചെയ്ത് സ്റ്റംപിലേക്കു കൊള്ളിക്കുകയും ചെയ്തു.
അമേലിയ റണ്ണൗട്ടായി ഇതോടെ തിരികെ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ പരസ്പരം ഇതേക്കുറിച്ച് സംസാരിച്ച ശേഷം അമേലിയയെ ഗ്രൗണ്ടിലേക്കു തിരികെ വിളിക്കുകയായിരുന്നു. അതു ഔട്ടല്ലെന്നും ഡെഡ് ബോള്‍ ആയതിനാല്‍ ഔട്ടിന്റെ പരിധിയില്‍ വരില്ലെന്നും അംപയര്‍മാര്‍ ഹര്‍മന്‍പ്രീതിനെ ധരിപ്പിക്കുകയായിരുന്നു.
ഇതോടെ ഹര്‍മന്‍പ്രീത് ക്ഷുഭിയാവുകയും അംപയര്‍മാരോടു ഇതേക്കുറിച്ചു വാദിക്കുകയും ചെയ്തു. ഡഗൗട്ടിലുണ്ടായിരുന്ന ഇന്ത്യന്‍ കോച്ച് അമോല്‍ മസുംദാറും ഗ്രൗണ്ടിനു അരികിലേക്കു വന്ന് മാച്ച് ഒഫീഷ്യലുകളുമായി തര്‍ക്കിക്കുന്നതും കാണാമായിരുന്നു. ഇതേ തുടര്‍ന്നു അല്‍പ്പസമയം കളി മുടങ്ങിയെങ്കിലും അംപയര്‍മാര്‍ അതു ഔട്ടല്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
എന്തുകൊണ്ട് ഔട്ടല്ല?
എന്തുകൊണ്ട് അതു റണ്ണൗട്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. ഇതിനു വ്യക്തമായ ഉത്തരവും ക്രിക്കറ്റ് നിയമാവലിയില്‍ പറഞ്ഞിട്ടുണ്ട്. ഡെഡ് ബോള്‍ (Dead Ball) നിയമത്തിലാണ് ഇതേക്കുറിച്ചു പരാമര്‍ശിക്കുന്നത്.
ക്രിക്കറ്റ് നിയമത്തിലെ 20ാം അധ്യായത്തിലാണ് ഇതേക്കുറിച്ചു പരാമര്‍ശിക്കുന്നത്. ബൗളറുടെ എന്‍ഡിലുള്ള അംപയറും ഫീല്‍ഡിങ് ടീമും രണ്ടു ബാറ്റര്‍മാരും ബോളിനെ പരിഗണിക്കുന്നത് അവസാനിപ്പിക്കുമ്പോള്‍ അതു ഡെഡ് ബോള്‍ ആയി കണക്കാക്കപ്പെടുമെന്നാണ് നിയമം.
ഈ മല്‍സരത്തിലെ സാഹചര്യത്തിലേക്കു വരികയാണെങ്കില്‍ ഓവര്‍ പൂര്‍ത്തിയായ ശേഷം ബൗളര്‍ ക്യാപ്പ് അംപയറില്‍ നിന്നും തിരികെ വാങ്ങി മടങ്ങാന്‍ ശ്രമിക്കവെയാണ് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ രണ്ടാം റണ്ണിനായി ഓടിയത്. അപ്പോള്‍ തന്നെ അതു ഡെഡ് ബോള്‍ ആയിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ് അതിനു ശേഷമുള്ള സിംഗിളാനായുള്ള ശ്രമവും തുടര്‍ന്നുള്ള റണ്ണൗട്ടുമൊന്നും നിയമത്തിന്റെ പരിധിയില്‍ വരാതിരിക്കുകയും ചെയ്തത്.