ദാംബുല്ല: വനിതകളുടെ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 80 റണ്‍സെടുത്തപ്പോള്‍ 54 പന്ത് ബാക്കിയാക്കി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇന്ത്യ വിജയം കണ്ടു.
രേണുകയുടേയും രാധയുടേയും മൂന്ന് വിക്കറ്റ് ബൗളിങ് പ്രകടനവും ഷഫാലി വര്‍മയുടേയും (26*) സ്മൃതി മന്ദാനയുടേയും (55*) ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ഫൈനല്‍ ടിക്കറ്റ് നല്‍കിയത്. ഫൈനലിലെ ഇന്ത്യയുടെ എതിരാളി പാകിസ്താന്‍-ശ്രീലങ്ക സെമിയിലെ വിജയിയാണ്.
സെമി ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ബോര്‍ഡില്‍ 7 വിക്കറ്റുള്ളപ്പോള്‍ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീണു. ദിലാറ അക്തറിനെ പുറത്താക്കി രേണുക സിങ്ങാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
4 പന്തില്‍ 6 റണ്‍സാണ് ദിലാറ നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ ഇഷ്മ തന്‍ജിമ പതിയെ നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രേണുക സിങ് പുറത്താക്കി. 10 പന്തില്‍ 8 റണ്‍സാണ് ഇഷ്മക്ക് നേടാനായത്. രണ്ട് ബൗണ്ടറിയാണ് താരം നേടിയത്. ഒരുവശത്ത് മറ്റൊരു ഓപ്പണറായ മുര്‍ഷിത ഖാതും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ രേണുക സിങ് വീണ്ടും ഇന്ത്യയുടെ രക്ഷക്കെത്തി. ഷഫാലി വര്‍മക്ക് അനായാസ ക്യാച്ച് നല്‍കിയാണ് മുര്‍ഷിത മടങ്ങിയത്.

പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 3 വിക്കറ്റിന് 25 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ഒരുവശത്ത് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പിന്തുണ ലഭിക്കാതെ പോയി. റുമാന അഹമ്മദിനെ (1) രാധ യാദവ് മടക്കി. റബേയ ഖാനെ (1) പൂജ വസ്ത്രാക്കറും പുറത്താക്കി. റിതു മോനി സിംഗിളികളെടുത്ത് സ്‌ട്രൈക്ക് കൈമാറി കളിച്ചു. എന്നാല്‍ ദീപ്തി ശര്‍മയുടെ പന്തില്‍ റിച്ചാ ഘോഷിന്റെ തകര്‍പ്പന്‍ സ്റ്റംപിങ്ങില്‍ മടങ്ങി. 6 പന്തില്‍ 5 റണ്‍സാണ് റിതു നേടിയത്.
ബംഗ്ലാദേശിനെ പെട്ടെന്ന് ഓള്‍ഔട്ടാക്കാമെന്ന് ഇന്ത്യ കരുതിയെങ്കിലും ഷൊര്‍ന അക്തര്‍ അപ്രതീക്ഷിത പ്രകടനത്തോടെ റണ്‍സുയര്‍ത്തി. അവസാന ഓവറിലെ ആദ്യ പന്തില്‍ നിഗാര്‍ സുല്‍ത്താനയെ രാധ യാദവ് പുറത്താക്കി. 51 പന്ത് നേരിട്ട് 2 ഫോറടക്കം 32 റണ്‍സാണ് നിഗാര്‍ നേടിയത്. നഹിത അക്തറിനെ രാധാ യാദവ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഷൊര്‍ന അക്തര്‍ 18 പന്തില്‍ 19 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ എട്ട് വിക്കറ്റിന് 80 എന്ന ശരാശരി സ്‌കോറിലേക്ക് ബംഗ്ലാദേശ് ഒതുങ്ങി.
ഇന്ത്യക്കായി രേണുക സിങ്ങും രാധ യാദവും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു. അവസാന ഓവര്‍ രാധ യാദവ് മെയ്ഡനാക്കിയാണ് രണ്ട് വിക്കറ്റ് നേടിയത്. ദീപ്തി ശര്‍മ, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി പതിവുപോലെ വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷിഫാലി വര്‍മയും ചേര്‍ന്ന് നല്‍കിയത്. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസം റണ്‍സുയര്‍ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ഒരു വശത്ത് ഷിഫാലി പതിയെ റണ്‍സുയര്‍ത്തിയപ്പോള്‍ സ്മൃതിയാണ് തല്ലിത്തകര്‍ത്തത്. 39 പന്തില്‍ 9 ഫോറും 1 സിക്‌സുമടക്കം 55 റണ്‍സോടെ സ്മൃതി മന്ദാന പുറത്താവാതെ നിന്നു.
ഷിഫാലി വര്‍മ 28 പന്തില്‍ 2 ഫോറടക്കം 26 റണ്‍സും നേടി. 54 പന്ത് ബാക്കിയാക്കിയാണ് ഇന്ത്യ അനായാസമായി ഫൈനലിലേക്കെത്തിയത്. ബംഗ്ലാദേശിന് ഒരു സമയത്തും ആധിപത്യം കൊടുക്കാതെയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം.