ദാംബുല്ല: വനിതാ ഏഷ്യാ കപ്പില്‍ വിജയം തുടര്‍ന്ന് ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ യുഎഇയെ 78 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ യുഎഇക്ക് 7 വിക്കറ്റിന് 123 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹര്‍മന്‍പ്രീത് കൗറും (66) റിച്ചാ ഘോഷും (64*) നേടിയ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം പ്രതീക്ഷിച്ചപോലെ മികച്ചതായില്ല. ദുര്‍ബലരായ യുഎഇക്കെതിരേ തുടക്കം മുതലേ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. ഷഫാലി വര്‍മയും സ്മൃതി മന്ദാനയും വലിയ ഷോട്ടുകളോടെ തുടങ്ങിയെങ്കിലും സ്‌കോര്‍ബോര്‍ഡ് 23ല്‍ നില്‍ക്കവെ സ്മൃതി മന്ദാന പുറത്തായി. 9 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 13 റണ്‍സാണ് മന്ദാന നേടിയത്. കവിഷയെ ക്രീസില്‍ നിന്ന് കയറി കളിച്ച മന്ദാന റിനിത രജിത്തിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്.
ഷിഫാലി വര്‍മ മറുവശത്ത് വെടിക്കെട്ട് തുടര്‍ന്നു. 18 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത ഷിഫാലി വലിയ സ്‌കോറിലേക്കുയരവെ നിരാശപ്പെടുത്തുന്ന ഷോട്ട് കളിച്ച് പുറത്തായി. സമെയ്‌റ ധര്‍ണിദാര്‍ക്കയുടെ സ്ലോബോളില്‍ വിക്കറ്റ് കീപ്പര്‍ തീര്‍ത്ഥക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ ദയാലന്‍ ഹേമലതക്ക് തിളങ്ങാനായില്ല. നാല് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത ഹേമലതയെ സ്പിന്നര്‍ ഹീന ഹോട്ടാചാന്ദിനി ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
ജെമീമ റോഡ്രിഗസ് പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായി. 13 പന്തില്‍ 14 റണ്‍സെടുത്താണ് ജെമീമയുടെ മടക്കം. എന്നാല്‍ പിന്നീടൊത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റിച്ചാ ഘോഷും ചേര്‍ന്ന് യുഎഇ ബൗളര്‍മാരെ തല്ലിപ്പറത്തി.
47 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് ഹര്‍മന്‍ അടിച്ചെടുത്തത്. 140 സ്‌ട്രൈക്ക് റേറ്റില്‍ ക്യാപ്റ്റന്റെ പ്രകടനമാണ് ഹര്‍മന്‍ കാഴ്ചവെച്ചത്. റണ്ണൗട്ടായി ഹര്‍മന്‍ പുറത്തായ ശേഷം വിക്കറ്റ് കീപ്പര്‍ കൂടിയായ റിച്ചാ ഘോഷ് കടന്നാക്രമിച്ചു.

അവസാന ഓവറില്‍ അഞ്ച് ബൗണ്ടറിയടക്കം പായിച്ച റിച്ചാ ഘോഷ് 29 പന്തില്‍ 64 റണ്‍സോടെ പുറത്താവാതെ നിന്നു. 12 ഫോറും 1 സിക്‌സുമടക്കം താരം ആദ്യ ഫിഫ്റ്റിയാണ് നേടിയെടുത്തത്. 220.68 സ്‌ട്രൈക്ക് റേറ്റിലാണ് റിച്ചാ ഘോഷ് കടന്നാക്രമിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ടീം ടി20യില്‍ 200 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. അഞ്ച് വിക്കറ്റിന് 201 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
മറുപടിക്കിറങ്ങിയ യുഎഇയെ തുടക്കം മുതല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ തീര്‍ത്ത സതീഷിനെ രേണുക സിങ് പുറത്താക്കി.
12 പന്തില്‍ 1 ഫോറടക്കം 4 റണ്‍സാണ് തീര്‍ത്ത നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ റിനിത രജിത്തും നിരാശപ്പെടുത്തി. 3 പന്തില്‍ 1 ബൗണ്ടറിയടക്കം 7 റണ്‍സെടുത്ത റിനിതയെ പൂജ വസ്ത്രാക്കറാണ് മടക്കിയത്. എന്നാല്‍ ഒരുവശത്ത് ക്യാപ്റ്റന്‍ ഇഷ ഓസ അതിവേഗം റണ്‍സുയര്‍ത്തി.
എന്നാല്‍ ടോപ് ഓഡറില്‍ ആരും പിന്തുണച്ചില്ല. നാലാം നമ്പറിലിറങ്ങിയ സമെയ്‌റ 8 പന്തില്‍ 5 റണ്‍സെടുത്തും പുറത്തായി. എന്നാല്‍ ഒരുവശത്ത് ഓസ അടിച്ചുകളിച്ചു. 36 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് ഓസ നേടിയത്. താരം അപകടകാരിയായി മാറവെ തനുജ കന്‍വാറാണ് ഓസയെ മടക്കിയത്.
അഞ്ചാം വിക്കറ്റില്‍ കവിഷയം ഖുഷി ശര്‍മയും ചേര്‍ന്ന് ചെറിയ പോരാട്ടം നടത്തി. 13 പന്തില്‍ 10 റണ്‍സെടുത്ത ഖുഷിയെ പുറത്താക്കി ഇന്ത്യ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് അത്ഭുതമൊന്നും കാട്ടാന്‍ യുഎഇക്ക് സാധിക്കാതെ വന്നതോടെ ഇന്ത്യ അനായാസം വിജയം നേടി.