മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരേയും നായകനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിനെയും രോഹിത് ശര്‍മയേയും ഒഴിവാക്കണമെന്ന ആവിശ്യമാണ് പലരും ഉന്നയിക്കുന്നത്. ഫിറ്റ്‌നസില്ലാത്ത, ഫോമില്ലാത്ത രോഹിത്തിനെ ഇന്ത്യയുടെ നായകനായി ഇനിയും തുടരാന്‍ അനുവദിക്കരുതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഹര്‍ഭജന്‍ സിങ്, സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ പല പ്രമുഖരും രോഹിത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രോഹിത്തിനെ മാറ്റാതെ ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കിരീടം നേടുക കടുപ്പമാണെന്ന അഭിപ്രായം ശക്തമായി ഉയരുന്നു. ഡബ്ല്യുറ്റിസി ഫൈനലില്‍ അശ്വിനെ പുറത്തിരുത്താനുള്ള തീരുമാനം മുതല്‍ മോശം ഷോട്ട് കളിച്ച് പുറത്തായതുവരെ രോഹിത്തിനെ വിമര്‍ശിക്കാനുള്ള കാരണമായി മാറുന്നു. എന്നാല്‍ രോഹിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി.

ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. ലോകകപ്പ് നേടുന്നതിലും കടുപ്പമാണ് ഐപിഎല്ലില്‍ കിരീടം നേടാനെന്നും അതുകൊണ്ട് തന്നെ രോഹിത്തിനെ വിലകുറച്ചു കാണരുതെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്. 'വിരാട് കോലി സ്ഥാനം ഒഴിയുമ്പോള്‍ ഇന്ത്യക്ക് മികച്ചൊരു നായകനെ ആവിശ്യമായിരുന്നു. രോഹിത് ശര്‍മയായിരുന്നു ആ സമയത്ത് ബെസ്റ്റ്. അഞ്ച് ഐപിഎല്‍ കിരീടമുള്ള അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.
ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തു. അതുകൊണ്ട് തന്നെ ആ സമയത്ത് രോഹിത്തായിരുന്നു നായകനാവാന്‍ ഏറ്റവും യോഗ്യന്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കളിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് നമ്മള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍ക്കുന്നത്. ടി20 ലോകകപ്പ് സെമിയില്‍ കളിച്ചു. ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ നായകനെത്തന്നെയാണ് സെലക്ടര്‍മാര്‍ നായകസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്'-ഗാംഗുലി പറഞ്ഞു.
വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരുന്നതെങ്കിലും ഐസിസി കിരീടത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ ടി20 നായകസ്ഥാനം ഒഴിയാന്‍ കോലി തീരുമാനിക്കുകയും പിന്നീട് ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും അദ്ദേഹത്തെ നീക്കുകയും ചെയ്യുകയായിരുന്നു. പകരക്കാരനായി രോഹിത് എത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നെങ്കിലും അദ്ദേഹത്തിനും ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ല. എന്നാല്‍ രോഹിത്തില്‍ വിശ്വാസമുണ്ടെന്നാണ് ഗാംഗുലി പറയുന്നത്.
' രോഹിത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അവനും എംഎസ് ധോണിയും മാത്രമാണ് ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിയിട്ടുള്ളത്. ലോകകപ്പ് നേടുകയെന്നതിനെക്കാള്‍ പ്രയാസമാണ് ഐപിഎല്ലില്‍ കിരീടം നേടാന്‍. ഐപിഎല്‍ എളുപ്പമുള്ള ടൂര്‍ണമെന്റല്ല. കാരണം 14 മത്സരങ്ങള്‍ കളിച്ചാണ് പ്ലേ ഓഫിലെത്തേണ്ടത്. എന്നാല്‍ ലോകകപ്പില്‍ നാലോ അഞ്ചോ മത്സരം കളിച്ചാല്‍ സെമിയിലേക്കെത്താനാവും. ഐപിഎല്ലില്‍ 17 മത്സരം കളിച്ചാണ് ചാമ്പ്യന്മാരാവുന്നത്'- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കെയാണ് രോഹിത് ശര്‍മ നായകനാവുന്നത്. വിരാട് കോലിയെ നായകസ്ഥാനത്തുനിന്ന് നീക്കാന്‍ ഗാംഗുലി ഇടപെട്ടുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഗാംഗുലി തന്നോട് ചോദിക്കാതെയാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് വിരാട് കോലി തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള നല്ല ബന്ധത്തിലല്ല.
രോഹിത്തിനെ ക്യാപ്റ്റനാക്കുകയെന്നത് ഗാംഗുലിയുടെ ആവിശ്യമായിരുന്നു. കോലിയെ ഒതുക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നുവെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ രോഹിത് ക്യാപ്റ്റനായപ്പോള്‍ പ്രതീക്ഷിച്ച നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടായിട്ടില്ല. രോഹിത്തിന് കീഴില്‍ ഇന്ത്യന്‍ ടീം മടിയന്മാരുടെ സംഘമായി മാറിയിരിക്കുകയാണ്. പല പ്രധാന മത്സരങ്ങളിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനായില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തോറ്റതോടെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം പ്രമുഖരടക്കം ഉന്നയിക്കുകയാണ്. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പുതിയ നായകന് കീഴില്‍ കളിക്കാനാണ് സാധ്യത. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പുവരെ ഇന്ത്യയുടെ ഏകദിന നായകനായി രോഹിത് ശര്‍മ തുടരാന്‍ സാധ്യതകളുണ്ട്.