ഷാര്‍ജ: ഐസിസിയുടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷ തുലാസില്‍. ഗ്രൂപ്പ് എയിലെ നിര്‍ണായകയമായ അവസാന റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യയെ ഒമ്പതു റണ്‍സിനാണ് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ വീഴ്ത്തിയത്. ഇതോടെ സെമി കാണാതെ ഇന്ത്യ പുറത്താവലിന്റെ വക്കിലുമെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം ജയത്തോടെ ഓസീസ് സെമിയില്‍ കടക്കുകയും ചെയ്തു.
നാളെ നടക്കാനിരിക്കുന്ന ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ന്യൂസിലാന്‍ഡിനെ പാകിസ്താന്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്കു ഇനി സെമി പ്രതീക്ഷയുള്ളൂ. കിവികളാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യ പുറത്താവും. അവര്‍ സെമിയിലെത്തുകയും ചെയ്യും.
152 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (54*) ഫിഫ്റ്റിയോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 47 ബോളില്‍ ആറു ഫോറുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ദീപ്തി ശര്‍മ (29), ഷഫാലി വര്‍മ (20), ജെമീമ റോഡ്രിസ് (16) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 14 റണ്‍സാണ് വേണ്ടിയിരുന്നത്. പക്ഷെ അനാബെല്‍ സതര്‍ലാന്‍ഡെറിഞ്ഞ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ. നാലു വിക്കറ്റുകള്‍ നഷ്ടമവുകയും ചെയ്തു. ഇതില്‍ രണ്ടും റണ്ണൗട്ടുമായിരുന്നു.

ഓസീസിനെ പിടിച്ചുകെട്ടി
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ മികച്ച ബൗളിങിലൂടെ വലിയ സ്‌കോറില്‍ നിന്നും ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ 151 റണ്‍സ് കുറിച്ചത്. ഓസീസ് നിരയില്‍ ആരെയും ഫിഫ്റ്റി കുറിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 40 റണ്‍സെടുത്ത ഓപ്പണര്‍ ഗ്രേസ് ഹാരിസാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. 41 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറുകളടിച്ചു.
32 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ ടാഹില മഗ്രാത്തും എലിസ് പെറിയുമാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 26 ബോളുകള്‍ നേരിട്ട ടാഹില നാലു ഫോറുകളടിച്ചപ്പോള്‍ എലിസ് 23 ബോളില്‍ ഒരു ഫോറും നേടി. ഓസീസിന്റെ തുടക്കം പാളിയിരുന്നു. മൂന്നോവറില്‍ 17 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഗ്രേസ്- ടാഹില സഖ്യം ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.
ഈ ജോടി കരുത്താര്‍ജിക്കവെയാണ് ടാഹിലയെ പുറത്താക്കി ഇന്ത്യ തിരിച്ചത്. സ്പിന്നര്‍ രാധാ യാദവിനെ ക്രീസിനു പുറത്തേക്കിറങ്ങി പ്രഹരിക്കാന്‍ ശ്രമിച്ച ഓസീസ് ക്യാപ്റ്റനെ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. പിന്നീട് ഓസീസ് നിരയില്‍ മറ്റു മികച്ച കൂട്ടുകെട്ടുകളൊന്നും കണ്ടില്ല. ഇന്ത്യക്കു വേണ്ടി ആറു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരീക്ഷിച്ചത്. ഇവരില്‍ രേണുകാ സിങും ദീപ്തി ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ഷഫാലി വര്‍മ, സ്മൃതി മന്ദന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ്, രേണുക ടാക്കൂര്‍.
ഓസ്‌ട്രേലിയ- ഗ്രേസ് ഹാരിസ്, ബെത്ത് മൂണി (വിക്കറ്റ് കീപ്പര്‍), ജോര്‍ജിയ വെര്‍ഹാം, ടാഹില മഗ്രാത്ത് (ക്യാപ്റ്റന്‍), എലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നര്‍, ഫോബ് ലിഷീല്‍ഡ്, അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മൊളിനക്‌സ്, മേഗന്‍ ഷ്യൂട്ട്, ഡാര്‍സി ബ്രൗണ്‍.