Womens Asia Cup: മിന്നിച്ച് മന്ദാന, പാക് ടീം ചാരം; അനായാസ ജയത്തോടെ ഇന്ത്യന്‍ 'പെണ്‍പട'
ദാംബുല്ല: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 19.2 ഓവറില്‍ 108 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. സ്മൃതി മന്ദാനയുടേയും (45) ഷഫാലി വര്‍മയുടേയും (40) പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നല്‍കിയത്.
ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാക് ടീമിന്റെ ഈ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. രണ്ടാം ഓവറില്‍ത്തന്നെ ഇന്ത്യ പാകിസ്താന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഒരു ഫോറടക്കം 5 റണ്‍സെടുത്ത ഗുല്‍ ഫിറോസയെ പുറത്താക്കി പൂജ വസ്ത്രാക്കറാണ് ആദ്യ വിക്കറ്റ് പിഴുതത്. പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ഗുല്‍ ഫിറോസ മടങ്ങിയത്. അധികം വൈകാതെ മുനീബ അലിയേയും പൂജ മടക്കി.
11 പന്തില്‍ 2 ഫോറടക്കം 11 റണ്‍സാണ് മുനീബ നേടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കി. പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ആലിയ റിയാസിനെ ശ്രേയങ്ക പാട്ടീല്‍ പുറത്താക്കി. 11 പന്ത് നേരിട്ട് 1 ഫോറടക്കം 6 റണ്‍സാണ് ആയിഷ നേരിട്ടത്. പാകിസ്താന്‍ ക്യാപ്റ്റന്‍ നിദ ദാറിനും തിളങ്ങാനായില്ല. 11 പന്തില്‍ 8 റണ്‍സെടുത്ത നിദയെ ദീപ്തി ശര്‍മ ഹേമലതയുടെ കൈയിലെത്തിച്ചു.
ഒരുവശത്ത് സിദ്ര അമീന്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തി. 35 പന്തില്‍ 3 ഫോറടക്കം 25 റണ്‍സെടുത്ത സിദ്രയെ പുറത്താക്കി രേണുക സിങ് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. സിദ്ര പുറത്താവുമ്പോള്‍ 5 വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്‍. പിന്നീടൊരു തിരിച്ചുവരവ് നടത്താന്‍ പാകിസ്താന് സാധിക്കാതെ പോയി. ഇറാം ജാവേദിനെ രേണുക സിങ് ഗോള്‍ഡന്‍ ഡെക്കാക്കി മടക്കി. തൂബ ഹസന്‍ ചെറിയൊരു കാമിയോ കാഴ്ചവെച്ചു.
19 പന്തില്‍ 3 ഫോറടക്കം 22 റണ്‍സെടുത്ത തൂബ ഹസനെ ദീപ്തി ശര്‍മ പുറത്താക്കി. എന്നാല്‍ ഒരുവശത്ത് ഫാത്തിമ സന അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മറുവശത്തെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ചു. സെയ്ദ അറൂബ് ഷാ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായി. നഷ്‌റ സദ്ധുവിനെ ദീപ്തി ശര്‍മ ഗോള്‍ഡന്‍ ഡെക്കാക്കി. സാദിയ ഇക്ബാലിനെ പൂജ്യത്തിന് പുറത്താക്കി ശ്രേയങ്കയാണ് പാക് പോരാട്ടത്തിന് അവസാനമിട്ടത്.

ഫാത്തിമ 16 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സോടെ പുറത്താവാതെ നിന്നു. എന്നാല്‍ പിന്തുണ ലഭിച്ചില്ല. ഇതോടെ 19.2 ഓവറില്‍ 108 റണ്‍സില്‍ പാകിസ്താന്‍ ഒതുങ്ങി. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും രേണുക സിങ്, പൂജ വസ്ത്രാക്കര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യ അനായാസം വിജയത്തിലേക്കെത്തി. തുടക്കം മുതല്‍ പാക് ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഷിഫാലി വര്‍മയും സ്മൃതി മന്ദാനയും കാഴ്ചവെച്ചത്. ഓവറില്‍ 10 റണ്‍റേറ്റിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളിച്ചത്.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 85ല്‍ നില്‍ക്കവെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. 31 പന്തില്‍ 9 ഫോറടക്കം 45 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് മടങ്ങിയത്. സെയ്ദ അറൂബ് ഷായെ സിക്‌സര്‍ പറത്താനുള്ള ശ്രമം ആലിയ റിയാസിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു.
വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച ഷിഫാലി വര്‍മയും വിക്കറ്റ് തുലച്ചു. 29 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സാണ് ഷഫാലി നേടിയത്. ക്രീസില്‍ നിന്ന് കയറിക്കളിച്ച ഷിഫാലി സെയീദയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് മടങ്ങിയത്.
ദയാലന്‍ ഹേമലത നന്നായി തുടങ്ങിയെങ്കിലും മോശം ഷോട്ട് കളിച്ച് വിക്കറ്റ് തുലച്ചു. 11 പന്തില്‍ 3 ഫോറടക്കം 14 റണ്‍സാണ് ഹേമലത നേടിയത്. പിന്നീട് ഹര്‍മന്‍പ്രീത് കൗറും (5) ജെമീമ റോഡ്രിഗസും (3) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications