Womens Asia Cup: ഇന്ത്യയോട് തോറ്റ് മടുത്ത് പാക് ടീം! വിജയഗാഥ തുടരുന്നു, കണക്കുകളിതാ
വനിതകളുടെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ അനായാസ ജയം നേടിയെടുത്തിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍പട വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സില്‍ ഇന്ത്യ പുറത്താക്കി. മറുപടിക്കിറങ്ങി 35 പന്ത് ബാക്കിയാക്കിയാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്താന് സാധിച്ചില്ല. സ്മൃതി മന്ദാനയുടേയും (45) ഷഫാലി വര്‍മയുടേയും (40) ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.
ഇതോടെ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയഗാഥ തുടരുകയാണ്. വലിയ ടൂര്‍ണമെന്റുകളില്‍ 2022മുതലുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ സീനിയര്‍ പുരുഷ, വനിതാ ടീമുകള്‍ ഒരു മത്സരത്തില്‍ പോലും പാകിസ്താനോട് തോറ്റിട്ടില്ല. 2022ലെ പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യ ജയിച്ചു. 2023ലെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പെണ്‍നിര പാകിസ്താനെ ചാരമാക്കി. 2023ലെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരത്തിന് ഫലമുണ്ടായില്ല.
അതേ സമയം സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അവസാന ടി20 ലോകകപ്പിലും ഇന്ത്യ പാകിസ്താനെ തറപറ്റിച്ചു. ഇപ്പോഴിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പെണ്‍നിര വീണ്ടും ജയം നേടിയിരിക്കുകയാണ്. 2022ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. ഇതിന് ശേഷം കളിച്ച ഒരു മത്സരത്തില്‍ പോലും ഇന്ത്യയുടെ സീനിയര്‍ ടീം പാകിസ്താനോട് പ്രധാന മത്സരങ്ങളില്‍ തോറ്റിട്ടില്ല.
2022ല്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയെ പാകിസ്താന്‍ ഞെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റിന് 137 റണ്‍സിലൊതുങ്ങിയെങ്കിലും 124 റണ്‍സില്‍ ഇന്ത്യയെ അവര്‍ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇത്. അതിനുള്ള പകരം വീട്ടലായി ഇത്തവണത്തെ മത്സരം മാറി. ഇന്ത്യയുടെ ടീം കരുത്ത് ഇത്തവണയും ശക്തമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നിനൊന്ന് മികച്ച താരനിരയാണ് ഇന്ത്യക്കുള്ളത്.

ഇന്ത്യയുടെ ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടേയും സ്മൃതി മന്ദാനയുടേയും ബാറ്റിങ്ങാണ് ഇന്ത്യക്ക് നട്ടെല്ലാവുന്നത്. ഷഫാലി വര്‍മ നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരങ്ങളിലൊരാളാണ്. 29 പന്തില്‍ 6 ഫോറും 1 സിക്‌സുമടക്കം 40 റണ്‍സാണ് താരം നേടിയത്. സ്മൃതി മന്ദാന ഇടം കൈയന്‍ ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്നു. 31 പന്തില്‍ 9 ഫോറടക്കം 45 റണ്‍സാണ് സ്മൃതി നേടിയത്. ഇവര്‍ നല്‍കിയ അടിത്തറയാണ് ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്.
ഒരു ഓവറില്‍ത്തന്നെ അഞ്ച് ബൗണ്ടറികളടക്കം നേടിയാണ് മന്ദാന കസറിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ് മന്ദാനയെന്ന് പറയാം. അവസാന വനിതാ പ്രീമിയര്‍ ലീഗില്‍ മന്ദാനക്ക് കീഴില്‍ ഇറങ്ങിയ ആര്‍സിബി കപ്പ് നേടിയിരുന്നു. ഹര്‍മന്‍പ്രീത് കൗറിന് ശേഷം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം മന്ദാനക്കാണെന്ന് പറയാം. ഗ്രൂപ്പ് എയില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ വരുന്ന മത്സരങ്ങളും ജയിച്ച് കപ്പുയര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications