കൂടുതല്‍ ടെസ്റ്റ് വിജയം- കോലി ലൊക റെക്കോര്‍ഡ് കുറിക്കുമോ? മുന്നില്‍ ഇവര്‍ മാത്രം!
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങളുള്ള എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡിലേക്കു മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വളരെ നേരത്തേ തന്നെ അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. ഇനി കോലിയുടെ ലക്ഷ്യം ലോക റെക്കോര്‍ഡാണ്. ടെസ്റ്റില്‍ ഏറ്റവുമധികം വിജയങ്ങളുള്ള ഓള്‍ടൈം ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം നാലാംസ്ഥാനത്തുണ്ട്.
സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്ര വിജയം നേടിക്കൊടുത്തതോടെയാണ് കോലി 40 പൂര്‍ത്തിയാക്കിയത്. സെഞ്ചൂറിയനില്‍ ഇന്ത്യയുടെ മാത്രമല്ല ഒരു ഏഷ്യന്‍ ടീമിന്റെ തന്നെ കന്നി ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്. മാത്രമല്ല സൗത്താഫ്രിക്കയില്‍ രണ്ടു ടെസ്റ്റുകളില്‍ ജയിച്ച ആദ്യ ഇന്ത്യന്‍ നായകനായും അദ്ദേഹം മാറിയിരുന്നു. ഇവിടെ കോലിയുടെ ആദ്യത്തെ ടെസ്റ്റ് വിജയം 2018-19ലെ കഴിഞ്ഞ പര്യടനത്തിലായിരുന്നു.

40ല്‍ കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍
ടെസ്റ്റില്‍ 40 കൂടുതല്‍ വിജയങ്ങളോ, അതില്‍ കൂടുതലോയുള്ള ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ വിരാട് കോലിയും അംഗമായിരിക്കുകയാണ്. 67 ടെസ്റ്റുകളിലാണ് അദ്ദേഹം ഇതുവരെ ടീമിനെ നയിച്ചത്. ഇതില്‍ 40ലും ടീം ജയിച്ചപ്പോള്‍ 16 എണ്ണത്തിലാണ് പരാജയപ്പെട്ടത്. ബാക്കിയുള്ളവ സമനിലയാവുകയും ചെയ്തു. 59.7 ആണ് കോലിയുടെ വിജയശരാശരി.
അദ്ദേഹത്തിനു തൊട്ടു മുന്നിലായി മൂന്നാമത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയാണ്. 41 ടെസ്റ്റ് വിജയങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വോയുടെ ക്യാപ്റ്റന്‍സിയില്‍ 57 ടെസ്റ്റില്‍ 41ലും ടീം വിജയം കരസ്ഥമാക്കി. തോറ്റത് വെറും ഒമ്പതെണ്ണത്തില്‍ മാത്രം. വിജയശരാശരി 71.92 ആയിരുന്നു.
ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു മുന്‍ ഇതിഹാസമായ റിക്കി പോണ്ടിങാണ് രണ്ടാമത്. 77 ടെസ്റ്റുകളില്‍ നിന്നും 48 വിജയങ്ങളാണ് പോണ്ടിങ് സ്വന്തമാക്കിയത്. 16 ടെസ്റ്റുകളില്‍ ടീം പരാജയപ്പെട്ടു. വിജയശരാശരി 62.33 ആയിരുന്നു. ലിസ്റ്റില്‍ തലപ്പത്ത് സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സമിത്താണ്. 109 ടെസ്റ്റുകളില്‍ 53 വിജങ്ങള്‍ അദ്ദേഹം സൗത്താഫ്രിക്കയ്ക്കു നേടിക്കൊടുത്തു. വിജയശരാശരി 48.6 ആയിരുന്നു. 29 ടെസ്റ്റുകളിലാണ് സ്മിത്തിനു കീഴില്‍ ടീം തോറ്റത്.

കോലിക്കു കഴിഞ്ഞേക്കും
ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിജയ റെക്കോര്‍ഡുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വിരാട് കോലി തന്റെ പേരിലാക്കാന്‍ സാധ്യത കൂടുതലാണ്. കാരണം അദ്ദേഹത്തിനു 33 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ചുരുങ്ങിയത് അഞ്ച് വര്‍ഷം കൂടിയെങ്കിലും കോലിക്കു കളിക്കാനായേക്കും. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം ചരിത്രം തിരുത്തുമെന്നുറപ്പാണ്. സ്റ്റീവ് വോ 38ാം വയസ്സിലും പോണ്ടിങ് 37ാം വയസ്സിലുമായിരുന്നു വിരമിച്ചത്. പക്ഷെ സ്മിത്ത് 33ാം വയസ്സില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
41 വിജയങ്ങളെന്ന വോയുടെ റെക്കോര്‍ഡ് സൗത്താഫ്രികയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ തന്നെ കോലി തിരുത്തിയേക്കും. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ കൂടി ജയിച്ചാല്‍ അദ്ദേഹത്തിനു അതു സാധിക്കും. വോയെ പിന്നിലാക്കി കഴിഞ്ഞാല്‍ കോലിക്കു പിന്നീട് 48 വിജയങ്ങളെന്ന പോണ്ടിങിന്റെ റെക്കോര്‍ഡ് ലക്ഷ്യമിടാം, ഇതും അധികം അകലെയല്ല. 2022ല്‍ നാട്ടില്‍ മൂന്ന് ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്.യ കളിക്കുന്നത്. ആദ്യത്തത് ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരേയാണ്. രണ്ടു ടെസ്റ്റുകളിലാണ് ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുന്നത്. നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്നു പരമ്പരകളിലും ജയിച്ചാല്‍ തന്നെ കോലിക്കു പോണ്ടിങിന്റെ റെക്കോര്‍ഡ് തിരുത്താന്‍ കഴിയും. 2023ല്‍ സ്മിത്തിന്റെ ലോക റെക്കോര്‍ഡും അദ്ദേഹം പഴങ്കഥയാക്കിയേക്കും.

സ്മിത്തിന്റെ റെക്കോര്‍ഡ്
ഏറ്റവുമധികം ടെസ്റ്റ് വിജങ്ങളെന്ന ഗ്രേയം സ്മിത്തിന്റെ ലോക റെക്കോര്‍ഡ് വിരാട് കോലിയെ സംബന്ധിച്ച് അപ്രാപ്യമല്ല. രണ്ടു സീസണുകള്‍ കൂടി ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താനായാല്‍ സ്മിത്തിനെ കോലി പിന്നിലാക്കും. 2022-23ലെയും 2023-24ലെയും ഹോം സീസണിനിടെ തന്നെ അദ്ദേഹം ലോക റെക്കോര്‍ഡിന് അവകാശിയായി മാറിയക്കും.
ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ കാര്യത്തില്‍ കോലിക്ക് അരികില്‍പ്പോലും ആരുമില്ല. 40 വിജയങ്ങളമായി അദ്ദേഹം കിങായി നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള മുന്‍ ഇതിഹാസം എംഎസ് ധോണി ഏറെ പിന്നിലാണ്. വെറും 27 ടെസ്റ്റ് വിജയങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. 60 ടെസ്റ്റുകളിലാണിത്. സൗരവ് ഗാംഗുലി (21 വിജയം, 49 ടെസ്റ്റ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (14 ജയം, 47 ടെസ്റ്റ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications