ദുബായ്: വനിതകളുടെ ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഗംഭീര തിരിച്ചുവരവ് നടത്തിയിയിരിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ നടന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്താക്കിയത്. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷയും ഇന്ത്യ കാത്തുസൂക്ഷിച്ചിരിക്കുകയാണ്.
ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടു കനത്ത പരാജയമേറ്റു വാങ്ങിയതിനാല്‍ പാകിസ്താനുമായുള്ള മല്‍സരം ഇന്ത്യക്കു ഡു ഓര്‍ ഡൈ തന്നെയായിരുന്നു. ജയത്തോടെ തന്നെ ഇന്ത്യ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 106 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാക് ടീം ഇന്ത്യക്കു നല്‍കിയത്. 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ പെണ്‍പട ജയിച്ചുകയറുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മല്‍സരം ബുധനാഴ്ച രാത്രി 7.30നു ശ്രീലങ്കയ്‌ക്കെതിരേയാണ്.

ഇന്ത്യയുടെ റണ്‍ചേസ്
ഇന്ത്യയുടെ റണ്‍ചേസ് അത്ര മികച്ചതായിരുന്നില്ല. അഞ്ചാം ഓവറില്‍ തന്നെ സ്മൃതി മന്ദനയുടെ (7) വിക്കറ്റ് ഇന്ത്യക്കു നഷ്ടമായിരുന്നു. സാദിയ ഇഖ്ബാലിന്റെ ബൗളിങില്‍ തുബ ഹസനു സിംപിള്‍ ക്യാച്ച് നല്‍കിയാണ് സ്മൃതി മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 44 ബോളില്‍ 43 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഷഫാലി വര്‍മ - ജെമീമ റോഡ്രിഗസ് ജോടി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.
35 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 32 റണ്‍സ് നേടിയാണ് ഷഫാലി മടങ്ങിയത്. ടീം സ്‌കോറിലേക്കു 19 റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ജെമീമ (28 ബോളില്‍ 23) പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 29 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ദീപ്തി ശര്‍മയും (7) മലയാളി താരം സജന സജീവനും (4) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.
പാക് പടയെ എറിഞ്ഞൊക്കി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ തീരുമാനം തെറ്റായിരുന്നുവെന്നു തെളിയുക്കുന്ന ബൗളിങാണ് ഇന്ത്യ കാഴ്ചവച്ചത്. ഉജ്ജ്വലയമായി പന്തെറിഞ്ഞ പാക് ടീമിനെ ഒരിക്കലും അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത ഇന്ത്യ അവരെ ശരിക്കും വരിഞ്ഞുകെട്ടി.
പാക് ബാറ്റിങ് നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത് നിദാ ദറിനു മാത്രമാണ്. 28 റണ്‍സെടുത്ത നിദയാണ് അവരുടെ ടോപ്‌സ്‌കോററായത്. 34 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒരേയൊരു ഫോര്‍ മാത്രമേയുള്ളൂ. ഓപ്പണര്‍ മുനീബ അലി (17), സയ്ദ അറൂബ് ഷാ (14*), ക്യാപ്റ്റന്‍ ഫാത്തിമ (13) എന്നിവരാണ് പാക് ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കത്തിലെത്തിയ മറ്റു സ്‌കോറര്‍മാര്‍.
ആദ്യ ഓവറില്‍ ഗുല്‍ ഫിറോസയെ (0) പുറത്താക്കി പാകിസ്താനെ തുടക്കത്തില്‍ തന്നെ ഇന്ത്യ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യ പിടിമുറുക്കുകയായിരുന്നു. 15ാം ഓവര്‍ ആവുമ്പോഴേക്കും ഏഴു വിക്കറ്റിനു 71 റണ്‍സിലേക്കു കൂപ്പുകുത്തിയ പാക് ടീം 100 കടക്കുമോയന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ വാലറ്റക്കാരുടെ പ്രകടനം അവരെ 105 റണ്‍സിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി അരുന്ധതി റെഡ്ഡി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ശ്രേയങ്ക പാട്ടീലിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- സ്മൃതി മന്ദന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സജന സജീവന്‍, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക താക്കൂര്‍.
പാകിസ്താന്‍- മുനീബഅലി (വിക്കറ്റ് കീപ്പര്‍), ഗുല്‍ ഫിറോസ, സിദ്ര അമീന്‍, ഒമെയ്മ സൊഹെയ്ല്‍, നിദാ ദര്‍, ഫാത്തിമ സന (ക്യാപ്റ്റന്‍), തുബ ഹസന്‍, ആലിയ റിയാസ്, സയ്ദ അറൂബ് ഷാ, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍.