For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens T20 World Cup 2024: കപ്പുമായി മടങ്ങാന്‍ ഇന്ത്യ ഒറ്റക്കാര്യം ചെയ്താല്‍ മതി! ശ്രീയുടെ ഉപദേശം

യുഎഇയില്‍ നടക്കുന്ന ഐസിസിയുടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ചും ടീമിന്റെ ഏറ്റവും വലിയ കരുത്ത് എന്താണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. കന്നി ലോക കിരീടമെന്ന സ്വപ്‌നവുമായിട്ടാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം യുഎഇയിലെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കായിട്ടില്ല. 2020ലെ എഡിഷനില്‍ റണ്ണറപ്പായതാണ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.

ശക്തമായ ഗ്രൂപ്പിലാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ഏഷ്യാ കപ്പ് വിജയികളായ ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തിനെയും കിരീടസാധ്യതകളെക്കുറിച്ചും ശ്രീ സംസാരിച്ചത്.

SRESANTH

കപ്പുമായി മടങ്ങും

ടി20 ലോകകപ്പിനായി ഇന്ത്യ ഇത്തവണ അയച്ചിട്ടുള്ള ടീമില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും കിരീടവുമായി തന്നെ ടീം നാട്ടിലേക്കു മടങ്ങിവരുമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. വളരെ ഗംഭീരമായിട്ടുള്ള ഒരു സ്‌ക്വാഡിനെയാണ് നമുക്കു ഇത്തവണ ലഭിച്ചിട്ടുള്ളത്. വളരെ മികച്ചൊരു ക്യാപ്റ്റനാണ് ഇന്ത്യക്കുള്ളത്.

സപ്പോര്‍ട്ടിങ് സ്റ്റാഫുമാരും മിടുക്കരാണ്. ഇതിനേക്കാളെല്ലാം ഉപരി അമോല്‍ മസുംദാറെന്ന വളരെ നല്ലൊരു വ്യക്തിത്വത്തിനു ഉടമായ ആളാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ ടീം ലോകകപ്പ് ജയിച്ചു തന്നെ മടങ്ങിവരുമെന്നു തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം

ടി20 ലോകകപ്പില്‍ ഏതു ടീമിനെയും തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസം ഇന്ത്യക്കുണ്ടെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വാര്‍ത്താസമ്മേളനം കണ്ടപ്പോള്‍ ഇതു ബോധ്യമായതായും ശ്രീശാന്ത് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റനും കോച്ചും വളരെയധികം ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്. പ്രത്യേകിച്ചും ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള അവരുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയാണെങ്കില്‍ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നാണ് അവര്‍ പറഞ്ഞത്.

ഇതു തന്നെയാണ് സത്യം. വിശ്വാസം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ടീം ലോകകപ്പ് നേടുമെന്നു തനിക്കു വളരെയധികം ആത്മവിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറയുന്നു.

ഈ വര്‍ഷം ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോടു തോറ്റ ശേഷമാണ് ഇന്ത്യ ഇപ്പോള്‍ ലോകകപ്പിനായി എത്തിയിട്ടുള്ളത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള രണ്ടു സന്നാഹ മല്‍സരങ്ങളിലും ജയിച്ച് നല്ല തയ്യാറെുപ്പാണ് ടീം നടത്തിയത്.

HARMANPREET KAUR- MAZUMDAR

ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യം

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനു എടുത്തു പറയത്തക്ക ദൗര്‍ബല്യങ്ങളൊന്നുമില്ലെന്നാണ് ശ്രീശാന്തിന്റെ നിരീക്ഷണം. നിങ്ങളുടെ ദിനചര്യകളിലും പ്രവര്‍ത്തന നൈതികതയിലും വിശ്വസിക്കേണ്ടതുണ്ടന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയും ഞാന്‍ കാണുന്നില്ല.

നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കില്‍ അതു മറികടക്കാനുള്ള പ്രതിഭ നിങ്ങളുടെ ടീമിനുണ്ട്. ഓപ്പണിങ് ബാറ്റര്‍മാര്‍ മുതല്‍ മധ്യനിരയും ലോവര്‍ ഓര്‍ഡറുമെല്ലാം മികച്ചതാണ്. സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാരും നമുക്കുണ്ട്. അതുകൊണ്ടു തന്നെ ഈ ടീമിനു ഏതെങ്കിലും തരത്തിലുള്ള പോരായ്മയോ, ദൗര്‍ബല്യമോ ഉള്ളതായി തോന്നിയിട്ടില്ലെന്നും ശ്രീശാന്ത് വിലയിരുത്തി.

ഇന്ത്യന്‍ ടീമിനുള്ള ഉപദേശം

ടി20 ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിനോടു തനിക്കു ഒരേയൊരു കാര്യം മാത്രമേ പറയാനുള്ളൂവെന്നും ശ്രീശാന്ത് വ്യക്തമാക്കി. മറ്റു ടീമുകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുകയല്ല ഇന്ത്യന്‍ ടീം ചെയ്യേണ്ടത്. മറിച്ച് സ്വന്തം ടീമില്‍ മാത്രം പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കണം.

ഏതൊരു ടീമുമായി ഏറ്റമുട്ടുമ്പോഴും അത് മറ്റൊരു ബാറ്റര്‍, ബൗളര്‍ എന്ന രീതിയില്‍ മാത്രം പരിഗണിച്ചാല്‍ മതി. ഇന്ത്യന്‍ ടീം തങ്ങളുടെ യഥാര്‍ഥ കഴിവ് പുറത്തെടുക്കുകയാണെങ്കില്‍ അവര്‍ക്കു ആരും വെല്ലുവിളിയുയര്‍ത്തുമെന്നു തോന്നുന്നില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്ന രണ്ടു ടീമുകള്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, October 4, 2024, 13:21 [IST]
Other articles published on Oct 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+